2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം ഒരു വികസിത രാഷ്ട്രമായി മാറണമെന്ന ലക്ഷ്യത്തിന് പുതിയ വളര്‍ച്ചാ ചട്ടക്കൂട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ‘ശക്തിയുടെ സപ്തധാര’ (Shakti Ki Saptadhara) എന്ന ഏഴ് മേഖലകളെ അടിസ്ഥാനമാക്കിയുള്ള വികസന കാഴ്ചപ്പാട് മോദി അവതരിപ്പിച്ചത്.
- ഉല്‍പ്പാദനത്തില്‍ സമ്പൂര്‍ണ സ്വാശ്രയത്വം
- കൃഷിയില്‍ നിന്ന് ഭക്ഷ്യസംസ്കരണത്തിലേക്ക്
- സാങ്കേതികവിദ്യ: AI മുതല്‍ സെമികണ്ടക്ടര്‍ വരെ
- ഗതിശക്തി: വളര്‍ച്ചയുടെ അടിസ്ഥാന സൗകര്യം
- പ്രതിരോധം: ആത്മനിര്‍ഭരതയില്‍ നിന്ന് തന്ത്രപ്രധാന സ്വാതന്ത്ര്യത്തിലേക്ക്
- ഗ്രീന്‍-ബ്ലൂ ഇക്കോണമി
- സോഫ്റ്റ് പവര്‍: ഇന്ത്യയുടെ സംസ്കാരവും സ്വാധീനവും
- എന്തുകൊണ്ട് സപ്തധാര നിര്‍ണായകമാകും?
- English Summary
നിര്‍മാണം, കൃഷിയും ഭക്ഷ്യസംസ്കരണവും, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാനസൗകര്യവും ഗതിശക്തിയും, പ്രതിരോധം, ഹരിത-നീല സമ്പദ്വ്യവസ്ഥ, ഇന്ത്യയുടെ സോഫ്റ്റ് പവര്‍ എന്നിവയാണ് സപ്തധാരയിലെ ഏഴ് ശക്തിസ്രോതസ്സുകള്‍. ഇവയെ ഓരോന്നായി വളര്‍ത്തുക മാത്രമല്ല, പരസ്പരം ബന്ധിപ്പിച്ചുള്ള സമഗ്ര വളര്‍ച്ചയിലൂടെ ഇന്ത്യയുടെ സാമ്പത്തിക ശേഷിയും തന്ത്രപ്രധാന സ്വാതന്ത്ര്യവും ആഗോള സ്വാധീനവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
മോദിയുടെ പ്രഖ്യാപനത്തിലെ പ്രധാന സന്ദേശം, ഇന്ത്യയുടെ അടുത്ത ഘട്ട വളര്‍ച്ച ഏതെങ്കിലും ഒരു മേഖലയെ മാത്രം ആശ്രയിച്ചാകരുതെന്നതാണ്. രാജ്യത്തിന്റെ സാമ്പത്തികവും സാങ്കേതികവും പ്രതിരോധപരവും അടിസ്ഥാനസൗകര്യപരവുമായ ശേഷികള്‍ ഒരുമിച്ച് മുന്നേറണം. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും സപ്തധാരകളുടെ കൂട്ടായ ശക്തിയിലൂടെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളില്‍ കൈവരിക്കാനാകാതിരുന്ന നേട്ടങ്ങള്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉല്‍പ്പാദനത്തില്‍ സമ്പൂര്‍ണ സ്വാശ്രയത്വം
സപ്തധാരയിലെ ആദ്യത്തേതും സാമ്പത്തികമായി ഏറ്റവും നിര്‍ണായകവുമായ മേഖല നിര്‍മാണ ശക്തിയാണ്. ഇന്ത്യ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, അതിന്റെ മുഴുവന്‍ വിതരണ-മൂല്യ ശൃംഖലയും രാജ്യത്തിനകത്ത് സൃഷ്ടിക്കണമെന്നാണ് മോദിയുടെ ലക്ഷ്യം.
ചെറിയ ഘടകങ്ങള്‍ മുതല്‍ അവ സംയോജിപ്പിച്ചുള്ള വലിയ എന്‍ഡ് പ്രൊഡക്റ്റുകള്‍ വരെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കണം. ഡിസൈന്‍, ഘടക നിര്‍മാണം, അസംബ്ലി, പൂര്‍ണ ഉല്പന്ന നിര്‍മാണം തുടങ്ങി end-to-end manufacturing ശേഷി വികസിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ആഗോള വിതരണ ശൃംഖലയിലെ വിശ്വസനീയമായ ഉല്പാദന കേന്ദ്രമായി ഇന്ത്യ മാറുക എന്നതാണ് ഇതിന് പിന്നിലെ വലിയ ലക്ഷ്യം.
