അപ്ഡേറ്റ് ചെയ്ത ഫാസിനോ സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. 125 സിസി വിഭാഗത്തിൽ ഫാസിനോ, ഫാസിനോ എസ് എന്നീ രണ്ട് മോഡലുകളാണ് വിൽപ്പനയ്ക്കെത്തുന്നത്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഉൾപ്പെടുന്ന ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളാണ് ഇരു സ്കൂട്ടറുകളുടെയും പ്രധാന സവിശേഷത.
ഫാസിനോ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുക. ഡ്രം വേരിയന്റിന് 78,980 രൂപയും ഡിസ്ക് വേരിയന്റിന് 91,070 രൂപയുമാണ് വിപണിവില. ടോപ് സ്പെസിഫിക്കേഷൻ മോഡലായ ഫാസിനോ എസിന് 99,030 രൂപയാണ് വില. യന്ത്രഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഫാസിനോയിൽ വരുത്തിയിട്ടില്ല. പ്രധാന മാറ്റം പുതിയ കളർ ഓപ്ഷനുകളാണ്. എൻട്രി ലെവൽ ഫാസിനോ ഡ്രം യെല്ലോ കോക്ക്ടെയിൽ നിറത്തിലാണ് എത്തുന്നത്. ഈ നിറം സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
ഫാസിനോ ഡിസ്ക് വേരിയന്റിൽ മെറ്റാലിക് ലൈറ്റ് ഗ്രീൻ, കൂൾ ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾ ലഭ്യമാണ്. ഫാസിനോ എസിന് മെറ്റാലിക് ഓറഞ്ചിഷ് ഗ്രേ എസ്പിഎൽ ഫിനിഷാണ് നൽകിയിരിക്കുന്നത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, യമഹയുടെ ആൻസർ ബാക്ക് ഫംഗ്ഷൻ എന്നിവയും ഫാസിനോ എസിലുണ്ട്.
നിറങ്ങളിലെ മാറ്റം ഒഴിച്ചാൽ പുതിയ ഫാസിനോയിൽ വലിയ പരിഷ്കാരങ്ങളില്ല. 125 സിസി, എയർ കൂൾഡ്, ഫ്യൂവൽ ഇൻജക്റ്റഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്. യമഹയുടെ സ്മാർട്ട് മോട്ടോർ ജനറേറ്റർ ഹൈബ്രിഡ് സംവിധാനവും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻഹാൻസ്ഡ് പവർ അസിസ്റ്റ്, സൈലന്റ് സ്റ്റാർട്ട്, സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഹൈബ്രിഡ് സംവിധാനം ആക്സിലറേഷനെ സഹായിക്കുന്നതിനൊപ്പം എൻജിൻ കൂടുതൽ ശാന്തമായി സ്റ്റാർട്ട് ചെയ്യാനും സഹായിക്കുന്നു.
English Summary
Leading two-wheeler manufacturer Yamaha has launched the updated Fascino scooters in the Indian market. The 125cc range includes two models, the Fascino and Fascino S. Both scooters come equipped with a TFT instrument console featuring smartphone connectivity.




