ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം നിക്ഷേപകരെ കണ്ണീര് കുടിപ്പിച്ച ഓഹരികളിലൊന്നാണ് പേടിഎം (വണ്‍97 കമ്യൂണിക്കേഷന്‍). 2021 നവംബറിലാണ് ഓഹരിയുടെ ലിസ്റ്റിംഗ് നടന്നത്. 2080-2150 രൂപയായിരുന്നു ഐപിഒ വില. എന്നാല്‍ ലിസ്റ്റിംഗിനു ശേഷം പ്രതീക്ഷകള്‍ തെറ്റിച്ച് ഓഹരി താഴേക്ക് വീണുതുടങ്ങി. 2024 ഫെബ്രുവരിയില്‍ 300 രൂപയിലേക്ക് ഓഹരി വീണു. ഐപിഒയോട് അനുബന്ധിച്ച് നിക്ഷേപം നടത്തിയ പലരും വന്‍ നഷ്ടത്തിലായി. പ്രതീക്ഷ നഷ്ടപ്പെട്ട് പേടിഎം ഓഹരി വന്‍ നഷ്ടത്തില്‍ വിറ്റവരും ഏറെയാണ്.
എന്നാലിപ്പോള്‍ പേടിഎമ്മിനും നിക്ഷേപകര്‍ക്കും നല്ലകാലം വന്നിരിക്കുന്നു. തിങ്കളാഴ്ച 10 ശതമാനത്തോളം കുതിച്ച ഓഹരി 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയായ 1598.5 ല്‍ എത്തി. വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനവും ഒരു വര്‍ഷത്തിനിടെ 40 ശതമാനവും പേടിഎം മുന്നേറി.
അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെട്ടതും മികച്ച ഒന്നാം പാദ ഫലങ്ങളുമാണ് പേടിഎമ്മിന് നേട്ടമായത്. ആദ്യ പാദത്തില്‍ വരുമാനം 2448 കോടി രൂപയായി വര്‍ധിച്ചു. അറ്റ ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 220 കോടി രൂപയിലേക്ക് ഇരട്ടിക്കുകയും ചെയ്തു.
ലക്ഷ്യവില ഉയര്‍ത്തി ബ്രോക്കറേജ്
പ്രമുഖ ബ്രോക്കറേജായ ബേണ്‍സ്റ്റെയ്ന്‍, പേടിഎമ്മിന്റെ ലക്ഷ്യവില ആദ്യമായി ഐപിഒ വിലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഔട്ട്പെര്‍ഫോം റേറ്റിംഗാണ് ബേണ്‍സ്റ്റെയ്ന്‍, ഓഹരിക്ക് നല്‍കിയിരിക്കുന്നത്. 2,200 രൂപയാണ് പേടിഎമ്മിന്റെ പുതിയ ലക്ഷ്യവില. നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 1,500 ആയിരുന്നു. ഏകദേശം 50 ശതമാനത്തോളം മുന്നേറ്റ സാധ്യതയാണ് ഓഹരിക്ക് കല്‍പ്പിക്കപ്പെടുന്നത്.
യുപിഐ പേമെന്റുകള്‍ക്ക് നിശ്ചിത ഫീ ഈടാക്കുന്ന മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റാണ് (എംഡിആര്‍) പേടിഎമ്മിന് നേട്ടമാവുകയെന്ന് ബേണ്‍സ്റ്റെയ്ന്‍ പറയുന്നു. പേമെന്റുകളില്‍ നിന്നുള്ള ലാഭം 3-4% ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




