കലര്‍പ്പില്ലാതെ ഡീസല്‍
ഡീസലില്‍ എഥനോള്‍ ചേര്‍ക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണക്കമ്പനികള്‍ വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകള്‍, ഡീസല്‍-എഥനോള്‍ മിശ്രണത്തെ പിന്തുണക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. എഥനോള്‍ പാചക ഇന്ധനമായി ഉപയോഗിക്കാനാകുമോ എന്നത് പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പെട്രോളില്‍ 20% ല്‍ കൂടുതല്‍ എഥനോള്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രീയ, സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമേ അത് സംബന്ധിച്ച തീരുമാനം എടുക്കൂ. എഥനോള്‍ പൂര്‍ണമായി ഒഴിവാക്കാനോ ഇ10 ലേക്ക് (10% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍) മടങ്ങാനോ ഉദ്ദേശ്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം ഇന്ധനവില ഗണ്യമായി ഉയര്‍ന്നതോടെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വിപണിയില്‍ കുതിപ്പ് ദൃശ്യമാണ്. മേയില്‍ രാജ്യത്തെ മൊത്തം ഇവി രജിസ്ട്രേഷന് 1.90 ലക്ഷത്തിന് മുകളിലെത്തി. 70 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന 66% വര്‍ധിച്ച് 1.67 ലക്ഷം യൂണിറ്റായി. സര്‍ക്കാര്‍ സബ്സിഡി കുറച്ചതും ഇലക്ട്രിക് വാഹന വിപണിയെ ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ക്രൂഡ് വില ഉയരുന്നു
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമ്മര്‍ദം സൃഷ്ടിച്ചു. സെന്‍സെക്സും നിഫ്റ്റി 50യും വലിയ മുന്നേറ്റമോ ഇടിവോ ഇല്ലാതെ ഫ്ളാറ്റായാണ് ക്ലോസ് ചെയ്തത്. 85 ഡോളറിലേക്കാണ് ബ്രൈന്റ് ക്രൂഡ് വില ഉയര്‍ന്നിരിക്കുന്നത്. ഇറാന്-ഒമാന്‍ ചര്‍ച്ചകള്‍ ഒരു കരാറിന് അടുത്തെത്തിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം, ഉപരോധം പിന്‍വലിക്കല്‍ തുടങ്ങിയ ഇറാന്റെ ആവശ്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. 20 ല്‍ ഏറെ യുദ്ധക്കപ്പലുകള്‍ അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ നേട്ടമുണ്ടാക്കി സര്‍ക്കാര്‍
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിലൂടെ മെയ് 2 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള 3 മാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന് 10,463 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. 10,040 കോടി രൂപ സ്വര്‍ണത്തില്‍ നിന്നും 328 കോടി രൂപ വെള്ളിയില്‍ നിന്നുമാണ് ലഭിച്ചത്. വിദേശനാണ്യ ശേഖരം പിടിച്ചു നിര്‍ത്താന്‍ 6% ല്‍ നിന്ന് 15% ലേക്കാണ് സ്വര്‍ണമടക്കം പ്രീഷ്യസ് മെറ്റലുകളുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. ഇക്കാലയളവില്‍ 287 അനധികൃത സ്വര്‍ണക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 160.9 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും 116 പേര് അറസ്റ്റിലാവുകയും ചെയ്തു. ഇന്നത്തെ സ്വര്‍ണവില കൂടി നോക്കാം. അന്താരാഷ്ട്ര സ്വര്‍ണവില 0.3% ഇടിവോടെ 4330 ഡോളര്‍ എന്ന നിലയിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയിലെത്തി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയാണ് ഇന്നത്തെ വില.
നിക്ഷേപം വന്നത് യുഎഇയില്‍ നിന്ന്
ആര്‍ബിഐയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവാസികളില്‍ നിന്ന് ബാങ്കുകള്‍ സമാഹരിക്കുന്ന എഫ്സിഎന്‍ആര്‍(ബി) നിക്ഷേപത്തിന്റെ പ്രധാന സ്രോതസായി യുഎഇ. ലഭ്യമായ കണക്കുകള്‍ പ്രകാരം മൊത്തം എഫ്സിഎന്‍ആര്‍(ബി) നിക്ഷേപത്തിന്റെ ഏകദേശം 43% യുഎഇയില്‍ നിന്നാണ് എത്തിയത്. അതേസമയം, യുഎസിലും യുകെയിലും നിന്നുള്ള നിക്ഷേപം പ്രതീക്ഷിച്ച വേഗത്തില്‍ ഉയരുന്നില്ല. 50 ബില്യണ്‍ ഡോളറാണ് പദ്ധതിയിലൂടെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. ജൂലൈ മധ്യത്തോടെ ഏകദേശം 6 ബില്യണ്‍ ഡോളറാണ് സമാഹരിക്കപ്പെട്ടത്.
എഫ്എസ്എസ്എഐക്കെതിരെ ഡാബര്‍
ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ ലേബലുകളില്‍ നല്കുന്ന ‘100%’ അവകാശവാദങ്ങള്‍ക്കെതിരായ എഫ്എസ്എസ്എഐ നടപടിയെ ചോദ്യം ചെയ്ത് എഫ്എംസിജി കമ്പനിയായ ഡാബര്‍. തങ്ങളുടെ ബിസിനസ് എതിരാളികളെ സഹായിക്കുന്ന നടപടിയാണ് എഫ്എസ്എസ്എഐ കൈക്കൊണ്ടതെന്ന് ഡാബര്‍ ആരോപിച്ചു. ഡാബര്‍ ഹണി, ഡാബര്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങി തങ്ങളുടെ 11 ഉല്‍പ്പന്നങ്ങള്‍ ഈ ഉത്തരവ് മൂലം പ്രതിസന്ധിയിലാണെന്നും 150 കോടി രൂപയുടെ നഷ്ടമുണ്ടാവാമെന്നും ഡാബര്‍ പറഞ്ഞു. 100% യഥാര്‍ത്ഥ ഉല്‍പ്പന്നം എന്ന അവകാശവാദങ്ങള്‍ ലേബലില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും നീക്കാനാണ് 2024 ജൂണില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടിരുന്നത്.




