വിപണിയില്‍ കുതിപ്പ്
ഇറാന് സമാധാന കരാര്‍ അവസാനിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. സെന്‍സെക്സ് 827 പോയന്റ് ഉയര്‍ന്ന് 77,569.39എത്തി. നിഫ്റ്റി 244 പോയന്റ് മുന്നേറ്റത്തോടെ 24,206 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരുടെ വിപണി മൂലധനത്തില്‍ 6 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപകമാവില്ലെന്ന പ്രതീക്ഷയാണ് വിപണി വെച്ചുപുലര്‍ത്തുന്നത്. ഒപ്പം മികച്ച പാദ ഫലങ്ങളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ടിസിഎസ് ജൂണ്‍ പാദ ഫലങ്ങളാണ് വിപണിക്ക് ആവേശമായിരിക്കുന്നത്. ടിസിഎസിന്റെ മികച്ച റിസല്‍ട്ടിന്റെ കരുത്തില്‍ ഐടി സൂചിക ഇന്ന് 2 ശതമാനത്തോളം മുന്നേറി.
മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കുതിച്ചു. 7.48% നേട്ടത്തോടെ 476 ലേക്കാണ് കല്യാണ്‍ ഓഹരിവില എത്തിയിരിക്കുന്നത്. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലും ഓട്ടോ ഓഹരികള്‍ പിടിച്ചു നിന്നു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്ത സാഹചര്യത്തില്‍ മെറ്റല്‍ ഓഹരികളും നില മെച്ചപ്പെടുത്തുകയാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 1.5 ശതമാനത്തോളം കുതിച്ചു.
ചര്‍ച്ചകള്‍ തുടരുന്നു
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നേരിയ അയവുണ്ട്. ഇടനിലക്കാര്‍ സമാധാന ചര്‍ച്ചകള്‍ സജീവമാക്കിയതോടെ ഇറാനും യുഎസും പരസ്പരമുള്ള ആക്രമണങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. കനത്ത ജാഗ്രതക്കിടെ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ വലിയ ഇടിവ് ദൃശ്യമാണ്. യുദ്ധത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മൃതദേഹം ഇറാനിലെ മഷാദ് നഗരത്തില്‍ ഇന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്തു.
സംഘര്‍ഷ സാധ്യതക്കിടെ ക്രൂഡ് ഓയില്‍ വില മുകളിലേക്കാണ്. ബ്രെന്റ് ക്രൂഡ് വില 76.65 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 72.3 ഡോളറിലേക്കും ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4,098 ഡോളറിലേക്ക് താഴ്ന്നു. അതേസമയം കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,275 രൂപയിലെത്തി. പവന് 280 രൂപ വര്‍ധിച്ച് 1,06,200 രൂപയാണ് ഇന്നത്തെ വില.
മോദി ന്യൂസിലന്‍ഡില്‍
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലെത്തി. പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സനുമായി കൂടിക്കാഴ്ച നടത്തി സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധ സഹകരണം, നിക്ഷേപം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളിലെ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഇന്‍ഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന സഹകരണവും കൂടിക്കാഴ്ചയുടെ പ്രധാന അജന്‍ഡകളിലൊന്നാണ്.
എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ ഇനി വിതരണം ചെയ്യില്ലെന്ന് കേന്ദ്രം
ഇ20 എഥനോള്‍ ചേര്‍ത്ത പെട്രോളിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും കലര്‍പ്പില്ലാത്ത പെട്രോള്‍ തിരികെ കൊണ്ടുവരണം എന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളി. രാജ്യമൊട്ടാകെ ഇ20യും സാധാരണ പെട്രോളും ഒരേസമയം വിതരണം ചെയ്യുന്നത് ലോജിസ്റ്റിക്സിലും വിതരണ ശൃംഖലയിലും വലിയ വെല്ലുവിളികളും അധിക ചെലവും സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വാഹന നിര്‍മാതാക്കള്‍ ഇ20 ക്ക് അനുയോജ്യമായ എന്‍ജിനുകള്‍ വികസിപ്പിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




