കൊച്ചി: കാല്‍പ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് മാറ്റുകൂട്ടാന്‍ കേരളത്തിലൊരുങ്ങുന്ന ‘യുണൈറ്റ് 8 സ്പോര്‍ട്സ്’ ഫിഫ ലോകകപ്പ് 2026 ഔദ്യോഗിക ഫാന്‍ പാര്‍ക്കുകളിലേക്കുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ ഏറ്റവും വലിയ പബ്ലിക് സ്ക്രീനിംഗ് വേദികളിലേക്കുള്ള ആദ്യ ടിക്കറ്റുകള്‍ മേത്തര്‍ ഈഗിള്‍സ് എഫ്.സി കേരള ചെയര്മാന് ഷാഫി മേത്തര്‍ കൈമാറി. മുന്‍ ഏഷ്യന്‍ ഓള് സ്റ്റാര്‍സ് ഇലവന് താരവും ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര കളിക്കാരനും 1973-ലെ ചരിത്രപ്രസിദ്ധമായ സന്തോഷ് ട്രോഫി ചാമ്പ്യനുമായ ശ്രീ സി.സി ജേക്കബ്, മുന്‍ ഇന്ത്യന്‍ താരവും 1982-ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ച ക്യാപ്റ്റനുമായ ശ്രീ എം.എം ജേക്കബ്, 1973-ലെ സന്തോഷ് ട്രോഫി ജേതാവായ കേരള ടീമിലെ അംഗമായ ബ്ലാസി ജോര്‍ജ് എന്നിവരാണ് ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
സ്റ്റേഡിയത്തിന് സമാനമായ ആവേശവും അന്തരീക്ഷവും സമ്മാനിക്കുന്നതാണ് ഈ ഫാന്‍ പാര്‍ക്കുകള്‍. വലിയ എല്‍ഇഡി സ്ക്രീനുകള്‍, തത്സമയ വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഫുഡ് സോണുകള്‍, കാണികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങില്‍ മേത്തര്‍ ഈഗിള്‍സ് എഫ്.സി ചെയര്മാന് ഷാഫി മേത്തര്‍ ആകര്‍ഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ഫാന്‍ പാര്‍ക്കിലെത്തുന്ന കാണികള്‍ക്കായി സൗദി പ്രോ ലീഗ് മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള ടിക്കറ്റുകള്‍, കൊച്ചി നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്ര, ഐഫോണ്‍, ലാപ്ടോപ്പുകള്, ആപ്പിള്‍ എയര്‍പോഡ്സ് എന്നിവയ്ക്ക് പുറമെ വിവിധ മത്സരങ്ങളിലൂടെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സ്ക്രീനുകള്‍
കേരളത്തിലെ മൂന്ന് പ്രധാന മേഖലകളിലായി ഇന്ത്യയിലെയും സംസ്ഥാനത്തെയും ഏറ്റവും വലിയ എല്‍ഇഡി സ്ക്രീനുകളിലാണ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
- കൊച്ചി: രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം (ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ക്രീന്‍)
- കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്റര്‍ (മലബാറിലെ ഏറ്റവും വലിയ സ്ക്രീന്‍)
- തിരുവനന്തപുരം: ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം (തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്ക്രീന്‍)
ടിക്കറ്റ് നിരക്കുകള്‍
ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ‘TICKETGENIE’ (ടിക്കറ്റ് ജീനി) ആപ്പ് വഴിയും മറ്റ് പാര്‍ട്ണര്‍ ചാനലുകള്‍ വഴിയും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്കുകള്‍ താഴെ പറയുന്ന വിഭാഗങ്ങളിലായി ലഭ്യമാണ്.
- സില്‍വര്‍: 99 രൂപ മുതല്‍
- സില്‍വര്‍ പ്ലസ് / സില്‍വര്‍ ഗാലറി: 149 രൂപ മുതല്‍
- ഗോള്‍ഡ്: 349 രൂപ മുതല്‍
- ഗോള്‍ഡ് ഗാലറി: 399 രൂപ മുതല്‍
- പ്രീമിയം ഗോള്‍ഡ് ഗാലറി: 449 രൂപ മുതല്‍
- പ്ലാറ്റിനം: 749 രൂപ മുതല്‍
- വിഐപി എക്സ്പീരിയന്‍സ്: 2,500 രൂപ
ആദ്യഘട്ടത്തില്‍ പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭ്യമാകുക. അടുത്ത ഘട്ടങ്ങളില്‍ നിരക്കുകളില്‍ മാറ്റം വന്നേക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.




