6ജി യുദ്ധ വിമാനങ്ങള്‍: ഫ്രാന്‍സിനോട് സഹകരിക്കാന്‍ ഇന്ത്യ
ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ഫ്രാന്സിനോടൊത്ത് നിര്‍മിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്ന് ആറാം തലമുറ (6ജി) യുദ്ധവിമാനങ്ങള്‍ ഡെവലപ്പ് ചെയ്യുന്ന ഫ്യൂച്ചര്‍ കോപാംകാറ്റ് എയര്‍ സിസ്റ്റം (എഫ്സിഎഎസ്) പരിപാടിയിലേക്കാണ് ഇന്ത്യയും ചേരുന്നത്. യുകെയും ഇറ്റലിയും ജപ്പാനും ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യവും 6ജി യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് ശ്രമിക്കുന്നുണ്ട്. ഇതും ഇന്ത്യയുടെ പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാകാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് താല്‍പ്പര്യം. ഇന്ത്യയുടെ വ്യോമസേനയുടെ പ്രധാന ആക്രമണ യുദ്ധവിമാനമായി മാറിയിരിക്കുന്നത് ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്റെ റഫേല്‍ യുദ്ധവിമാനങ്ങളാണ്. ഈ സഹകരണം 6ജി അത്യാധുനിക യുദ്ധവിമാനങ്ങളിലൂടെ കൂടുതല്‍ ദൃഢമാക്കാനാണ് ഇന്ത്യയുടെ ആലോചന.
യുപിഐ ഉപഭോക്താക്കളില്‍ നിന്ന് ഫീ ഈടാക്കില്ലെന്ന് ഫോണ്‍ പേ
യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് ഫോണ്‍പേ സിഇഒ സമീര്‍ നിഗം വ്യക്തമാക്കി. 2,000 രൂപയ്ക്ക് മുകളിലുള്ള ചില ബിസിനസ് കേന്ദ്രീകൃത യുപിഐ ഇടപാടുകള്‍ക്ക് 0.25%-0.4% വരെ മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്. വ്യക്തിഗത ഇടപാടുകള്‍ ഈ നിര്‍ദിഷ്ട നിരക്കിന്റെ പരിധിയില്‍ വരില്ലെന്നും, ബാധകമായ ചാര്‍ജുകള്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ട് ഈടാക്കുന്നതല്ലെന്നും പേയ്മെന്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ പ്രതിസന്ധി വൈകാതെ അവസാനിക്കുമെന്ന് ട്രംപ്
പശ്ചിമേഷ്യന്‍ പ്രതിസന്ധി വൈകാതെ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും വാണിജ്യ കപ്പല്‍ഗതാഗതത്തിനായി തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്-ഒമാന്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് യുഎസ് വിലയിരുത്തി. വാണിജ്യ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനാകുമെന്ന് ഉറപ്പായാല്‍ യുഎസ് ഇറാനെതിരായ ഉപരോധനടപടികളില്‍ ഇളവ് നല്കാന് തയ്യാറാകുമെന്നാണ് സൂചന. അതേസമയം ഇറാന് ഹോര്‍മുസിന്റെ നിയന്ത്രണം സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. എതുതരത്തിലുള്ള സൈനിക നടപടിയെയും നേരിടാന്‍ ഇറാന് യുദ്ധസജ്ജമാണെന്ന് ടെഹ്റാന് പ്രതികരിച്ചു.
കൂടുതല്‍ എണ്ണക്കപ്പലുകള്‍ വാങ്ങി അഡ്നോക്
പശ്ചിമേഷ്യന്‍ സംഘര്‍ഷം എണ്ണ നീക്കത്തെ ബാധിച്ചിരിക്കുന്നതിനിടെ യുഎഇയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ അഡ്നോക്, ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ടാങ്കര്‍ കപ്പല്ശേഷി വിപുലീകരിച്ചു. കമ്പനിയുടെ ഷിപ്പിംഗ് വിഭാഗത്തിന്റെ വമ്പന്‍ ക്രൂഡ് കാരിയറുകളുടെ (വിഎല്‍സിസി) എണ്ണം എട്ടില്‍ നിന്ന് 14 ആയി ഉയര്‍ന്നു. ഓരോ വിഎല്സിസിക്കും ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിക്കാനാകും. പ്രൊപ്പെയ്ന്‍ പോലുള്ള ഇന്ധനങ്ങള്‍ കൊണ്ടുപോകുന്ന അഞ്ച് കപ്പലുകളും അഡ്നോക് വാങ്ങിയിട്ടുണ്ട്; ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംഘര്‍ഷം മൂലം തടസ്സപ്പെട്ടിട്ടും കഴിഞ്ഞ രണ്ട് മാസമായി അഡ്നോക് മറ്റേതൊരു ഉല്പ്പാദകരെക്കാളും കൂടുതല്‍ എണ്ണ ഇതുവഴി കടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പ്രീമിയം ഗ്രോസറിയുമായി ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്
ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ മിനിറ്റ്സ് ഗോര്‍മെറ്റ് ഗ്രോസറി വിഭാഗത്തിലേക്ക് കടന്നു. സ്വന്തം പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡായ പിവൈകെഡിയും കമ്പനി അവതരിപ്പിച്ചു. പ്രീമിയം ഉല്‍പ്പന്നങ്ങളാണ് ഗോര്‍മെറ്റ് വിഭാഗത്തിലുള്ളത്. പിവൈകെഡിയില് ചിപ്സ് ഉല്‍പ്പന്നങ്ങളും. കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളിലൂടെ ഓരോ ഓര്‍ഡറിന്റെയും ശരാശരി മൂല്യം ഉയര്‍ത്തുകയാണ് ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം.




