എല്‍പിജി പൈപ്പ്ലൈന് ശൃംഖല 9,500 കിലോമീറ്ററിലേക്ക്
രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ഏകദേശം 1,800 കിലോമീറ്റര്‍ പുതിയ എല്‍പിജി പൈപ്പ്ലൈന് ശൃംഖല സ്ഥാപിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്കി. ഏകദേശം 7,000 കോടി രൂപയാണ് നിക്ഷേപം. തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ മൂന്ന് പദ്ധതികളാണ് നടപ്പാക്കുക. ഇതോടെ രാജ്യത്തെ കോമണ്‍-കാരിയര്‍ എല്‍പിജി പൈപ്പ്ലൈന് ശൃംഖല 7,700 കിലോമീറ്ററില്‍ നിന്ന് ഏകദേശം 9,500 കിലോമീറ്ററായി (23.5%) വര്‍ധിക്കും. റോഡ് മാര്‍ഗമുള്ള എല്‍പിജി നീക്കം കുറയ്ക്കാനും ചെലവ്, അപകടസാധ്യത, ഗതാഗതക്കുരുക്ക്, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനുമാണ് ലക്ഷ്യം.
മൗറീഷ്യസിന്റെ ഊര്‍ജ ദാതാവായി ഇന്ത്യ
ഇന്ത്യയും മൗറീഷ്യസും അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല ഇന്ധന വിതരണ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം മൗറീഷ്യസിന്റെ പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എന്നിവയുടെ മുഴുവന്‍ ഇറക്കുമതി ആവശ്യവും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നിറവേറ്റും. ഇന്ത്യയിലെ ഒരു പൊതുമേഖലാ എണ്ണ വിപണന കമ്പനി സമീപകാലത്ത് ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള രാജ്യവുമായി ഒപ്പിടുന്ന ആദ്യ ദീര്‍ഘകാല ഇന്ധന വിതരണ കരാറാണിത്. ഇന്ത്യയ്ക്ക് നിലവില്‍ 23 റിഫൈനറികളിലായി പ്രതിവര്‍ഷം ഏകദേശം 267 ദശലക്ഷം ടണ്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. കരാര്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ ഊര്‍ജതന്ത്രപരമായ പ്രാധാന്യം ശക്തിപ്പെടുത്തുന്നതാണ്.
ഹോര്‍മുസ് യുഎസിന്റേതെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും താന്‍ അതിനെ ഇപ്പോള്‍ ”അമേരിക്കന്‍ പ്രദേശം” ആയി കാണുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന് ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇറാനുമായി കരാറിലെത്താന്‍ അമേരിക്കയ്ക്ക് തിടുക്കമില്ലെന്നും, ഇറാന് ചര്‍ച്ചയ്ക്ക് താല്പര്യമുള്ളതായും ട്രംപ് പറഞ്ഞു.
ഓരോ ഡോളറിനും തിരിച്ചടിക്കുമെന്ന് കാര്‍ണി
വ്യാപാരകരാറിനായുള്ള ചര്‍ച്ചകള്‍ അവസാന നിമിഷം വരെ നീണ്ടെങ്കിലും ധാരണയാകാതെ പോയതോടെ കാനഡയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉല്‍പ്പന്നങ്ങളെ പുതിയ തീരുവ ബാധിക്കും. ഇതിന് മറുപടിയായി അമേരിക്ക ഏര്‍പ്പെടുത്തുന്ന ഓരോ ഡോളര്‍ തീരുവയ്ക്കും തുല്യമായ തിരിച്ചടി നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. അവസാന നിമിഷം അമേരിക്ക നിര്‍ദേശിച്ച വ്യവസ്ഥകള്‍ അന്യായവും സാമ്പത്തികമായി യുക്തിരഹിതവുമാണെന്ന് കാര്‍ണി ആരോപിച്ചു. ഇതോടെ അമേരിക്ക-കാനഡ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്.
ആറ്റംബെര്‍ഗ് ഐപിഒ വരുന്നു
ബിഎല്‍ഡിസി ഫാനുകളുമായി സമീപകാലത്ത് തരംഗം സൃഷ്ടിച്ച സീലിംഗ് ഫാന്‍ നിര്‍മാതാക്കളായ ആറ്റംബെര്‍ഗ് ഐപിഒയിലൂടെ 450 കോടി രൂപയുടെ പുതിയ ഓഹരികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. കൂടാതെ നിലവിലെ നിക്ഷേപകര്‍ 7.65 കോടി ഓഹരികള്‍ വരെ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. സമാഹരിക്കുന്നതില്‍ 150 കോടി രൂപ ബ്രാന്‍ഡ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും 100 കോടി രൂപ ഗവേഷണ-വികസനത്തിനും 90 കോടി രൂപ വായ്പ തിരിച്ചടയ്ക്കാനുമാണ് മാറ്റിവെച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 34.8 ശതമാനം ഉയര്‍ന്ന് 1,293.8 കോടി രൂപയായെങ്കിലും, നഷ്ടം 26.8 ശതമാനം വര്‍ധിച്ച് 148.9 കോടി രൂപയായി.




