ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തങ്ങളുടെ കമ്പനിയുടെ ഓഹരികള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് വില്ക്കാന് ഒരുങ്ങുകയാണ്. ഇതിനായി എന്‍എസ്ഇ സ്വന്തം കമ്പനിക്ക് ലക്ഷ്യമിടുന്ന മൂല്യം 55 ബില്യണ്‍ യുഎസ് ഡോളറാണ്; ഏകദേശം 5.26 ലക്ഷം കോടി രൂപ. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ പോക്ക് ഏത് ഭാഗത്തേക്കാണെന്ന് അറിയാന്‍ സഹായിക്കുന്ന പ്രധാന സൂചികയായ ‘നിഫ്റ്റി 50’ എന്‍എസ്ഇയുടെ കീഴിലുള്ളതാണ്. പേപ്പര്‍ ഷെയറുകള്‍ക്ക് പകരം ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ഡിജിറ്റല്‍ ട്രേഡിംഗ് കൊണ്ടുവന്നത് എന്‍എസ്ഇ ആണ്. ഇന്ത്യയില്‍ നടക്കുന്ന ആകെ ഓഹരി കച്ചവടത്തിന്റെ 80 ശതമാനത്തിലധികവും എന്‍എസ്ഇ വഴിയാണ് നടക്കുന്നത്.
ഓഹരി വില
വന്‍കിട ആഗോള നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചകളില്‍, എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്. ഈ ഐ.പി.ഒ സെപ്റ്റംബര്‍ പകുതിക്ക് ശേഷം വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. സെബിയില്‍ നിന്നുള്ള അനുമതികളിലും നിക്ഷേപകരുടെ ലിസ്റ്റിലും വരുത്തിയ ചെറിയ മാറ്റങ്ങള്‍ കാരണമാണ് ഇത് അല്‍പ്പം വൈകിയത്.
ഈ ഐപിഒ വഴി കമ്പനി പുതിയ ഓഹരികള്‍ ഇറക്കി പണം സമാഹരിക്കുകയല്ല ചെയ്യുന്നത്. പകരം, എന്‍എസ്ഇയില്‍ നിലവില്‍ ഓഹരിയുള്ള വന്‍കിട നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ള ഏകദേശം 6% ഓഹരികള്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
ലോകത്തില്‍ ആറാമത്
55 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ചാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയായി എന്‍എസ്ഇ മാറും.
വര്‍ഷങ്ങളായി ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒകളില്‍ ഒന്നായിരിക്കും ഇത്. ആഗോളതലത്തിലെ വന്‍കിട ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളായ ബ്ലാക്ക് റോക്ക് അടക്കമുള്ള കമ്പനികള്‍ എന്‍.എസ്.ഇ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്.
ബിസിനസിന്റെ വലിപ്പവും വരുമാനവും
ഇന്ത്യയിലെ ഷെയര്‍ ട്രേഡിംഗിന്റെ 80%-ല്‍ അധികം നടക്കുന്നത് എന്‍എസ്ഇ വഴിയാണ്. പ്രത്യേകിച്ച് ആളുകള്‍ കൂടുതല്‍ പണം മുടക്കുന്ന F&O ട്രേഡിംഗില്‍ എന്‍എസ്ഇക്ക് വലിയ ആധിപത്യമുണ്ട്. അടുത്തകാലത്തായി ബിഎസ്ഇ ഡെറിവേറ്റീവ്സ് വിപണിയില്‍ വലിയ വളര്‍ച്ച നേടുന്നുണ്ടെങ്കിലും, എന്‍എസ്ഇയുടെ മൊത്തം വരുമാനവുമായും ലാഭവുമായും തതമ്യപ്പെടുത്തുമ്പോള്‍ ബിഎസ്ഇ ഇപ്പോഴും ഏറെ പിന്നിലാണ്.
ഒരു കമ്പനിയുടെ മൂല്യം തീരുമാനിക്കുന്നതില്‍ അതിന്റെ ലാഭം പ്രധാനമാണ്. എന്‍എസ്ഇയുടെ വാര്‍ഷിക ലാഭം ഏകദേശം 10,000 – 12,000 കോടി രൂപയ്ക്ക് മുകളിലാണ്.
അതേസമയം ബിഎസ്ഇയുടെ വാര്‍ഷിക ലാഭം ഏകദേശം 2,000 – 2,500 കോടി രൂപ മാത്രമാണ്.
വിപണിയിലെ മൂല്യം
ഐപിഒ വിപണിയില്‍ എത്തുമ്പോള്‍ എന്‍എസ്ഇ പ്രതീക്ഷിക്കുന്ന ആകെ വിപണി മൂല്യം ഏകദേശം 5.26 ലക്ഷം കോടി രൂപയാണ്. നിലവില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബിഎസ്ഇയുടെ ആകെ വിപണി മൂല്യം ഏകദേശം 45,000 – 50,000 കോടി രൂപ മാത്രമാണ്.
ബിഎസ്ഇ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും ബിസിനസ് വലിപ്പം, വ്യാപാരത്തിന്റെ അളവ്, മൊത്തം ലാഭം എന്നിവയില്‍ എന്‍എസ്ഇ ബഹുദൂരം മുന്നിലാണ്. അതിനാല്‍ ഭാവിയിലും എന്എസ്ഇക്കായിരിക്കും കൂടുതല്‍ വിപണി മൂല്യം ഉണ്ടാവുക.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




