ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായടാറ്റ സണ്‍സിന്റെ 108-ാമത് വാര്‍ഷിക പൊതുയോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച യോഗം 3 മണിക്ക് പിരിച്ചുവിട്ടു. ഏറ്റവും വലിയ രണ്ട് ടാറ്റ ട്രസ്റ്റുകളായ സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത പ്രതിനിധി യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് ക്വാറം തികയാതിരിക്കാന്‍ കാരണം.
ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരനും അനിത ജോര്‍ജും യോഗത്തിനായി ബോംബെ ഹൗസില്‍ നേരിട്ടെത്തിയപ്പോള്‍ ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും ഓണ്‍ലൈനായി പങ്കെടുത്തു. ടാറ്റ സണ്‍സിന്റെ Articles of Association ലെ Article 86 പ്രകാരം ക്വാറം തികയാന്‍ കുറഞ്ഞത് അഞ്ച് അംഗങ്ങള്‍ വേണം. ഇതില്‍ മേല്‍പ്പറഞ്ഞ രണ്ട് പ്രധാന ട്രസ്റ്റുകളുടെ സംയുക്ത പ്രതിനിധിയും ഉള്‍പ്പെടണം. എന്നാല്‍, മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണര്‍ സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ യോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കാരണം ട്രസ്റ്റിന് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ കഴിഞ്ഞില്ല.
ടാറ്റ സണ്‍സില്‍ സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റിനും സര് രത്തന്‍ ടാറ്റ ട്രസ്റ്റിനും ചേര്‍ന്ന് ഏകദേശം 51.5% ഓഹരിയുണ്ട്. എല്ലാ ടാറ്റ ട്രസ്റ്റുകളെയും ചേര്‍ത്താല്‍ ടാറ്റ സണ്‍സിലെ പങ്കാളിത്തം ഏകദേശം 66% ആണ്. അതിനാല്‍ ഈ ട്രസ്റ്റുകളുടെ പങ്കാളിത്തം ടാറ്റ സണ്‍സിന്റെ ഭരണത്തിലും നിര്‍ണായകമാണ്.
ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ബോര്‍ഡിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ചന്ദ്ര എന്ന് വിളിക്കുന്ന ചന്ദ്രശേഖരന്റെ രാജി. സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റിനും സര് രത്തന്‍ ടാറ്റ ട്രസ്റ്റും ചന്ദ്രശേഖരന് ഒരു ടേം കൂടി നല്‍കുന്നതിന് അനുകൂലമായിരുന്നെങ്കിലും നോയല്‍ ടാറ്റയുടെ എതിര്‍പ്പ് തിരിച്ചടിയായി.
പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ ടാറ്റ ട്രസ്റ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. എജിഎമ്മില്‍ ചന്ദ്രശേഖരന്റെ ഡയറക്ടര്‍ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കേണ്ടതായിരുന്നു. യോഗം മാറ്റിവെച്ചതോടെ ഈ വിഷയങ്ങളിലെ തീരുമാനങ്ങളും വൈകും. പുതിയ തിയതി സംബന്ധിച്ച് ബോര്‍ഡ് പിന്നീട് തീരുമാനിക്കും.
ഒന്നര പതിറ്റാണ്ടിലേറെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പില്‍ ടാറ്റ കുടുംബവും പ്രൊഫഷണല്‍ മാനേജ്മെന്റും തമ്മിലുള്ള ബന്ധം, ചന്ദ്രശേഖരന്റെ പിന്‍ഗാമിയെ കണ്ടെത്തല്‍, ടാറ്റ ട്രസ്റ്റുകളുടെ പങ്ക് എന്നിവയെല്ലാം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെയാണ് എജിഎം പോലും നടത്താനാകാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇത് ടാറ്റ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഭരണത്തെയും നേതൃമാറ്റത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കും.




