പണ്ടുകാലത്ത് ഓണം, വിഷു തുടങ്ങിയ കൊയ്ത്തുത്സവങ്ങളില്‍ സമൃദ്ധിയുടെ പര്യായമായി ബന്ധു വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കുമെല്ലാം കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിച്ചിരുന്ന വാഴക്കുലകള്‍ കൂട്ടത്തില്‍ ഏറ്റവും മികച്ച നേന്ത്രക്കുലകളായിരുന്നു. പിന്നീട് കാഴ്ചക്കുലയുടെ വലുപ്പത്തിനൊപ്പം രുചിയും കൂടി പരിഗണിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ഏറ്റവും രുചികരമായ നേന്ത്രക്കുല എവിടെ ലഭിക്കുമെന്നായി ചോദ്യം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആ ചോദ്യത്തിനുള്ള ഉത്തരമായി കണ്ടെത്തിയത് തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കൃഷി ചെയ്യപ്പെടുന്ന ചെങ്ങാലിക്കോടന് എന്ന നേന്ത്രപ്പഴമായിരുന്നു. പിന്നീട് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തലപ്പിള്ളി താലൂക്കിലേക്ക് എത്തിത്തുടങ്ങി.
അതോടെ ഈ ഭാഗത്തെ വഴക്കര്‍ഷകരുടെ നല്ലകാലം തെളിഞ്ഞു. ചെങ്ങാലിക്കോടന്റെ പ്രശസ്തി മെല്ലെ കര കറദ്ദാക്കണ തുടങ്ങിയതോടെ തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ കര്‍ഷകരും ചെങ്ങാലിക്കോടന് കൃഷിചെയ്യാന്‍ ആരംഭിച്ചു. 2015 ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച ചെങ്ങാലിക്കോടന് ഇപ്പോള്‍ സംസ്ഥാനത്തിനകത്തും പുറത്തും ഒരുപോലെ വിപണി സാധ്യതവര്‍ധിച്ചു വരികയാണ്. ഓണം , വിഷു കാലങ്ങളില്‍ തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് ചെങ്ങാലിക്കോടന്
ഇന്ന് വേലൂര്‍, പോട്ടോര്‍, തെക്കപ്പറമ്പ്, പുത്തൂര്‍, ആളൂര്‍, മിണാലൂര്‍, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി, എരുമപ്പെട്ടി, തെക്കുംകര, മുള്ളൂര്‍ക്കര എന്നിവിടങ്ങളിലാണ് ചെങ്ങാലിക്കോടന് കാഴ്ചക്കുലകള്‍ കൃഷിചെയ്യുന്നത്. ഇന്നാട്ടില് വന്നു കൃഷി രീതി മനസിലാക്കി ഗുരുവായൂര്‍, ചൂണ്ടല്‍, കുന്ദംകുളം, എയ്യാല്‍, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂര്‍, നടത്തറ, പുതുക്കാട് എന്നീ പ്രദേശങ്ങളിലെ ചില കര്‍ഷകരും ഇത് കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ ഭൗമശാസ്ത്രപരമായ ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ട് തന്നെ തൃശൂര്‍ ജില്ലക്ക് പുറത്തു ചെങ്ങാലിക്കോടന് വേരുപിടിച്ച ചരിത്രമില്ല.
