ആഗോള വിപണിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായി നാലാമത്തെ ആഴ്ചയിലും വില താഴേക്ക് പോകുന്ന പ്രവണതയാണുള്ളത്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം സാധാരണ നിലയിലേക്കു മടങ്ങുകയും അമേരിക്ക–ഇറാൻ ചർച്ചകൾ പുരോഗമിക്കുകയും ചെയ്തതോടെ വിതരണ ആശങ്കകൾ കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായാണ് നാലാം ആഴ്ചയിലും ബ്രെന്റ് ക്രൂഡ് വില ഇടിവിലേക്ക് നീങ്ങുന്നത്. ഇപ്പോൾ ഏകദേശം 71–73 ഡോളർ നിരക്കിൽ ബ്രെന്റ് ക്രൂഡും, ഡബ്ല്യു.ടി.ഐ ക്രൂഡ് 68–69 ഡോളർ നിരക്കിലുമാണ് വിപണിയിലുള്ളത്.
ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത് വിതരണ ശൃംഖലയിലെ ആശങ്കകൾ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്. സൗദി അറേബിയയിൽ നിന്നുള്ള കയറ്റുമതിയുടെ അളവ് പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗണ്യമായി കുറഞ്ഞിരുന്നു. ഇത് യുദ്ധത്തിന് മുൻപുണ്ടായിരുന്നതിന്റെ 90% വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജൂൺ പകുതിയോടെ അമേരിക്കയും ഇറാനും തമ്മിൽ ഒരു പ്രാഥമിക ധാരണാ പാത്രത്തിൽ ഒപ്പുവച്ചിരുന്നു. ഇത് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഇന്ത്യക്കും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ആഗോള ക്രൂഡ് വില താഴ്ന്നതോടെ വിമാന ഇന്ധനത്തിന്റെയും കൊമേഴ്സ്യൽ എൽപിജിയുടെയും വിലയിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, പെട്രോൾ, ഡീസൽ നിരക്കിലും, ഗാർഹിക എൽപിജിയുടെ വിലയിലും ഉടൻ വലിയ മാറ്റം പ്രതീക്ഷിക്കാൻ ആയിട്ടില്ല.




