ഇതാദ്യമായി ഇന്ത്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്ത് റഷ്യ. ഉക്രെയ്ന് ആക്രമണത്തെ തുടര്‍ന്ന് റിഫൈനറികള്‍ പ്രവര്‍ത്തന രഹിതമായതോടെ കടുത്ത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് ശുദ്ധീകരിച്ച ഇന്ധനം റഷ്യ ഇറക്കുമതി ചെയ്തത്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നയാര എനര്‍ജിയാണ് ശുദ്ധീകരിച്ച ഇന്ധനം റഷ്യയിലേക്ക് അയച്ചത്. ആദ്യ ടാങ്കര്‍ ഈ മാസം 5 ന് റഷ്യയിലെത്തി. കൂടുതല്‍ എണ്ണ ടാങ്കറുകള്‍ റഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നായ റഷ്യയെ അസാധാരണമായ ഇന്ധന പ്രതിസന്ധിയിലേക്കാണ് ഉക്രെയ്ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ തള്ളിവിട്ടിരിക്കുന്നത്. ഇതുവരെ ഏഴ് റഷ്യന്‍ റിഫൈനറികള്‍ ഉക്രെയ്ന് തകര്‍ത്തിട്ടുണ്ട്. 5.4 ദശലക്ഷം ബാരലാണ് റഷ്യയുടെ പ്രതിദിന ഇന്ധന ശുദ്ധീകരണ ശേഷി. ഉക്രെയ്ന് ആക്രമണത്തിന് ശേഷം ഇത് 3.6 ദശലക്ഷം ബാരലിലേക്ക് ഇടിഞ്ഞിട്ടുണ്ട്. അയല്‍ രാജ്യമായ ബെലാറൂസില്‍ നിന്നടക്കം റഷ്യ ശുദ്ധീകരിച്ച പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നു.
ഇന്ത്യയുടെ ഇറക്കുമതിയും റെക്കോഡില്‍
യുഎസിന്റെ 100% താരിഫ് ഭീഷണിക്കിടെ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയും റെക്കോഡിലെത്തി. ജൂലൈയില്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പ്രതിദിനം 2.8 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 55.5% വരും ഇത്. 2024 ല്‍ പ്രതിദിനം ശരാശരി 1.8 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു
സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ വര്‍ധിച്ച് 14,195 രൂപയിലെത്തി. പവന് 760 രൂപ വര്‍ധനയോടെ 1,13,560 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ശതമാനത്തിലേറെ ഉയര്‍ന്ന് 4,415 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹാരമാകാതെ നീണ്ടുപോകുന്നതും ക്രൂഡ് വിലയിലെ വര്‍ധനയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ടാറ്റ മോട്ടോഴ്സിന്റെ ലാഭം 83% ഉയര്‍ന്നു
ടാറ്റ മോട്ടോഴ്സ് ആദ്യ പാദ ഫലം പ്രഖ്യാപിച്ചു. ടിഎംസിവി എന്ന ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സിന്റെ അറ്റലാഭം 83.24% വര്‍ധിച്ച് 2,560 കോടി രൂപയായി. വരുമാനം 20 ശതമാനത്തോളം ഉയര്‍ന്ന് 20,576 കോടി രൂപയായി. അതേസമയം എന്‍ ചന്ദ്രശേഖരന്റെ രാജിയെത്തുടര്‍ന്ന് ടാറ്റ ഓഹരികളില്‍ ഇന്ന് വലിയ ഇടിവ് ദൃശ്യമായി. ടിസിഎസ് 4.5 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ 1 ശതമാനത്തിലേറെയായിരുന്നു ഇടിവ്.