ഒരുകാലത്ത് വ്യാവസായികാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്തിരുന്ന ഇനമായിരുന്നു ചെങ്ങാലിക്കോടന്. നെടുനേന്ത്രന്‍, കുഴിനേന്ത്രന്‍, മഞ്ചേരി നേന്ത്രന്, കോട്ടയം നേന്ത്രന്, ആറ്റുനേന്ത്രന്‍, വാളിയേത്തന്‍, ചങ്ങനാശ്ശേരി നേന്ത്രന്, മിന്റ്റോളി (ക്വിന്റല്‍ വാഴ), സാന്‍സിബാര്‍ എന്ന ആനക്കൊമ്പന് തുടങ്ങിയ നേത്രവാഴ ഇനങ്ങളില്‍ വച്ച് ചെങ്ങാലിക്കോടനെ വ്യത്യസ്തമാക്കിയത് അതിമധുരവും പോഷകങ്ങളും ഒപ്പം കാഴ്ച്ചയില്‍ തോന്നുന്ന വ്യത്യസ്തതയുമായിരുന്നു. കൂടുതലായും ഓണക്കാലത്താണ് ഈ വാഴ കുളക്കാറുള്ളത്. പിന്നീട് വ്യവസായ സാദ്യത മനസിലാക്കിയ കര്‍ഷകരാണ് വിഷുക്കാലത്ത് കുലക്കുന്ന രീതിയില്‍ വാഴക്കന്ന് പരുവപ്പെടുത്തിയത്. നേന്ത്രപ്പഴങ്ങളില്‍ ഏറ്റവുംകൂടുതല്‍ രുചിയുള്ളത് ഈയിനത്തിന്റെ കുലകളിലെ പഴത്തിനാണ് എന്ന് പറയപ്പെടുന്നു. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശര്‍ക്കരവരട്ടിക്കും ഏറ്റവും കൂടുതലായി തൃശൂര്‍ ജില്ലക്കാര്‍ ആശ്രയിക്കുന്നത് ഈ ഇനത്തെത്തന്നെയാണ്.
ചെങ്ങാലിക്കോടന് വ്യത്യസ്തമാകുന്നത് എങ്ങനെ ?
സാധാരണ വാഴ നേടുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ചെങ്ങാലിക്കോടന്റെ കൃഷി രീതി. നല്ല മണ്ണില്‍ നടുന്ന വാഴകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായി എക്കല്‍ മണ്ണിലും ചെങ്കല്ലിലുമാണ് ചെങ്ങാലിക്കോടന് കൃഷി ചെയ്യുന്നത്. ഇതുണ്ടാക്കാന്‍ പ്രത്യേകം പരിപാലനമുറകള്‍ ആവശ്യമാണ്. സാധാരണവാഴകളില്‍ ചുറ്റും മുളക്കുന്ന കന്നുകള്‍ എത്തും കൃഷിക്ക് ഉചിതമാണ് എങ്കില്‍ ഇവിടെ അതല്ല രീതി. മുന്‍കൂട്ടി മാതൃവാഴയില്‍നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. വേര് മുറിയാതെ ഈ വാഴന്നിനെ വേര്‍പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേക വൈദഗ്ദ്യം ലഭിച്ച കര്‍ഷകര്‍ക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ. വെട്ടുകല്ലില്‍ നട്ട വഴക്കന്നുകള്‍ കൃത്യം പതിനൊന്നു മാസം കൊണ്ട് കുലക്കുന്നു. ഓണം മുന്‍നിര്‍ത്തി വാഴക്കൃഷി ചെയ്യുന്നവര്‍ സാധാരണയായി കന്നിമാസമാണ് നടീല്‍ മാസമായി തെരഞ്ഞെടുക്കുന്നത്.
ചെങ്ങാലിക്കോടന്റെ വിത്ത് തിരയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണം നേരത്തേയെങ്കില്‍ വലിയ കന്നും വൈകിയാണെങ്കില്‍ ചെറിയ കന്നും നടണം. ഇത്തരത്തില്‍ പ്രത്യേകതകള്‍ ഏറെയുള്ളതിനാലാണ് പുതുതലമുറയിലെ കര്‍ഷകര്‍ക്ക് ചെങ്ങാലിക്കോടന്റെ കൃഷി രീതി അത്ര എളുപ്പത്തില്‍ വഴങ്ങാത്തത്. വാഴയില്‍ നിന്ന് തന്നെ സ്വര്‍ണ നിറമാകുന്ന രീതിയിലാണ് കാഴ്ചക്കുലകള്‍ പാകപ്പെടുത്തുക. . വളഞ്ഞുനീണ്ട നീളന്‍ കൂമ്പുകളോട് കൂടിയ കാഴ്ചക്കുല കാണാന്‍ കൗതുകമാണ്.
