ഇന്ത്യയിലെ ജനപ്രിയ സബ്-4 മീറ്റർ എസ്യുവി ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ. പുതിയ കോംപാക്ട് എസ്യുവി 2027ൽ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫോക്സ്വാഗണിന്റെ നിലവിലെ എസ്യുവി നിരയിലെ ഏറ്റവും ചെറിയ മോഡലായിരിക്കും പുതിയ വാഹനം.
ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് വികസിപ്പിക്കുന്ന പുതിയ എസ്യുവി ഫോക്സ്വാഗണിന്റെ MQB-A0-IN പ്ലാറ്റ്ഫോമിലാകും നിർമിക്കുക. രാജ്യത്ത് തന്നെ പ്രാദേശികമായി നിർമിക്കുന്ന ഈ മോഡൽ സ്കോഡ കൈലാക്കുമായി അടിസ്ഥാന ഘടകങ്ങളും മെക്കാനിക്കൽ സംവിധാനങ്ങളും പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഫോക്സ്വാഗണിന്റെ ഡിസൈൻ ഭാഷയ്ക്ക് അനുയോജ്യമായ വ്യത്യസ്ത എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ വാഹനത്തിന് ലഭിക്കും.
പുതിയ ഫോക്സ്വാഗൺ എസ്യുവിയിലും സ്കോഡ കൈലാക്കിലെ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI ടർബോ പെട്രോൾ എൻജിൻ തന്നെ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൈലാക്കിൽ ഈ എൻജിൻ 113 ബിഎച്ച്പിയിലധികം കരുത്തും 178 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിലും പുതിയ എസ്യുവി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നിലനിൽക്കുന്ന എസ്യുവി വിഭാഗത്തിലേക്കാണ് ഫോക്സ്വാഗൺ പുതിയ മോഡലുമായി എത്തുന്നത്. ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.
പുതിയ എസ്യുവിയുടെ പേര്, കൃത്യമായ ലോഞ്ച് തീയതി, വില എന്നിവ സംബന്ധിച്ച വിവരങ്ങൾ ഫോക്സ്വാഗൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2027ൽ വിപണിയിലെത്തുന്നതോടെ ഇന്ത്യയിൽ ഫോക്സ്വാഗണിന്റെ ഏറ്റവും വിലകുറഞ്ഞ മോഡലായി പുതിയ എസ്യുവി മാറുമെന്നാണ് പ്രതീക്ഷ.




