ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെയും ഫോണിലുള്ള പ്രധാനപ്പെട്ടൊരു ആപ്പാണ് വാട്ട്സ്ആപ്പ്. എന്നാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മെസ്സേജുകളും ഫോട്ടോകളും അയക്കാന്‍ മാത്രമല്ല, ദിനംപ്രതിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കാം എന്ന് എത്രപേര്‍ക്കറിയാം? പ്രത്യേകമായി മറ്റ് പേയ്മെന്റ് ആപ്പുകളൊന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ, തികച്ചും ലളിതമായും സുരക്ഷിതമായും പണം അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.
വളര്‍ച്ച കൂടുന്നു
ജൂലൈ മാസത്തില്‍ വാട്ട്സ്ആപ്പ് പേ വഴി നടത്തിയത് 16.78 കോടി ഇടപാടുകളാണ്. ഇതിന്റെ ആകെ മൂല്യം 12,957 കോടി രൂപ വരും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ 7.46 കോടി ഇടപാടുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഉപയോഗം രണ്ടിരട്ടിയിലധികമായി വര്‍ദ്ധിച്ചു. ഈ വളര്‍ച്ചയോടെ Cred, Amazon Pay തുടങ്ങിയ ആപ്പുകളെ പിന്നിലാക്കി ഇന്ത്യയിലെ 8-ാമത്തെ വലിയ UPI ആപ്പായി വാട്ട്സ്ആപ്പ് പേ മാറി. മുന്‍പ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, വാട്ട്സ്ആപ്പ് പേ ഉപയോഗിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ പരിധികള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ ഈ നിയന്ത്രണങ്ങള്‍ നീക്കിയതാണ് ഇപ്പോള്‍ ഇത്രയും വലിയ വളര്‍ച്ചയ്ക്ക് കാരണമായത്.
ഇന്ത്യയില്‍ ഇപ്പോഴും PhonePe (10.85 ബില്യണ്‍ ഇടപാടുകള്‍), Google Pay (7.64 ബില്യണ്‍), Paytm (1.90 ബില്യണ്‍) എന്നിവയാണ് ഏറ്റവും മുന്നില്‍ നില്ക്കുന്ന ആദ്യ 3 UPI ആപ്പുകള്‍.
നേട്ടങ്ങള്‍ ഏറെ
മറ്റൊരു ആപ്പ് വേണ്ടെന്നതാണ് ആദ്യത്തെ പ്രയോജനം. ഫോണില്‍ ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍പേ പോലെയുള്ള പ്രത്യേക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ചാറ്റ് ചെയ്യുന്ന വാട്ട്സ്ആപ്പിലൂടെത്തന്നെ പണം അയക്കാം.
കൂടുതല്‍ സുരക്ഷിതം
ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന യുപിഐ സാങ്കേതികവിദ്യയാണ് ഇതിലും ഉപയോഗിക്കുന്നത്. ഓരോ ഇടപാടിനും സ്വന്തം യുപിഐ പിന് അടിക്കേണ്ടതിനാല് സുരക്ഷിതമാണ്.
QR കോഡ് സ്കാന്‍ ചെയ്യാം
കടകളിലുള്ള ഏത് UPI QR കോഡും സ്കാന്‍ ചെയ്ത് പണമടക്കാന്‍ ഇതിലെ ‘Scan QR’ സൗകര്യം വഴി സാധിക്കും.
സൗജന്യ സേവനം
പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ യാതൊരുവിധ അധിക ചാര്‍ജുകളും ഈടാക്കുന്നില്ല.
ചാറ്റ് ഹിസ്റ്ററിയില്‍ കാണാം
ആര്‍ക്കൊക്കെ എത്ര രൂപ അയച്ചു എന്നത് സാധാരണ ചാറ്റ് മെസ്സേജ് പോലെ കൃത്യമായി ഫോണില്‍ കാണാന്‍ സാധിക്കും.
പ്രശ്നങ്ങള്‍
വേഗത്തില്‍ വളരുമ്പോഴും വാട്സ്ആപ്പ് പേ നേരിടുന്ന ചില പ്രധാന വെല്ലുവിളികളും പരിമിതികളുമുണ്ട്. ഇന്ത്യയിലെ യുപിഐ വിപണിയുടെ 80 ശതമാനത്തിലധികവും കൈയടക്കിവെച്ചിരിക്കുന്നത് PhonePe, Google Pay എന്നിവയായതിനാല്‍ അവയെ മറികടക്കുക വാട്ട്സ്ആപ്പിന് എളുപ്പമല്ല. കൂടാതെ, തുടക്കത്തില്‍ സര്‍ക്കാരില്‍ നിന്നും എന്‍പിസിഐയില്‍ നിന്നും അനുമതി ലഭിക്കാന്‍ വൈകിയത് എതിരാളികള്‍ക്ക് വിപണി പിടിച്ചെടുക്കാന്‍ അവസരമൊരുക്കി. കൂടുതല്‍ ആളുകളും വാട്ട്സ്ആപ്പിനെ ഒരു ചാറ്റിംഗ് ആപ്പായി മാത്രം കാണുന്നതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇതിനെ വിശ്വസിക്കാന്‍ മടിക്കുന്നതും, ക്യാഷ്ബാക്ക് റിവാര്‍ഡുകള്‍, കടകളിലെ സൗണ്ട് ബോക്സുകള്‍, ഇന്‍ഷുറന്‍സ്, ലോണുകള്‍ തുടങ്ങിയ അധിക സേവനങ്ങളുടെ കുറവും വാട്ട്സ്ആപ് പേ നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങളാണ്.