സാധാരണ വാഴത്തോട്ടങ്ങളില്‍ രണ്ടര അടി വ്യത്യസത്തില്‍ കന്നുകള്‍ നടുമ്പോള്‍ ചെങ്ങാലിക്കോടന് തോട്ടങ്ങളില്‍ വാഴകള്‍ തമ്മില്‍ അകലം മൂന്നേകാല്‍ കോലാണ്. മാത്രമല്ല, കുഴിക്ക് മുക്കാല്‍കോല്‍ താഴ്ചയുണ്ടായിരിക്കണം.കന്നു നേടുന്നതിനുള്ള കുഴിയൊരുക്കളും ഒരു പ്രത്യേക രീതിയാണ്. വെണ്ണീറിട്ട് മുക്കാല്ക്കെട്ട് പച്ചിലത്തോല് ചേര്‍ക്കലാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം ഓരോ വാഴയ്ക്കും ഒരുകുട്ട ചാണകമിടണം. ഇതിനുമേലെ കുമ്മായം ചേര്‍ക്കണം. അതിനുശേഷം വീണ്ടും ഒരു കോട്ട മണ്ണിട്ട് മൂടി ശേഷം ചാരം ചേര്‍ക്കണം. കന്നിയില്‍ നട്ട് വൃശ്ചികമാസം മുതല്‍ക്ക് നന ആരംഭിക്കാം. ഇനി ഓണം ചിങ്ങം അവസാനമാണ് എങ്കില്‍ ധനുമാസം മുതല്‍ നന ആരംഭിച്ചാല്‍ മതിയാകും. ചെങ്ങാലിക്കോടന് നന നിര്‍ബന്ധമാണ്. നന കുറഞ്ഞുപോയാല്‍ കായ്കളുടെ രുചി കുറയും.വാഴ കുലച്ചാല്‍ ഉടന്‍ കൃഷിയിടത്തില്‍ നിന്നും മണ്ണെടുത്ത് ചുട്ടെടുക്കും. ശേഷം ഈ വെന്തമണ്ണ് വാഴയുടെ ചുവട്ടില്‍ കൂട്ടിയിടും. നേന്ത്രക്കായയ്ക്ക് സ്വര്‍ണനിറം പകരുന്നത് ഇങ്ങനെയാണ്.
ചെങ്ങാലിക്കോടന്റെ ചരിത്രം
ചെങ്ങാലിക്കോടന് ചെങ്ങഴിക്കോടന്‍ എന്നും ആഭ്യന്തരവിപണിയില്‍ അറിയപ്പെടുന്നുണ്ട്. പഴയകൊച്ചി രാജ്യത്തിലെ ഒരു രാജവംശമായിരുന്നു തലപ്പിള്ളി. ഇവിടുത്തെ നാടുവാഴികള്‍ അറിയപ്പെട്ടിരുന്നത് ചെങ്ങഴി നമ്പ്യാര്‍മാര്‍ എന്നായിരുന്നു. അതിനാല്‍ ഇവരുടെ ആസ്ഥാനം ചെങ്ങഴിക്കോട് എന്നറിയപ്പെട്ടു. ഇപ്പോഴത്തെ തലപ്പിള്ളി താലൂക്കില്‍ പെടുന്ന ഈ പ്രദേശത്തിന് കാര്‍ഷികപരമായും ഭൂമിശാസ്ത്ര പരമായും ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മണ്ണിന്റെ ഘടനയിലെ വ്യത്യാസം എടുത്തു പറയേണ്ട ഒന്നായിരുന്നു. ഇവിടെ കായ്ച്ച കുലകളാണ് ചെങ്ങാലിക്കോടന് നേന്ത്രക്കുലകള്‍. ചെങ്ങഴി നമ്പ്യാര്‍മാരുടെ അധീനതയില്‍ വരുന്ന പ്രദേശത്തുണ്ടായ ഫലമായതിനാല്‍ ഇതിനെ ചെങ്ങഴിക്കോടന്‍ എന്ന് വിളിച്ചു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകള്‍ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നു.
