കൊച്ചി: രാജ്യത്തെ സൈബര്‍ സുരക്ഷാ മേഖലയ്ക്ക് ദിശാബോധം നല്കുന്ന കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി (KCSS) 2026 സെപ്റ്റംബര്‍ 5-ന് കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ നടക്കും. ‘നിര്‍മിത ബുദ്ധിയുടെ കാലത്തെ സൈബര്‍ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് പ്രധാന വിഷയം. ഒറാക്കിള്‍, ആമസോണ്‍ വെബ് സര്‍വീസസ് (AWS), ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സിസ്കോ, സീസ്കെലെര് തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങള്‍ ഉച്ചകോടിയെ പിന്തുണയ്ക്കുന്നു. ഡിജിറ്റല്‍ സുരക്ഷയില്‍ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തില്‍ ശ്രദ്ധേയമായ ടെക് ഹബ്ബായി കൊച്ചിയെ വളര്‍ത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു.
എഫ്9 ഇന്‍ഫോടെക്കിന്റെ (F9 Infotech) നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.എസ്.സി.ഐ (DSCI), ടൈ കേരള, കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് (CCCI) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികള്‍.
പ്രമുഖരുടെ പങ്കാളിത്തം
ഹൈബി ഈഡന് (പാര്‍ലമെന്റ് അംഗം),മനോജ് എബ്രഹാം ഐ.പി.എസ് (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്), പ്രിയങ്ക ജി ഐ.എ.എസ് (എറണാകുളം ജില്ലാ കളക്ടര്‍), ഡോ. സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല കേരള), വിനായക് ഗോഡ്സെ (സി.ഇ.ഒ, ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ), ലെഫ്റ്റനന്റ് ജനറല്‍ മാധവന് ഉണ്ണികൃഷ്ണന് നായര്‍ (റിട്ട.) (മുന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍, ഭാരത സര്‍ക്കാര്‍) തുടങ്ങിയ പ്രമുഖരും 1000-ത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. തത്സമയ എഐ അറ്റാക്ക് സിമുലേഷനുകള്‍, ടെക്നിക്കല്‍ മാസ്റ്റര്‍ ക്ലാസുകള്‍ എന്നിവയും ഉച്ചകോടിയിലുണ്ടാകും.
അവാര്‍ഡ് സമര്‍പ്പണം
ഇന്ത്യന്‍ സൈബര്‍ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള പ്രഥമ കെ.സി.എസ്.എസ് സൈബര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ 2026 ഉച്ചകോടിയില്‍ വിതരണം ചെയ്യും.
- സൈബര്‍ സെക്യൂരിറ്റി ലീഡര്‍ ഓഫ് ദി ഇയര്‍
- സൈബര്‍ സെക്യൂരിറ്റി എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍
- സൈബര്‍ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍
- സൈബര്‍ സെക്യൂരിറ്റി ഇന്നൊവേഷന് അവാര്‍ഡ്
- സൈബര്‍ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്സലന്‍സ് അവാര്‍ഡ്
എന്നീ അഞ്ച് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് F9 ഇന്‍ഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയകുമാര്‍ മോഹനചന്ദ്രന്, ചീഫ് ടെക്നോളജി ഓഫീസര്‍ രാജേഷ് രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




