കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന വാഗ്ദാനങ്ങളുമായാണ് 8-ാം ശമ്പള കമ്മീഷന് വരുന്നത്. ജീവിതച്ചെലവ് വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, വിരമിച്ച ജീവനക്കാരുടെ പ്രതിമാസ പെന്‍ഷനില്‍ വലിയൊരു വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടറിലെ മാറ്റങ്ങള്‍ മൂലം നിലവിലുള്ള കുറഞ്ഞ പെന്ഷന് തുക ഇരട്ടിയിലധികമായി ഉയര്‍ന്നേക്കാം. 8-ാം ശമ്പള കമ്മീഷന് വരുമ്പോള്‍, നിങ്ങളുടെ പെന്ഷന് തുകയില്‍ എത്രത്തോളം മാറ്റമുണ്ടാകും എന്ന് വിശദമായി പരിശോധിക്കാം.
ഫിറ്റ്മെന്റ് ഫാക്ടര്‍
പഴയ അടിസ്ഥാന പെന്‍ഷനെ പുതിയ പെന്‍ഷനിലേക്ക് ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഗുണന സംഖ്യയാണിത്.
7-ാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു.
8-ാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.28 മുതല്‍ 2.86 വരെ ആയിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍ (ചില പെന്‍ഷനര്‍ സംഘടനകള്‍ ഇത് 3.83 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്).
പെന്‍ഷനില്‍ ഉണ്ടാകുന്ന മാറ്റം
- നിലവിലെ കുറഞ്ഞ അടിസ്ഥാന പെന്ഷന് 9,000 രൂപ ആണ്. പ്രതീക്ഷിക്കുന്ന പുതിയ, കുറഞ്ഞ പെന്ഷന് 20,520 മുതല്‍ 25,740 വരെ ആണ്. (ഫിറ്റ്മെന്റ് ഫാക്ടര്‍ 2.28 മുതല്‍ 2.86 ആണെങ്കില്‍).
- പെന്‍ഷനര്‍ സംഘടനകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ കുറഞ്ഞ പെന്ഷന് 45,000 രൂപ വരെ ആയേക്കാം.
- നിലവില്‍ 20,000 അടിസ്ഥാന പെന്ഷന് വാങ്ങുന്നവര്‍ക്ക് അത് ഏകദേശം 45,600 മുതല്‍ 57,200 രൂപ വരെയായി ഉയര്‍ന്നേക്കാം.
ക്ഷാമബത്ത റീസെറ്റ് ചെയ്യപ്പെടും
പുതിയ അടിസ്ഥാന പെന്ഷന് നിശ്ചയിക്കുമ്പോള്‍, നിലവില്‍ ലഭിക്കുന്ന ക്ഷാമബത്ത പുതിയ പെന്‍ഷനില്‍ ലയിപ്പിക്കും. അതിനുശേഷം പുതിയ അടിസ്ഥാന പെന്ഷന്മേല് ഡിആര്‍ 0% ആയി പുനഃക്രമീകരിക്കുകയും തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയരുകയും ചെയ്യും.
എപ്പോഴാണ് ഇത് നടപ്പിലാകുക?
8-ാം ശമ്പള കമ്മീഷന്റെ പരിഷ്കാരങ്ങള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു കരുതിയിരുന്നത്.
കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കാന് സമയമെടുക്കുമെന്നതിനാല്‍, അന്തിമ തീരുമാനത്തിന് ശേഷം മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശിക ആയി പണം ലഭിക്കും.
മേല്‍പ്പറഞ്ഞ തുകകളും കണക്കുകളും നിലവിലുള്ള പ്രതീക്ഷകളും ആവശ്യങ്ങളും മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ ഔദ്യോഗികമായി അംഗീകരിക്കുമ്പോള്‍ മാത്രമേ അന്തിമ തുക വ്യക്തമാകൂ.