രാസവളം ചേര്‍ക്കാതെ നാടന്‍ മാര്‍ഗങ്ങളിലാണ് ഈ വാഴ വളര്‍ത്തുന്നത്. 1225 കിഗ്രാം വരെ തൂക്കം വരാവുന്ന കുലകളാണുണ്ടാവുക. പടലകള്‍ പിരിഞ്ഞ്, ആനക്കൊമ്പുപോലെ എടുത്തുയര്‍ത്തുന്നു നില്ക്കും. മറ്റു പഴവര്‍ഗങ്ങള്‍ മഞ്ഞ നിറമാകുമ്പോള്‍ ചെങ്ങാലിക്കോടന് സ്വര്‍ണവര്‍ണമാകും. അതില്‍ കരപോലെ, തവിട്ടുനിറത്തിലുള്ള നീളന്‍ അടയാളങ്ങള്‍ കാണാം. അതുകൊണ്ട് തന്നെ ഇത്രയേറെ തിരക്കേറിയ വിപണിയിലും ചെങ്ങാലിക്കോടനെ കണ്ടാല്‍ തിരിച്ചറിയാം. ഇവയുടെ തൊലിക്ക് കനം വളരെ കുറവാണ്.മൂത്തു പഴുത്ത കുലകള്‍ക്ക് ത്രികോണ ആകൃതിയായിരിക്കും എന്നതും ഈ വാഴക്കൃഷിയെ വ്യത്യസ്തമാക്കുന്നു. ഭൗമസൂചികപ്പട്ടം നേടിയെടുത്തതോടെ ചെങ്ങാലിക്കോടന്റെ വിപണി ഉണര്‍ന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂര്‍ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവര്‍ത്തനങ്ങളാണ് ചെങ്ങഴിക്കോടന്‍ നേന്ത്രന് അന്താരാഷ്ട്ര പ്രാമുഖ്യം നേടിയെടുക്കാന്‍ സഹായിച്ചത്.
ഇപ്പോള്‍, ചെങ്ങാലിക്കോടന് വാഴക്കൃഷിയുടെ പ്രോത്സാഹനത്തിനു ചേലക്കര മണ്ഡലത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചെങ്ങാലിക്കോടന് വാഴകൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കുന്നതിനും ചെങ്ങാലിക്കോടന്റെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങള്‍ ഇവര്‍ സമയാസമയങ്ങളില്‍ സ്വീകരിച്ചു വരുന്നു. നിലവില്‍ 38 ഹെക്ടര്‍ സ്ഥലത്താണു മുള്ളൂര്‍ക്കര പഞ്ചായത്തില്‍ മാത്രം ചെങ്ങാലിക്കോടന് വാഴകൃഷി ചെയ്യുന്നത്.സ്പെഷ്യല്‍ അഗ്രിക്കള്‍ച്ചര്‍ സോണില്‍ ഉള്‍പ്പെടുത്തി ചെങ്ങാലിക്കോടന് വാഴകൃഷിക്കു നിലവില്‍ കൃഷി വകുപ്പ് കര്‍ഷകര്‍ക്കു ഹെക്ടറിനു 20000 രൂപ അധിക ധനസഹായം നല്കി വരുന്നത് വാഴകൃഷിക്ക് പ്രോത്സാഹനമാകും.
