പ്രതികൂല കാലാവസ്ഥയും എൽ നിനോയെ തുടർന്നുണ്ടായ വരൾച്ചയും കണക്കിലെടുത്ത് പനാമ കനാലിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ അധികൃതരുടെ തീരുമാനം. കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോടെ ആഗോള ഷിപ്പിംഗ് മേഖലയിലും വ്യാപാര രംഗത്തും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ഒരു ദിവസം 36 കപ്പലുകള്‍ക്കാണ് നിലവില്‍ പനാമ കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാൽ, സെപ്റ്റംബർ 15 മുതൽ പ്രതിദിനം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം 32 ആയി കുറയ്ക്കുമെന്ന് പനാമ കനാൽ അതോറിറ്റി കപ്പൽ കമ്പനികളെ അറിയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ സെപ്റ്റംബർ 3 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാനും അധികൃതർ തീരുമാനിച്ചു.
സമുദ്രോപരിതല താപനില ഉയരുന്നതിനെ തുടർന്നുണ്ടാകുന്ന എൽ നിനോ പ്രതിഭാസമാണ് പനാമയിലെ മഴക്കുറവിന് പ്രധാന കാരണങ്ങളിലൊന്ന്. ആഗോള കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടയാക്കുന്ന എൽ നിനോ ഇത്തവണ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കൂടി ശക്തമാകുന്നതോടെ ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ഇറാൻ യുദ്ധത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് മേഖലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയായി മാറുന്നത്.
സേവനങ്ങൾ തടസമില്ലാതെ തുടരുന്നതിനും ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം സംരക്ഷിക്കുന്നതിനുമാണ് കപ്പൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മധ്യ അമേരിക്കയിൽ മഴക്കാലം ആരംഭിച്ചിട്ടുണ്ടെങ്കിലും, പനാമ കനാലിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കനാൽ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള വിവിധ നടപടികൾ ഇതിനകം തന്നെ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
കപ്പലുകളുടെ യാത്രാദൂരവും സമയവും ഗണ്യമായി കുറയ്ക്കുന്നതാണ് അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന പനാമ കനാൽ. വർഷം മുഴുവൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മനുഷ്യനിർമിത ജലപാതയിലൂടെ പ്രതിവർഷം ഏകദേശം 14,000 കപ്പലുകൾ കടന്നുപോകുന്നുണ്ട്. ആഗോള വ്യാപാരത്തിന്റെ പ്രധാന ഗതാഗതപാതകളിലൊന്നായ പനാമ കനാൽ, പനാമയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ്. കനാലിൽ നിന്നായി രാജ്യത്തിന് പ്രതിവർഷം ഏകദേശം 300 കോടി ഡോളർ വരുമാനം ലഭിക്കുന്നതായാണ് കണക്കാക്കുന്നത്.
English Summary
Authorities have decided to restrict ship traffic through the Panama Canal due to adverse weather conditions and drought caused by the El Niño phenomenon. The reduction in the number of vessels is expected to further intensify challenges for the global shipping and trade sectors. Currently, up to 36 vessels are permitted to transit the Panama Canal each day. However, the Panama Canal Authority has informed shipping companies that the number will be reduced to 32 vessels per day from September 15. The new restrictions will be implemented in phases starting September 3.