ഇന്ത്യയുടെ ജിഡിപിയില്‍ നിര്‍മാണ മേഖലയുടെ വിഹിതം നിലവില്‍ ഏകദേശം 17 ശതമാനത്തിന് സമീപമാണ്. 2035ഓടെ ഇത് 25 ശതമാനമാക്കുക എന്ന ലക്ഷ്യവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സേവനാധിഷ്ഠിത വളര്‍ച്ചയില്‍നിന്ന് ഉല്പാദനവും കയറ്റുമതിയും കൂടുതല്‍ ശക്തമായ സമ്പദ്വ്യവസ്ഥയിലേക്ക് മാറുക എന്നതാണ് സപ്തധാരയിലെ ആദ്യ പടവിന്റെ വലിയ ലക്ഷ്യം.
കൃഷിയില്‍ നിന്ന് ഭക്ഷ്യസംസ്കരണത്തിലേക്ക്
രണ്ടാമത്തെ പടവ് കൃഷിയും ഭക്ഷ്യ ഉല്പന്നങ്ങളുമാണ്. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തുതന്നെ കൂടുതല്‍ മൂല്യവര്‍ധന സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കൃഷി, സംസ്കരണം, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, കയറ്റുമതി എന്നിങ്ങനെ ശൃംഖലയാകെ ശക്തിപ്പെടുത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ഭക്ഷ്യസംസ്കരണ മേഖലയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ഇന്ത്യ ഒപ്പുവെക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി ലഭിക്കുന്ന ആഗോള വിപണി അവസരങ്ങള്‍ MSME-കളും ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
സാങ്കേതികവിദ്യ: AI മുതല്‍ സെമികണ്ടക്ടര്‍ വരെ
മൂന്നാമത്തെ പടവ് സാങ്കേതികവിദ്യയും നവീകരണവുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍, ക്വാണ്ടം ടെക്നോളജി, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യയുടെ ആഭ്യന്തര ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിന്റെ കാതല്‍.
സെമികണ്ടക്ടര്‍ ചിപ്പുകള്‍ പോലുള്ള നിര്‍ണായക സാങ്കേതിക ഘടകങ്ങളില്‍ വിദേശ ആശ്രിതത്വം കുറയ്ക്കുന്നത് സാമ്പത്തിക സുരക്ഷയുടെയും ദേശീയ സുരക്ഷയുടെയും ഭാഗമാണ്. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 7-8 പുതിയ സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ലക്ഷ്യവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒരു കോടി യുവാക്കള്‍ക്ക് AI പരിശീലനം നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
ഗതിശക്തി: വളര്‍ച്ചയുടെ അടിസ്ഥാന സൗകര്യം
നാലാമത്തെ ധാര ഗതിശക്തിയാണ്. റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിര്‍മാണശേഷി കൈവരിക്കുന്നതിനൊപ്പം ഉല്പന്നങ്ങള് വേഗത്തിലും കുറഞ്ഞ ചെലവിലും വിപണിയിലെത്തിക്കാന്‍ ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും ആവശ്യമാണ്. അതിനാല്‍ നിര്‍മാണവും ഗതിശക്തിയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് സപ്തധാരയുടെ പ്രത്യേകത.
പ്രതിരോധം: ആത്മനിര്‍ഭരതയില്‍ നിന്ന് തന്ത്രപ്രധാന സ്വാതന്ത്ര്യത്തിലേക്ക്
അഞ്ചാമത്തെ പടവ് പ്രതിരോധ ശക്തിയാണ്. പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര നിര്‍മാണം വര്‍ധിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാന സ്വാതന്ത്ര്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രതിരോധം ഇന്ന് ഒരു സുരക്ഷാ മേഖല മാത്രമല്ല, വലിയൊരു വ്യവസായ-സാങ്കേതിക മേഖലയുമാണ്. വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍, സെന്‍സറുകള്‍, പ്രതിരോധ സോഫ്റ്റ്വെയര് തുടങ്ങിയ മേഖലകളിലെ ആഭ്യന്തര ഉല്പാദനം രാജ്യത്ത് പുതിയ വ്യവസായ ശൃംഖലകളും തൊഴിലും കയറ്റുമതി അവസരങ്ങളും സൃഷ്ടിക്കും.