കാഴ്ചക്കുലയും ‘കുലപൊതിയലും’
കാഴ്ചക്കുല സമര്‍പ്പിക്കുന്നതിനും അതിന്റെതായ രീതികളുണ്ട്. ചെങ്ങാലിക്കോടന് കുലച്ച് 2025 ദിവസത്തിനകം ഉണങ്ങിയ വാഴയില ഉപയോഗിച്ച് കുല പൊതിയുന്നു.വെയില്ത്തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ കായ്കള്‍ക്ക് നല്ല വലിപ്പവും ചുവന്ന നിറവും കിട്ടും. ഏഴുമുതല്‍ ഒമ്പത് പടലവരെയുള്ള കുലകളെ ലക്ഷണമൊത്ത കാഴ്ചക്കുലകളായി കണക്കാക്കുന്നു.വാഴകുലച്ചുകഴിഞ്ഞാല് അധികം വളവും വെള്ളവും നല്‍കാതെ വേണ്ടവിധം മാത്രം നല്കി വാഴ കൃഷിചെയ്യുന്നു. കുല മൂത്ത് വരുമ്പോള്‍ ഓരോ പടലകള്ക്കിടയില് ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ചെറിയ പത്തുകള്‍ വച്ച് പടലകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നു. നന്നായി മൂത്തുവരുമ്പോള്‍ വെട്ടിയെടുത്ത് തണ്ടുകള്‍ സഹിതം തൂക്കിയിടുന്നു.കാഴ്ചക്കുലകളില്‍ നിന്നും കൂമ്പ് നീക്കം ചെയ്യാറില്ല. ഒരു കാഴ്ചക്കുലക്ക് 3500 രൂപ മുതല്‍ 5000 രൂപവരെ വിലവരും. തൃശൂര്‍ ജില്ലയിലെ പലപ്രദേശങ്ങളിലും കാഴ്ചക്കുലകളെ മാത്രം മുന്നില്‍കണ്ട് കൃഷിചെയ്യുന്ന കര്‍ഷകരുമുണ്ട്.
“കായായും പഴമായുമൊക്കെ ചെങ്ങാലിക്കോടന് വില്ക്കുന്നതിനേക്കാള് ലാഭകരം കാഴ്ചക്കുലകളായി വില്‍ക്കുന്നതാണ്. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നു. ഈ വാഴയിനം ഈ പ്രദേശത്ത് മാത്രമേ കൃഷി ചെയ്യാന്‍ കഴിയൂ എന്നതാണ് ഈ ഇനത്തിന്റെ മേന്മയും കോട്ടവും. കൂടുതല്‍ സ്ഥലത്തേക്ക് വാഴക്കൃഷി വ്യാപിപ്പിക്കുന്നതിന് ഇത് തടസമാകുന്നു. എന്നിരുന്നാലും മറ്റു പ്രദേശങ്ങളില്‍ നിന്നും ചെങ്ങാലിക്കോടന് വാഴപ്പഴത്തിനും കാഴ്ചക്കുലക്കും ആവശ്യക്കാര്‍ എത്തുന്നു എന്നത് ഏറെ മികച്ച കാര്യമാണ്.ഉത്സവ സീസണുകളില്‍ തൃശൂര്‍ ജില്ലാ വിപണിയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ തന്നെ മികച്ച ഫലം ഉറപ്പാണ്. ഭൗമസൂചിക പട്ടം ലഭിക്കുക കൂടി ചെയ്തതോടെ ചെങ്ങാലിക്കോടന് മലയാളിയുടെ സമ്പദ്വ്യവസ്ഥയില് പ്രധാന താരമാകും എന്നതില്‍ സംശയം വേണ്ട” വര്‍ഷങ്ങളായി ചെങ്ങാലിക്കോടന് ഇനം കൃഷി ചെയ്യുന്ന തലപ്പിള്ളി സ്വദേശിയായ രാജേഷ് പറയുന്നു.
കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങള്‍, തൃശൂര്‍, പെരിങ്ങണൂര്‍ സഹകരണ ബാങ്കിനുകീഴിലുള്ള ഗ്രീന്‍ ആര്‍മി വിപണകേന്ദ്രങ്ങള്‍, വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍ എന്നിവരിലൂടെ ചെങ്ങാലിക്കോടന്റെ കന്നുകള്‍ വില്‍പ്പനക്ക് എത്തുന്നുണ്ട്.




