രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നിർബന്ധമായ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി സുപ്രീം കോടതി ഒരു വർഷം കൂടി വർധിപ്പിച്ചു. ഇതോടെ പുതിയ കാറുകൾക്ക് നാല് വർഷവും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷവും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് അപകടങ്ങളിൽപ്പെടുന്ന മൂന്നാംകക്ഷി ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കുന്നതിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അപകടബാധിതരുടെ താൽപര്യം സംരക്ഷിക്കുകയും ഇൻഷുറൻസ് പരിരക്ഷ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം.
നിയമപ്രകാരം നിർബന്ധമായിട്ടും ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങുന്നതായി സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇരകളും അവരുടെ കുടുംബങ്ങളും ദീർഘകാല നിയമപോരാട്ടം നടത്തേണ്ടിവരുന്നത് ഗുരുതരമായ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അപകടബാധിതർക്കും അവരുടെ ആശ്രിതർക്കും സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുന്നതിനുമാണ് നിർബന്ധിത തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി വർധിപ്പിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
സാധുവായ മോട്ടോർ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കുന്നത് തടയുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തോടും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യോടും ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളും പരസ്പരം സംയോജിപ്പിച്ച് തത്സമയ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും, ഇൻഷുറൻസ് നിയമലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താനും തടയാനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ഓട്ടോമാറ്റിക്കായി വാഹന നമ്പർ തിരിച്ചറിയുന്ന (ANPR) ക്യാമറകളെ വാഹനങ്ങളുടെ ഇൻഷുറൻസ് ഡാറ്റാബേസും രജിസ്ട്രേഷൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതുവഴി ഇൻഷുറൻസ് പരിരക്ഷയില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളെ കൂടുതൽ ഫലപ്രദമായി കണ്ടെത്താൻ കഴിയുമെന്ന് കോടതി വിലയിരുത്തി.
അതോടൊപ്പം, പൊലീസിന് നൽകുന്ന മൊബൈൽ ഉപകരണങ്ങളിലൂടെ വാഹനത്തിന്റെ ഇൻഷുറൻസ് നില തത്സമയം പരിശോധിക്കാനും, ഇൻഷുറൻസ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കാനും കഴിയുന്ന സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ഒരു അപകടബാധിതന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തെലങ്കാന ഹൈക്കോടതി ഇൻഷുറൻസ് കമ്പനിക്ക് നൽകിയ ഉത്തരവിനെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണായക നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അമിതമായ സാങ്കേതിക വാദങ്ങൾ ഉയർത്തി അപകടബാധിതർക്കോ അവരുടെ കുടുംബങ്ങൾക്കോ നീതി നിഷേധിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ ലക്ഷ്യം അപകടബാധിതർക്ക് വേഗത്തിലും ഫലപ്രദമായും നഷ്ടപരിഹാരം ഉറപ്പാക്കുകയാണെന്നും, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ആ അവകാശം നിഷേധിക്കുന്നത് നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വാഹനം വാങ്ങുന്നവർക്ക് നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിന് പുറമെ യാത്രക്കാർക്കുള്ള അധിക പരിരക്ഷ, വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട ഇൻഷുറൻസ്, വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന സമഗ്രമായ നാല് ഘട്ട ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, മോട്ടോർ അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പഴയ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ആവശ്യമായ രേഖകളും അന്വേഷണ റിപ്പോർട്ടുകളും കാലതാമസമില്ലാതെ സമർപ്പിക്കണമെന്ന് സംസ്ഥാന പൊലീസിനും കോടതി നിർദേശം നൽകി. അപകടബാധിതർക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
അതേസമയം, നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിനൊപ്പം തന്നെ യാത്രക്കാർക്കുള്ള അധിക പരിരക്ഷ, വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട പരിരക്ഷ, വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന നാല് ഘട്ട ഇൻഷുറൻസ് പദ്ധതി എന്നിവ ലഭ്യമാക്കുന്നതിനെക്കുറിച്ചും കോടതി നിർദ്ദേശം നൽകി. പഴയ അപകട നഷ്ടപരിഹാര കേസുകൾ പെട്ടെന്ന് തീർപ്പാക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിന് പോലീസിനും സുപ്രീം കോടതി നിർദ്ദേശം നൽകി.




