അന്താരാഷ്ട്ര പേയ്മെന്റുകൾക്ക് യു.പി.ഐ. ശക്തമാക്കാൻ നടപടികളുമായി പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.ബി.സി.ഐ). കൂടുതൽ വേഗത്തിലും സുതാര്യമായും ഇടപാടുകൾ നടത്തുകയാണ് ഉദ്ദേശം. ഇതിന്റെ ഭാഗമായി യു.പി.ഐ. വഴി വിദേശത്തേക്കുള്ള തത്സമയ വിദേശ വിനിമയ ഇടപാടുകൾ തീർപ്പാക്കുന്നതിന് എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോർഗൻ പേയ്മെന്റ്സ് എന്നിവയുമായി ധാരണയിലെത്തി.
ഇതുവഴി വിദേശത്ത് യു.പി.ഐ. വഴി പണം അയക്കുമ്പോൾ തത്സമയ വിനിമയ മൂല്യമനുസരിച്ച് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ഇന്ത്യക്കു പുറത്തേക്ക് വിദേശ കറൻസിയിൽ വിനിമയം നടത്തുമ്പോൾ തത്സമയ വിനിമയമൂല്യമനുസരിച്ച് വേഗത്തിൽ സുതാര്യമായി ഇടപാടുകൾ പൂർത്തിയാക്കാനാകും. പണം അയയ്ക്കുന്നതിന് മുമ്പ് തന്നെ എത്ര രൂപയാണ് അക്കൗണ്ടിൽ നിന്ന് പോകുന്നതെന്ന് ഉപഭോക്താവിന് വ്യക്തമായി മനസ്സിലാക്കാനും കഴിയും.
ഇത് കറൻസി മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കുറയ്ക്കുകയും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയും ചെയ്യും. കൂടാതെ, വിദേശ വ്യാപാരികൾക്കും ബാങ്കുകൾക്കും പണം വേഗത്തിൽ സ്വീകരിക്കാൻ ഇതു വഴി സാധിക്കുന്നു.
ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദേശ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാകും.
നിലവിൽ സിങ്കപ്പൂർ, യു.എ.ഇ, ഫ്രാൻസ്, കംബോഡിയ ഉൾപ്പെടെയുള്ള ഒൻപത് രാജ്യങ്ങളിൽ യു.പി.ഐ. സംവിധാനം സജീവമാണ്. ഈ പുതിയ പങ്കാളിത്തം യു.പി.ഐ.യുടെ ആഗോള വ്യാപ്തി കൂടുതൽ വിപുലീകരിക്കുമെന്നാണ് വിലയിരുത്തൽ.