ഗ്രീന്‍-ബ്ലൂ ഇക്കോണമി
ആറാമത്തെ ധാര Green and Blue Economy ആണ്. പുനരുപയോഗ ഊര്‍ജം, ശുദ്ധമായ സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണം, സമുദ്ര വിഭവങ്ങള്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലകളെ സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ ഭാവി ഊര്‍ജസുരക്ഷയുമായി ഇതിന് നേരിട്ടുള്ള ബന്ധമുണ്ട്. 2047ഓടെ 100 ഗിഗാവാട്ട് ആണവോര്‍ജ ശേഷി കൈവരിക്കാനുള്ള ലക്ഷ്യവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഊര്‍ജ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര ഊര്‍ജ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സപ്തധാരയിലെ ആത്മനിര്‍ഭരതാ ആശയത്തിന്റെ പ്രധാന ഭാഗമാണ്.
സോഫ്റ്റ് പവര്‍: ഇന്ത്യയുടെ സംസ്കാരവും സ്വാധീനവും
ഏഴാമത്തേത് മറ്റ് ആറ് ധാരകളില്‍നിന്ന് വ്യത്യസ്തമായ ഇന്ത്യയുടെ സോഫ്റ്റ് പവര്‍ ആണ്. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ സംസ്കാരം, സിനിമ, കല, പൈതൃകം, മൂല്യങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയവയിലൂടെ ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതോടെ മോദിയുടെ ‘സപ്തധാര’ കേവലം ഒരു സാമ്പത്തിക വളര്‍ച്ചാ പദ്ധതി മാത്രമല്ലാതാകുന്നു. ഇന്ത്യയുടെ ഉല്പാദന ശേഷി മുതല്‍ സാംസ്കാരിക സ്വാധീനം വരെയുള്ള സമഗ്ര ദേശീയ ശക്തിയുടെ രൂപരേഖയായി മാറുകയാണത്.
എന്തുകൊണ്ട് സപ്തധാര നിര്‍ണായകമാകും?
സപ്തധാരയുടെ യഥാര്‍ഥ പ്രാധാന്യം ഈ ഏഴ് മേഖലകള്‍ തമ്മിലുള്ള ബന്ധത്തിലാണ്. നിര്‍മാണ മേഖലയ്ക്ക് സെമികണ്ടക്ടറുകളും AIയും ആവശ്യമാണ്. നിര്‍മിച്ച ഉല്പന്നങ്ങള്ക്ക് റോഡും റെയിലും തുറമുഖങ്ങളും വേണം. വ്യവസായത്തിന് ഊര്‍ജം വേണം. തന്ത്രപ്രധാന വ്യവസായങ്ങള്‍ക്ക് പ്രതിരോധ സുരക്ഷ ആവശ്യമാണ്. കൃഷി ഉല്പാദനത്തിന് ഭക്ഷ്യസംസ്കരണവും ലോജിസ്റ്റിക്സും ആവശ്യമാണ്. ഈ മുഴുവന്‍ ശൃംഖലയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനാകുക. അതുകൊണ്ടുതന്നെ ‘സപ്തധാര’ ഒരു ഏഴ് ഇന വികസന പട്ടികയേക്കാള്‍ ഇന്ത്യയുടെ അടുത്ത വളര്‍ച്ചാ മാതൃകയുടെ ദിശാസൂചികയായാണ് കാണേണ്ടത്.
പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടില്‍ ഈ മാറ്റത്തിന്റെ കേന്ദ്രബിന്ദു യുവാക്കളാണ്. AI പരിശീലനം ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികളിലൂടെ യുവജനങ്ങളുടെ കഴിവുകളെ രാഷ്ട്രനിര്‍മാണവുമായി ബന്ധിപ്പിക്കാനാണ് ശ്രമം. 2047 എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അടുത്ത 5-7 വര്‍ഷത്തെ ഒരു നിര്‍ണായക പരിവര്‍ത്തന കാലഘട്ടമായി കാണുന്നതും അതുകൊണ്ടാണ്.
‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര. ഇന്ത്യയ്ക്ക് വലിയ വിപണി എന്ന നിലയില്‍നിന്ന് വലിയ ഉല്പാദന ശക്തിയായും സാങ്കേതിക ശക്തിയായും പ്രതിരോധ ശക്തിയായും ഹരിത സാമ്പത്തിക ശക്തിയായും ആഗോള സ്വാധീന ശക്തിയായും മാറാനാകുമോ എന്നതാണ് ഇനി ഈ പ്രഖ്യാപനത്തിന്റെ യഥാര്‍ഥ പരീക്ഷണം. പ്രഖ്യാപനങ്ങളെ കൃത്യമായ നയങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും ഉല്പാദനത്തിലേക്കും കയറ്റുമതിയിലേക്കും തൊഴിലിലേക്കും മാറ്റാന്‍ കഴിയുന്നുവെങ്കില്‍ സപ്തധാരയ്ക്ക് 2047ലെ ഇന്ത്യയുടെ സാമ്പത്തിക രൂപകല്പനയില് നിര്‍ണായക പങ്ക് വഹിക്കാനാകും.




