ഗൗതം അദാനിക്കെതിരായ യുഎസിലെ ക്രിമിനല്‍ കൈക്കൂലി കേസില്‍ നിര്‍ണായക വഴിത്തിരിവ്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജി നിക്കോളസ് ഗരൗഫിസ്, അദാനിക്കെതിരായ കേസ് തള്ളാനുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ അപേക്ഷ അംഗീകരിച്ചു. ഇതോടെ അദാനിക്കും അദ്ദേഹത്തിന്റെ മരുമകന് സാഗര്‍ അദാനിക്കും അദാനി ഗ്രീന്‍ എനര്‍ജി സിഇഒ വിനീത് എസ് ജയിനും എതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ നീതിന്യായ വകുപ്പ് സ്വീകരിച്ച നടപടിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചത് പുതിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
2024 നവംബറിലാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, അദാനിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സോളാര്‍ വൈദ്യുതി കരാറുകള്‍ സ്വന്തമാക്കുന്നതിനായി 25 കോടി ഡോളറിലധികം, (ഏകദേശം 2,000 കോടി രൂപ) കൈക്കൂലി നല്കാന് പദ്ധതിയിട്ടുവെന്നായിരുന്നു പ്രധാന ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ് നിക്ഷേപകരില്‍നിന്ന് മറച്ചുവെച്ചെന്നും അധികൃതര്‍ ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ 2026 മേയില്‍ യുഎസ് നീതിന്യായ വകുപ്പ് കേസ് മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. കേസ് പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ അപേക്ഷ ആദ്യം ജഡ്ജി ഗരൗഫിസ് വിശദമായ വിശദീകരണമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം ചുരുങ്ങിയതും വ്യക്തതയില്ലാത്തതുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കൂടുതല്‍ വിശദീകരണം തേടിയ ശേഷമാണ് ഇപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്.
സര്‍ക്കാരിന്റെ നടപടി അസാധാരണമെന്ന് കോടതി
കേസ് തള്ളിയെങ്കിലും, സര്‍ക്കാരിന്റെ നടപടിയില്‍ ‘വളരെ അസാധാരണമായ’ ചില കാര്യങ്ങളുണ്ടെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് കേസ് ഉപേക്ഷിക്കാന്‍ സ്വീകരിച്ച നടപടിക്രമത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമീപനത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി. കേസ് അവസാനിച്ചെങ്കിലും അതിലേക്ക് നയിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. കേസ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പ് അമേരിക്കയില്‍ 1000 കോടി ഡോളര്‍ വരെ നിക്ഷേപിക്കാനുള്ള വാഗ്ദാനം നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കേസ് അവസാനിച്ചതോടെ അദാനി ഗ്രൂപ്പിന് നിയമപരമായി വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് കോടതിയുടെ നടപടിയും ജഡ്ജിയുടെ വിമര്‍ശനവും ഈ കേസിനെ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
ഓഹരികളില്‍ മുന്നേറ്റം
വിപണിയുടെ ഇടിവിനിടയിലും കുതിച്ച് അദാനി ഗ്രൂപ്പ് ഓഹരികള്‍. യുഎസില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തകളെ തുടര്‍ന്ന് അദാനി എനര്‍ജി സൊലൂഷന്‍സ് 0.55% വരെ മുന്നേറി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി എന്റര്‍പ്രൈസസ്, അദാി പോര്‍ട്സ് തുടങ്ങിയ ഓഹരികളും 0.5 ശതമാനത്തോളം കുതിച്ചു. ലാഭമെടുപ്പ് ഉണ്ടായതോടെ ഓഹരികള്‍ ഇടിഞ്ഞു.




