ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ), സോഷ്യല്‍ മീഡിയയിലൂടെ രജിസ്ട്രേഷന് ഇല്ലാതെ ലൈവ് ട്രേഡിംഗ് ടിപ്പുകളും ഉപദേശങ്ങളും നല്‍കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
യൂട്യൂബ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ആള്‍ക്കാര്‍ക്ക് ‘തത്സമയ സ്റ്റോക്ക് ടിപ്പുകള്‍’ നല്കുന്ന പല ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും സെബിയുടെ ഔദ്യോഗിക അംഗീകാരമോ രജിസ്ട്രേഷനോ ഇല്ല. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയിലൂടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഓഹരി വിപണിയെക്കുറിച്ചും സംസാരിക്കുന്നവരാണ് ‘ഫിന്‍ഫ്ളുവന്‍സര്‍മാര്‍’. ഇതില്‍ പലരും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന വ്യാജേനയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.
നിയമവിരുദ്ധമായ ഉപദേശങ്ങള്‍
ഇന്ത്യയില്‍ ഓഹരി വിപണിയില്‍ ഏതൊക്കെ ഓഹരികള്‍ വാങ്ങണം അല്ലെങ്കില്‍ വില്‍ക്കണം എന്ന് ഉപദേശം നല്കാന് സെബി രജിസ്റ്റേഡ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ അല്ലെങ്കില്‍ റിസര്‍ച്ച് അനലിസ്റ്റ് ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേര്‍ക്കും ഈ ലൈസന്‍സ് ഇല്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിലൂടെ ചെറുകിട നിക്ഷേപരെ കുഴിയില്‍ ചാടിക്കാനാണ് പല ഫിന്ഫ്ളുവന്സര്മാരും ശ്രമിക്കുന്നത് എന്നാണ് സെബിയുടെ വാദം.
ലൈവ് സ്ട്രീമിംഗിലൂടെ ‘ഇപ്പോള്‍ ഈ ഓഹരി വാങ്ങൂ, കുറച്ചു കഴിയുമ്പോള്‍ വില്‍ക്കൂ’ എന്നിങ്ങനെ തത്സമയ നിര്‍ദേശങ്ങള്‍ നല്കി തങ്ങളുടെ ഫോളോവേഴ്സിനെക്കൊണ്ട് വലിയ തുക ഇവര്‍ നിക്ഷേപിപ്പിക്കുന്നു.
ചില ഇന്‍ഫ്ളുവന്‍സര്‍മാര്‍ കുറഞ്ഞ വിലയുള്ള ഏതെങ്കിലും ഓഹരികള്‍ ആദ്യം കുറഞ്ഞ വിലയ്ക്ക് വാങ്ങിവെക്കും. ശേഷം തങ്ങളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ആളുകളോട് അത് വാങ്ങാന്‍ പറയും. ആളുകള്‍ കൂട്ടത്തോടെ വാങ്ങുമ്പോള്‍ വില ഉയരുകയും, ഇന്‍ഫ്ളുവന്‍സര്‍മാര്‍ തങ്ങളുടെ ലാഭമെടുത്ത് ഓഹരികള്‍ വിറ്റ് മാറുകയും ചെയ്യും. ഇത് കാരണം സാധാരണ നിക്ഷേപകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നു.
സെബിയുടെ പുതിയ കര്‍ശന നിയമങ്ങള്‍
തത്സമയ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
എജ്യൂക്കേഷണല്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നവര്‍ ലൈവ് അല്ലെങ്കില്‍ തൊട്ടുമുമ്പുള്ള മാര്‍ക്കറ്റ് ഡാറ്റ കാണിക്കാന്‍ പാടില്ല. കുറഞ്ഞത് 3 മാസം പഴയ ഡാറ്റ മാത്രമേ ക്ലാസുകള്‍ക്കായി ഉപയോഗിക്കാവൂ.
സെബി അംഗീകൃത സ്ഥാപനങ്ങള്‍ക്ക് വിലക്ക്
സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍മാരോ സ്ഥാപനങ്ങളോ ഇത്തരത്തിലുള്ള രജിസ്ട്രേഷന് ഇല്ലാത്ത ഇന്‍ഫ്ളുവന്‍സര്‍മാരുമായി പരസ്യങ്ങള്‍ക്കോ ബിസിനസ്സ് പങ്കാളിത്തങ്ങള്ക്കോ കരാറില്‍ ഏര്‍പ്പെടരുത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യല്‍
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ടെലിഗ്രാം ഗ്രൂപ്പുകളും നേരിട്ട് നീക്കം ചെയ്യാന്‍ സെബിക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ട്. അനധികൃതമായി ഉപദേശം നല്കി പണം സമ്പാദിച്ച പല മുന്‍നിര ഫിന്ഫ്ളുവന്സര്മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, വിപണിയില്‍ നിന്ന് വിലക്കുകയും, കോടികളുടെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
സാധാരണക്കാര്‍ എന്ത് ശ്രദ്ധിക്കണം?
സോഷ്യല്‍ മീഡിയയിലെ മോഹനസുന്ദര വാഗ്ദാനങ്ങളില്‍ വീഴരുത്. ‘100% ഉറപ്പായ ആദായം’ തുടങ്ങിയവ കുഴികളില്‍ വീഴരുത്.
ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ക്ക് സെബിയുടെ രജിസ്ട്രേഷന് നമ്പര്‍ ഉണ്ടോ എന്ന് സെബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കുക.
ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക.
ഇത്തരം ‘വിദഗ്ദ്ധര്‍’ എന്ന് അവകാശപ്പെടുന്നവരുടെ വാക്കുകേട്ട് തുടക്കക്കാരായ നിക്ഷേപകരും സാധാരണക്കാരും വന്‍തുക ഓഹരികളില്‍ നിക്ഷേപിക്കുകയും വലിയ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യുന്നത് തുടരുന്നത് കൊണ്ടാണ് സെബി കര്‍ശന നിലപാട് എടുക്കുന്നത്. മുന്നറിയിപ്പുകള്‍ക്ക് ശേഷവും, ഫിന്ഫ്ളുന്സര്മാര് ഇത് തുടര്‍ന്നാല്‍ നടപടി എടുക്കും.
അംഗീകൃതമല്ലാത്ത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് അപകടകരമാണ് എന്ന കാര്യം പല തവണ ഇതിന് മുന്‍പും സെബി മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും തട്ടിപ്പ് കേസുകള്‍ കൂടുന്നതിനാലാണ് കര്‍ശന നടപടികളിലേക്ക് സെബി കടക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




