ഹോര്‍മുസ് കടലിടുക്ക് യുഎസിന്റെ പ്രവിശ്യയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസില്‍ യുഎസിനാണ് ഇപ്പോള്‍ സമ്പൂര്‍ണ നിയന്ത്രണമെന്നും ട്രംപ് പറഞ്ഞു. യുഎസ് നാവികസേന ഇറാനിലെ തുറമുഖങ്ങള്‍ ഉപരോധിക്കാനാരംഭിച്ചതോടെ ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ടെന്നും എണ്ണ വില താഴുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കുകയും എണ്ണ ഉപരോധം നീക്കുകയും വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന് പ്രതികരിച്ചു. ഇറാന് പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചകളിലെ പ്രധാന പ്രതിനിധിയുമായ മുഹമ്മദ് ബഗര്‍ ഗാലിബാഫാണ് നിലപാട് വ്യക്തമാക്കിയത്. ജൂണിലെ യുഎസ്-ഇറാന് വെടിനിര്‍ത്തല്‍ ധാരണയുമായി ബന്ധപ്പെട്ട പ്രതിബദ്ധതകള്‍ യുഎസ് പാലിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള പകരം സംവിധാനത്തെക്കുറിച്ച് ഇറാനും ഒമാനും ചര്‍ച്ച തുടരുകയാണ്; നിര്‍ദിഷ്ട ട്രാന്‍സിറ്റ് റൂട്ടിന്റെ ഭൂമിശാസ്ത്രപരമായ കോഓര്‍ഡിനേറ്റുകള്‍ സംബന്ധിച്ച് ഇതിനകം ധാരണയായതായി ഇറാന് അറിയിച്ചു. ഇറാന്-ഒമാന്‍ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളും പുനരാരംഭിക്കുമെന്ന് ഖത്തര്‍ പ്രതികരിച്ചു.
വിപണിയില്‍ വീണ്ടും ഇടിവ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ആറാം സെഷനിലും ഇടിവ്. നിഫ്റ്റി 132.75 പോയിന്റ് (0.55%) താഴ്ന്ന് 24,154.90ലും സെന്‍സെക്സ് 492.70 പോയിന്റ് (0.63%) ഇടിഞ്ഞ് 77,235.46ലുമാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് 0.63% ഉയര്‍ന്ന് ബാരലിന് 91.46 ഡോളറിലെത്തി. യുഎസ് 10-വര്‍ഷ ബോണ്ട് വരുമാനം 4.73% ആയി ഉയര്‍ന്നതും രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് ഡോളറിന് 95.68 രൂപ ആയതും വിപണിയെ ബാധിച്ചു. ഐടി സൂചിക ഇന്ന് 1.4% ഇടിഞ്ഞു. ഫാര്‍മ, ഓയില്‍ & ഗ്യാസ് മേഖലകള്‍ മാത്രമാണ് പ്രധാന സൂചികകളില്‍ നേട്ടത്തിലുണ്ടായിരുന്നത്.
സ്വര്‍ണവില മുന്നേറി
സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 14,290 രൂപയിലെത്തി. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയിലെത്തി. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില 0.57% ഇടിഞ്ഞ് 4390 ഡോളറിലെത്തി.
വിദേശത്തേക്ക് വന്‍തോതില്‍ പണം അയച്ച സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം
വന്‍തോതില്‍ വിദേശത്തേക്ക് പണം അയച്ചതായി സംശയിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ് രാജ്യവ്യാപക പരിശോധന ആരംഭിച്ചു. ഷെല്‍ കമ്പനികള്‍, അവയ്ക്ക് പിന്നിലുള്ള വ്യക്തികള്‍, വിദേശ പണമിടപാടുകള്‍ക്ക് Form 15CB സര്‍ട്ടിഫിക്കറ്റ് നല്കിയ പ്രൊഫഷണലുകള്‍ എന്നിവയാണ് പരിശോധനയുടെ പ്രധാന പരിധിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഡാറ്റയും ഗ്രൗണ്ട് ഇന്റലിജന്‍സും പരിശോധിച്ചപ്പോള്‍ കുറഞ്ഞ വരുമാനമുള്ള, എന്നാല്‍ വലിയ തുക വിദേശത്തേക്ക് അയച്ച 394 സ്ഥാപനങ്ങളെ കണ്ടെത്തിയതായി CBDT അറിയിച്ചു.




