യാത്രകള്‍ക്കിടെയും ഹോട്ടല്‍ മുറികളില്‍ എത്തുമ്പോഴും സൗജന്യമായി കിട്ടുന്ന വൈഫൈ കണക്ഷനില്‍ പെട്ടെന്ന് ഫോണോ ലാപ്ടോപ്പോ കണക്റ്റ് ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അത് വളരെ അപകടകരമാണെന്നാണ് പ്രമുഖ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് നല്കുന്ന പുതിയ സുരക്ഷാ മുന്നറിയിപ്പ്.
പൊതുസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും വൈഫൈ നെറ്റ്വര്ക്കുകള് കേന്ദ്രീകരിച്ച് വന്‍കിട ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ക്യാപ്റ്റീവ് ക്രഞ്ച്’ എന്ന സൈബര്‍ ആക്രമണം നടന്നു വരികയാണ്. ലളിതമായ ഒരു ലിങ്കിലൂടെയോ വ്യാജ അപ്ഡേറ്റിലൂടെയോ നിങ്ങളുടെ ബാങ്കിംഗ് പാസ്വേഡുകള്, ഫോട്ടോകള്‍ എന്നിവ മാത്രമായിരിക്കില്ല ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത്. നിങ്ങളുടെ ഉപകരണത്തിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് സംഭാഷണങ്ങളും ദൃശ്യങ്ങളും വരെ അവര്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തേക്കാം. ഇതില്‍ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാം?
ആരാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്?
റഷ്യന്‍ ഹാക്കര്‍ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി ലോകത്ത് ഏറെ പ്രശസ്തമായ ഫാന്‍സി ബെയര്‍, ഫോറെസ്റ്റ് ബ്ലിസ്സഡ് തുടങ്ങിയ ഹാക്കിംഗ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് മൈക്രോസോഫ്റ്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സുമായി നേരിട്ട് ബന്ധമുള്ള ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പാണിത്. രാഷ്ട്രീയക്കാര്‍, വിദേശ നയതന്ത്രജ്ഞര്‍, വന്‍കിട ബിസിനസുകാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ഇവരുടെ പ്രധാന പണി.
ഹാക്കര്‍മാര്‍ എങ്ങനെയാണ് ആക്രമിക്കുന്നത്?
ഹോട്ടല്‍ വൈഫൈയില്‍ കണക്റ്റ് ചെയ്യുമ്പോള്‍ കാണുന്ന ലോഗിന്‍ പേജുകളില്‍ ഹാക്കര്‍മാര്‍ മാറ്റം വരുത്തുന്നു. തുടര്‍ന്ന് നിങ്ങളെ മൈക്രോസോഫ്റ്റ് ലോഗിന്‍ പേജുകളോട് സാമ്യമുള്ള വ്യാജ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുന്നു. നെറ്റ്വര്‍ക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ‘ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക’, ‘വിന്‍ഡോസ് സെക്യൂരിറ്റി സ്കാന്‍ ചെയ്യുക’ അല്ലെങ്കില്‍ ‘വൈഫൈ കുഴപ്പം പരിഹരിക്കുക’ എന്ന രീതിയിലുള്ള വ്യാജ നോട്ടിഫിക്കേഷനുകള്‍ ഫോണിലോ ലാപ്ടോപ്പിലോ വരും. ഉപയോക്താക്കള്‍ ഇത് അബദ്ധത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ‘കോണ്‍ ഫ്ളക്’ പോലെയുള്ള അപകടകാരികളായ വൈറസുകളും മാല്‍വെയറുകളും നിങ്ങളുടെ ഉപകരണത്തില്‍ ഇന്‍സ്റ്റാള്‍ ആകുന്നു.
എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാം?
- ലോഗിന്‍ ഐഡിയും പാസ്വേഡുകളും മൈക്രോസോഫ്റ്റ് അക്കൗണ്ട് വിവരങ്ങളും.
- നിങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും.
- ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് രഹസ്യമായി നിങ്ങളുടെ വീഡിയോകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.
- ഉപകരണത്തിലുള്ള സ്വകാര്യ ഫയലുകളും സ്ക്രീന്‍ഷോട്ടുകളും ചോര്‍ത്താന്‍ കഴിയും.
മൈക്രോസോഫ്റ്റ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍
- യാത്ര ചെയ്യുമ്പോള്‍ പരമാവധി പൊതു വൈഫൈ ഒഴിവാക്കി സ്വന്തം ഫോണിലെ മൊബൈല്‍ ഡാറ്റയോ ഹോട്ട്സ്പോട്ടോ ഉപയോഗിക്കുക.
- പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ വരുന്ന അപ്ഡേറ്റ് നോട്ടിഫിക്കേഷനുകളിലോ സെക്യൂരിറ്റി ലിങ്കുകളിലോ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്.
- നിര്‍ബന്ധമായി ഹോട്ടല്‍ വൈഫൈ ഉപയോഗിക്കേണ്ടി വന്നാല്‍ വിശ്വസനീയമായ ഒരു വിപിഎന്‍ ഉപയോഗിച്ച് കണക്റ്റ് ചെയ്യുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രമുഖ ബിസിനസുകാരും അന്താരാഷ്ട്ര യാത്രകള്‍ നടത്തുമ്പോള്‍ താമസിക്കുന്നത് വന്‍കിട ഹോട്ടലുകളിലാണ്. ഇവര്‍ തങ്ങളുടെ ഓഫീസുകളിലെ സുരക്ഷിതമായ നെറ്റ്വര്ക്കില് നിന്ന് മാറി ഇത്തരം പൊതു വൈഫൈ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഹോട്ടല്‍ വൈഫൈ നെറ്റ്വര്ക്കുകളില് ഹാക്കര്‍മാര്‍ കടന്നുകൂടുന്നതോടെ, അതേ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന യാത്രക്കാരന്റെ ഫോണിലേക്കും ലാപ്ടോപ്പിലേക്കും നേരിട്ട് വിവര ചോര്‍ച്ചയ്ക്കുള്ള വഴികള്‍ ഇവര്‍ തുറക്കുന്നു. വെറുമൊരു സാമ്പത്തിക തട്ടിപ്പല്ല ഇവര്‍ നടത്തുന്നത്. വന്‍കിട കമ്പനികളുടെ രഹസ്യങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍, നയതന്ത്ര ചര്‍ച്ചകള്‍ എന്നിവ ചോര്‍ത്തുക എന്നതാണ് ലക്ഷ്യം. ഹോട്ടലില്‍ തങ്ങുന്ന സാധാരണക്കാരെക്കാള്‍ ഉപരി, ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രമുഖ വ്യക്തികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അവര്‍ ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് അക്കൗണ്ടുകളുടെ പാസ്വേഡുകള് ചോര്‍ത്തി, അതിലൂടെ കമ്പനികളുടെയും സര്‍ക്കാരുകളുടെയും ആന്തരിക നെറ്റ്വര്‍ക്കിലേക്ക് കടന്നുകയറുന്നു. സാധാരണ ഹാക്കര്‍മാര്‍ പണത്തിന് വേണ്ടി സിസ്റ്റം പൂട്ടിയിടുകയാണ് ചെയ്യാറുള്ളതെങ്കില്‍, റഷ്യന്‍ സ്റ്റേറ്റ് ഹാക്കര്‍മാര്‍ വളരെ നിശബ്ദമായി നിങ്ങളുടെ ഉപകരണത്തില്‍ മാസങ്ങളോളം തുടരും. ക്യാമറയും മൈക്രോഫോണും വഴി നിങ്ങള്‍ നടത്തുന്ന രഹസ്യ യോഗങ്ങളും ഭാവി പദ്ധതികളും ഇവര്‍ തത്സമയം റെക്കോര്‍ഡ് ചെയ്ത് ചോര്‍ത്തുന്നു.




