ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും ലോകം മറ്റൊരു വൻ യുദ്ധത്തിലേക്ക് തള്ളിവിടപ്പെടാനും സാധ്യതയുള്ള ഒരു വലിയ സാമ്പത്തിക പോരാട്ടത്തിനാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ആക്രമണത്തിന് തുനിഞ്ഞിറങ്ങുമ്പോൾ, പേർഷ്യൻ ഗൾഫ് മേഖല വീണ്ടും ഒരു പൊട്ടിത്തെറിയുടെ അരികിലെത്തിയിരിക്കുകയാണ്.
പൂർണമായും ഒറ്റപ്പെടുത്തൽ ലക്ഷ്യം
ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താൻ അമേരിക്ക കടുത്ത നടപടികൾക്ക് ഒരുങ്ങുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ ഗൾഫ് മേഖലയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഇറാന്റെ വരുമാന മാർഗങ്ങളായ എണ്ണ വ്യാപാരം, കള്ളക്കടത്ത്, അനധികൃത ബാങ്കിംഗ് ഇടപാടുകൾ എന്നിവ പൂർണ്ണമായും അടച്ചുപൂട്ടി ടെഹ്റാനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരിക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇറാന് കപ്പൽ വഴിയോ ബാങ്കുകൾ വഴിയോ വ്യാപാര സഹായങ്ങൾ നൽകുന്ന ഏത് രാജ്യവും കടുത്ത യു.എസ് നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭരണകൂടം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിലവിൽ തന്നെ തുടർച്ചയായ ഉപരോധങ്ങൾ, കടുത്ത വിലക്കയറ്റം, സമീപകാലത്തെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ എന്നിവ കാരണം തകർന്നുനിൽക്കുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പൂർണമായും കത്രികപൂട്ടിലാക്കും വിധം ഈ സാമ്പത്തിക ഡി-ഡേ മാറിയേക്കാം.
തിരിച്ചടിക്കും
എന്നാൽ അമേരിക്കയുടെ ഈ സാമ്പത്തിക സമ്മർദ്ദ തന്ത്രത്തിന് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ഇറാൻ, ഉപരോധം ശക്തമാക്കിയാൽ ആഗോള എണ്ണ വിതരണത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി തടയുമെന്നും, അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങളുടെ നടപടികളെ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും തിരിച്ചടിച്ചിട്ടുണ്ട്. തിരിച്ചൊരു സൈനിക നീക്കമുണ്ടായാൽ അതി ശക്തമായി നേരിടുമെന്ന് യു.എസും വ്യക്തമാക്കിയതോടെ, സാമ്പത്തിക യുദ്ധം പേർഷ്യൻ ഗൾഫ് മേഖലയെ വൻ സൈനിക സംഘർഷത്തിലേക്ക് തള്ളിയിടുമോ എന്ന ഭീതിയിലാണ് ലോകം.
ഉപരോധം പുത്തരിയല്ല
1979-ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിനും യു.എസ് എംബസിയിലെ ബന്ദികളാക്കൽ സംഭവത്തിനും ശേഷമാണ് അമേരിക്ക ആദ്യമായി ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തുന്നത്. അതിനുശേഷം, കഴിഞ്ഞ 47 വർഷങ്ങളായി (1979 മുതൽ 2026 വരെ) വിവിധ കാരണങ്ങളാൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇറാന് മേലുള്ള സാമ്പത്തികവും വ്യാപാരപരവുമായ വിലക്കുകൾ ഘട്ടംഘട്ടമായി കർശനമാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ദീർഘകാലമായി ഉപരോധങ്ങൾ തുടരാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. ഒന്നാമതായി, അനുമതിയില്ലാതെ ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാൻ ശ്രമിക്കുന്നു എന്ന അമേരിക്കയുടെയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെയും ആരോപണമാണ്. രണ്ടാമതായി, മിഡിൽ ഈസ്റ്റിലെ ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകൾക്ക് ഇറാൻ സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നതിലൂടെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന യു.എസ് നിലപാടാണ്. മൂന്നാമതായി, പേർഷ്യൻ ഗൾഫിലെ എണ്ണക്കപ്പലുകൾക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ബാലിസ്റ്റിക് മിസൈൽ വികസനവും സൈനിക നീക്കങ്ങളുമാണ്. നാലാമതായി, സ്വന്തം രാജ്യത്ത് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കാരണങ്ങളാൽ ഇറാന്റെ എണ്ണ കയറ്റുമതി, അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവ തടഞ്ഞുകൊണ്ട് അവരുടെ സാമ്പത്തിക ശേഷിയെ നിർവീര്യമാക്കാനാണ് അമേരിക്ക ഇത്രയും കാലമായി ശ്രമിക്കുന്നത്.




