ടാറ്റ ഗ്രൂപ്പിന് വന്‍ ആഘാതമായി ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് രാജി പ്രഖ്യാപിച്ചു. നിലവിലെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും സ്ഥാനമേറ്റെടുക്കില്ലെന്ന് അദ്ദേഹം പഖ്യാപിച്ചു. 2027 ഫെബ്രുവരി 20-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ടാറ്റ ട്രസ്റ്റുമായും ചെയര്മാന് നോയല്‍ ടാറ്റയുമായും നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെയാണ് ചന്ദ്രശേഖരന്റെ അപ്രതീക്ഷിത തീരുമാനം.
63 കാരനായ ചന്ദ്രശേഖരന് ടാറ്റ ഗ്രൂപ്പിലെ തന്റെ 40 വര്‍ഷത്തെ പ്രൊഫഷണല്‍ കരിയറാണ് അവസാനിപ്പിക്കുന്നത്. 2017 ജനുവരിയിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിതനായത്. അതിന് മുമ്പ് ഏകദേശം 30 വര്‍ഷം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) പ്രവര്‍ത്തിക്കുകയും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്.
നോയല്‍ ടാറ്റയുടെ റെഡ് കാര്‍ഡ്
ചന്ദ്രശേഖരന് മൂന്നാം ടേമായി അഞ്ച് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുന്നതിനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരിയില്‍ ടാറ്റ സണ്‍സ് ബോര്‍ഡ് യോഗം പരിഗണിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റും സര് രത്തന്‍ ടാറ്റ ട്രസ്റ്റും അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനെ പൂര്‍ണമായും പിന്തുണച്ചിരുന്നു. എന്നാല്‍ ടാറ്റ ട്രസ്റ്റ് ചെയര്മാന് നോയല്‍ ടാറ്റ ഈ തീരുമാനത്തോട് വിയോജിച്ചു. ടാറ്റ സണ്‍സ് ബോര്‍ഡിലെ ഒരു അംഗത്തിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ പ്രമേയം പാസായില്ലെന്ന് നോയലിന്റെ പേരെടുത്തു പറയാതെ ചന്ദ്രശേഖരന് പ്രസ്താവനയില്‍ വ്യക്തമാക്കി. ആറുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും നിയമനം തേടേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഓഹരി ഘടന
ടാറ്റ സണ്‍സിന്റെ ഉടമസ്ഥതാ ഘടനയാണ് സംഭവവികാസങ്ങളുടെ പ്രധാന പശ്ചാത്തലം. സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റിന് 27.98%, സര് രത്തന്‍ ടാറ്റ ട്രസ്റ്റിന് 23.56% ഓഹരി കമ്പനിയിലുണ്ട്. മറ്റ് ടാറ്റ ട്രസ്റ്റുകള്‍ക്ക് കൂടി 14.4% ഓഹരി ഉള്ളതിനാല്‍ ടാറ്റ ട്രസ്റ്റുകളുടെ മൊത്തം പങ്കാളിത്തം 65.9% ആണ്. ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് 18.38%, ഒമ്പത് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ക്ക് 12.86%, ഏഴ് വ്യക്തികള്‍ക്ക് 2.87% എന്നിങ്ങനെയാണ് ശേഷിക്കുന്ന ഓഹരികള്‍.
പിന്‍ഗാമിക്കായി സെലക്ഷന് കമ്മറ്റി
ചന്ദ്രശേഖരന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി അഞ്ചംഗ സെലക്ഷന് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ദൊറാബ്ജി ടാറ്റ ട്രസ്റ്റും രത്തന്‍ ടാറ്റ ട്രസ്റ്റും ചേര്‍ന്ന് മൂന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. ടാറ്റ സണ്‍സ് ബോര്‍ഡില്‍നിന്ന് ഒരാളും പുറത്തുനിന്നുള്ള ഒരു സ്വതന്ത്ര അംഗവും കമ്മിറ്റിയിലുണ്ടാകും. പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കണമെന്നാണ് ചന്ദ്രശേഖരന്റെ ആവശ്യം. പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പും ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ബന്ധവും ഇനി ഗ്രൂപ്പിന്റെ അടുത്ത ഘട്ടത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും.
ഓഹരികള്‍ ഇടിഞ്ഞു
ഏകദേശം 400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച നിര്‍ണായക ഘട്ടത്തിലാണ് ഈ നേതൃമാറ്റം. ചന്ദ്രശേഖരന്റെ പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും സമ്മര്‍ദം പ്രകടമായി. ടിസിഎസ് ഉള്‍പ്പെടെയുള്ള പ്രധാന ഓഹരികള്‍ ഇടിഞ്ഞു. ടിസിഎസ് 4.5% കൂപ്പുകുത്തി. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ ഇലക്ട്രോണിക്സ് ഓഹരികള്‍ 2 ശതമാനത്തോളം ഇടിഞ്ഞു.




