ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. എണ്ണവില ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇടിവുണ്ടായത്. സെൻസെക്സ് 250 പോയിന്റ് താഴെയെത്തി. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 24,000ന് താഴേക്ക് വീഴുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ബ്രെന്റ് ക്രൂഡ് ഓയിൽ ആണ്. ബാരലിന് 92 ഡോളറിലേക്ക് അടുക്കുകയാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റതും സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്.
ഇറാനുമായി നിലവിൽ യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. അതേസമയം, തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് അനുമതി നൽകൂ എന്ന നിലപാടിലാണ് ഇറാൻ.
കോൾ ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, പവർ ഗ്രിഡ് കോർപറേഷൻ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് വിപണിയിൽ പ്രധാനമായും നഷ്ടം നേരിടുന്നത്. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡ് ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.
യുഎസ് ട്രഷറി യീൽഡ് ഉയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളെ വിദേശ നിക്ഷേപകർക്ക് താരതമ്യേന ആകർഷകമല്ലാതാക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൂടുതൽ പിൻവലിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വിപണിയിലെ സമ്മർദം കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




