ഇന്ത്യൻ മിഡ്-സൈസ് എസ്യുവി വിപണിയിൽ മത്സരം കടുപ്പിക്കാൻ പുതിയ ടെക്ടൺ എസ്യുവി അവതരിപ്പിച്ച് നിസാൻ. ആധുനിക ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ, ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകൾ എന്നിവയുമായാണ് ടെക്ടൺ അവതരിപ്പിച്ചിരിക്കുന്നത്. 10.49 ലക്ഷം മുതൽ 18.59 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്വാഗൺ ടൈഗൺ, സ്കോഡ കുഷാഖ് തുടങ്ങിയ മോഡലുകൾക്ക് ടെക്ടൺ ഒരു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
റിനോ ഡസ്റ്ററിന്റെ സിഎംഎഫ്-ബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ടെക്ടൺ, നിസാന്റെ ആഗോള എസ്യുവി ഡിസൈൻ ശൈലിയാണ് പിന്തുടരുന്നത്. സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, കരുത്തുറ്റ ബമ്പർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നുണ്ട്.
ഇന്റീരിയറിലും ആധുനിക സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ വാഹനത്തിൽ ലഭ്യമാണ്.
ഗൂഗിൾ ബിൽറ്റ്-ഇൻ സേവനങ്ങളും ഓവർ-ദി-എയർ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും വാഹനത്തെ കൂടുതൽ സ്മാർട്ടാക്കുന്നു. എൻജിൻ വിഭാഗത്തിൽ 1.3 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ ഓപ്ഷനുകൾ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട്-റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ ഉയർന്ന വകഭേദങ്ങളിൽ ലഭ്യമാകും.
21,000 രൂപ ടോക്കൺ തുകയോടെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ എസ്യുവി വിപണിയിൽ നിസാന്റെ തിരിച്ചുവരവിന് നിർണായക മോഡലായാണ് ടെക്ടണിനെ വിലയിരുത്തുന്നത്.




