ലോക വിപണിയില്‍ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍, സാധാരണക്കാരായ നിക്ഷേപകരും ഉപഭോക്താക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് ഈ പെട്ടെന്നുള്ള മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങളിലേക്കാണ്. അമേരിക്കന്‍ സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വര്‍ണത്തെ വീണ്ടും ഏറ്റവും മികച്ച നിക്ഷേപമാക്കി മാറ്റിയിരിക്കുന്നു. എന്തൊക്കെയാണ് സ്വര്‍ണത്തിന് പെട്ടെന്ന് ഇത്രയും തിളക്കം കൂട്ടിയ ആ പ്രധാന ഘടകങ്ങള്‍?
ഡോളര്‍ ദുര്‍ബലം
യു.എസ് ഡോളര്‍ ദുര്‍ബലമായതും യു.എസ് ട്രഷറി ബോണ്ടുകളുടെ ലാഭവിഹിതം കുറഞ്ഞതുമാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയ പ്രധാന കാരണം. ദീര്‍ഘകാല കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്ന പദ്ധതി വിപുലീകരിക്കുമെന്ന് യു.എസ് ട്രഷറി പ്രഖ്യാപിച്ചതോടെയാണ് ബോണ്ട് വരുമാനത്തില്‍ ഈ ഇടിവ് ഉണ്ടായത്. ബാങ്കില്‍ പണം ഇട്ടാല്‍ പലിശ കുറയുമ്പോള്‍ ആളുകള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണം വാങ്ങാന്‍ തുടങ്ങുന്നതുപോലെയാണിത്. അമേരിക്കന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തിരികെ വാങ്ങാന്‍ തുടങ്ങിയതോടെ അവയില്‍ നിന്നുള്ള ലാഭവിഹിതം കുറഞ്ഞു. ഒപ്പം അമേരിക്കന്‍ ഡോളറിന്റെ മൂല്യവും ഇടിഞ്ഞു. ബാങ്കിലോ ബോണ്ടുകളിലോ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം കിട്ടില്ലെന്നും ഡോളറിന്റെ ശക്തി കുറയുകയാണെന്നും മനസ്സിലാക്കിയ ലോകമെമ്പാടുമുള്ള വന്‍കിട നിക്ഷേപകര്‍, തങ്ങളുടെ പണം കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണത്തിലേക്ക് മാറ്റി നിക്ഷേപിക്കാന്‍ തുടങ്ങി. ഇങ്ങനെ പെട്ടെന്ന് എല്ലാവരും ഒരുമിച്ച് സ്വര്‍ണം വാങ്ങാന്‍ കൂട്ടത്തോടെ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായത്.
സാധാരണയായി, ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമായി മാറുന്നു. കൂടാതെ, ബോണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനം കുറയുമ്പോള്‍ നിക്ഷേപകര്‍ പലിശ തരാത്ത, എന്നാല്‍ സുരക്ഷിതമായ സ്വര്‍ണത്തിലേക്ക് തങ്ങളുടെ പണം മാറ്റാന്‍ തുടങ്ങുന്നു. ഇത് സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.
കേന്ദ്ര ബാങ്കുകള്‍ക്കും സ്വര്‍ണം ഇഷ്ടം
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിക്കുന്നത് തുടരുന്നതാണ് മറ്റൊരു കാരണം. സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുകയാണ്.
ഇതിനുപുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധഭീതിയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്നു. സാമ്പത്തികമോ രാഷ്ട്രീയമോ ആയ അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ എന്നും ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമായി കരുതുന്നത് സ്വര്‍ണത്തെയാണ്. എന്നാല്‍ ഇറാന് യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണ വില കുറഞ്ഞിരുന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വിറ്റഴിച്ചതാണ് ഇതിനു കാരണം എന്നാണ് പൊതുവെയുള്ള അനുമാനം. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേന്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. 50 വര്‍ഷത്തെ കണക്കെടുത്താല്‍ ഇപ്പോഴാണ് കേന്ദ്ര ബാങ്കുകളുടെ പക്കല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണം 5 വര്‍ഷത്തില്‍ ഇരട്ടിക്കുമോ?
വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡോളറിന് പകരം സ്വര്‍ണം വന്‍തോതില്‍ വാങ്ങി കൂട്ടുന്നതുമൂലം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 8,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഡൊയിച്ചേ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക ഉപരോധ ഭീഷണികളും കാരണം രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ഡോളറിന്റെ വിഹിതം കുറയ്ക്കുകയും സ്വര്‍ണത്തിന്റെ അളവ് 40 ശതമാനം വരെ കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. രാജ്യങ്ങള്‍ ഡോളറിനേക്കാള്‍ സുരക്ഷിത താവളമായി സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍, കേവലം പണപ്പെരുപ്പത്തിന്റെ പേരില്‍ മാത്രമല്ല, ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന ഈ വലിയ ഘടനാപരമായ മാറ്റമാണ് സ്വര്‍ണത്തിന് ചരിത്രപരമായ വിലക്കയറ്റം നല്കാന് പോകുന്നത്.




