പ്രധാനമന്ത്രി മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം സാമൂഹ്യ മാധ്യമങ്ങള്‍ പലപ്പോഴും ആഘോഷമാക്കാറുണ്ട്. ഇരുവരും കണ്ടുമുട്ടുമ്പോഴെല്ലാം സോഷ്യല്‍ മീഡിയയില്‍ രണ്ടു നേതാക്കളുടെയും പേരുകള്‍ സംയോജിപ്പിച്ചുള്ള ‘മെലഡി’ എന്ന വാക്ക് വൈറലാവാറുണ്ട്. ജോര്‍ജിയ മെലോണി തന്നെ സാമൂഹ്യ മാധ്യമ പേജുകളില്‍ #Melodi ഉപയോഗിക്കാറുണ്ട്. ഇത്തവണ ഇറ്റലി സന്ദര്‍ശിച്ച മോദി, ഇന്റര്‍നെറ്റ് വൈറലാക്കിയ ആ പേരിലൊരു സമ്മാനം സുഹൃത്ത് മെലോണിക്കായി കരുതിയിരുന്നു. ഒരു പാക്കറ്റ് പാര്‍ലെ മെലഡി മിഠായികള്‍. മെലഡി മിഠായി സമ്മാനിച്ചശേഷം ഇരുവരും തമാശ പങ്കിടുന്നത് പ്രധാനമന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തമാശയ്ക്ക് നല്കിയ സമ്മാനമാണെങ്കിലും ഇന്ത്യന്‍ ചോക്ലേറ്റ് ഉല്‍പ്പന്നത്തെ വിദേശത്ത് മാര്‍ക്കറ്റ് ചെയ്ത മോദിക്ക് നന്ദി പറയുകയാണ് ക്രാക്ക് ജാക്കും പാര്‍ലെ-ജിയും മൊണാക്കോയും ഹൈഡ് ആന്‍ഡ് സീക്കുമടക്കം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മുംബൈ കമ്പനിയായ പാര്‍ലെ പ്രൊഡക്റ്റ്സ്. പ്രധാനമന്ത്രിയുടെ ഈ നടപടി വിദേശത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വിപണി സൃഷ്ടിക്കുമെന്ന് പാര്‍ലെ പ്രൊഡക്റ്റ്സ് വൈസ് പ്രസിഡന്റ് മയാങ്ക് ഷാ പറഞ്ഞു. 100 ല്‍ ഏറെ രാജ്യങ്ങളിലേക്ക് മെലഡി ടോഫികള്‍ കയറ്റിയയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒരു ഉല്‍പ്പന്നത്തെ ജനശ്രദ്ധയിലേക്കെത്തിച്ചാല് അതിന്റെ തലവര തന്നെ മാറാറുണ്ട്. ഒരു ചെറിയ തമാശ. പക്ഷേ അന്ത്രാരാഷ്ട്ര തലത്തില്‍ ശതകോടികളുടെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്, സൗജന്യമായി പാര്‍ലെ മെലഡിക്ക് ലഭിച്ചു.
അപ്പര്‍ സര്‍ക്യൂട്ടില്‍ ‘പാര്‍ലെ’
മെലഡി എന്താണിത്ര ചോക്കളേറ്റിയായിരിക്കുന്നത് എന്ന ആശയത്തിലുള്ള പരസ്യങ്ങളിലൂടെ ഇന്ത്യയിലും പ്രശസ്തമാണ് പാര്‍ലെ മെലഡി മിഠായികള്‍. മെലഡിയുടെ നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്റ്റ്സ് ഓഹരി വിപണിയില്‍ ലിസ്റ്റഡല്ല. എന്നാല്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പാര്‍ലെ ഇന്‍ഡസ്ട്രീസ് എന്ന ഓഹരി 5% മുന്നേറി ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ടടിച്ചു. പാര്‍ലെ-ബിസ്.ലേരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിയല്‍റ്റി-ഇന്‍ഫ്ര കമ്പനിയാണ് മെലഡിയുടെ ബലത്തില്‍ കുതിപ്പു നടത്തിയ അപര കമ്പനി.
എന്നാല്‍ പാര്ലെയുമായി ബന്ധമില്ലാത്ത കമ്പനിയല്ല ഇത്. പാര്‍ലെ കുടുംബ ബിസിനസ് മൂന്നായാണ് പിരിഞ്ഞത്. ബിസ്കറ്റും ടോഫികളുമെല്ലാമായി പരമ്പരാഗത ബിസിനസ് നിലനിര്‍ത്തിപ്പോരുന്നത് പാര്‍ലെ പ്രൊഡക്റ്റ്സ്. ഫ്രൂട്ടിയുടെ നിര്‍മാതാക്കളായ പാര്‍ലെ അഗ്രോ, കുടിവെള്ള ബ്രാന്‍ഡായ പാര്‍ലെ ബിസ്ലേരി എന്നിവ മാതൃ കമ്പനിയായ പാര്‍ലെയില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദര ബ്രാന്‍ഡുകള്‍.
നൂറ്റാണ്ടിന്റെ ചരിത്രം
നൂറ്റാണ്ടോളം കാലത്തെ ചരിത്രവും പാരമ്പര്യവുമുണ്ട് പാര്‍ലെക്ക്. മുംബൈയിലെ വിലെ പാര്‍ലെയില്‍ 1929 ലാണ് ഗുജറാത്തില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ചൗഹാന് കുടുംബം പാര്‍ലെ എന്ന സ്ഥലപ്പേരില്‍ ഒരു ബേക്കറി ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് ബിസ്കറ്റ് നിര്‍മിച്ചു കൊടുക്കാനുള്ള കരാര്‍ നേടിയതോടെ പാര്‍ലെയുടെ തലവര തെളിഞ്ഞു. യുദ്ധാനന്തരം ഗ്ലൂക്കോസ് ബിസ്കറ്റുകള്‍ സാധാരണക്കാര്‍ക്കും വാങ്ങാവുന്ന ഉല്‍പ്പന്നമായി കുറഞ്ഞ വിലയില്‍ പാര്‍ലെ അവതരിപ്പിച്ചു. ഇന്ത്യക്കാരുടെ പ്രിയ ബിസ്കറ്റായി മാറിയ ഇതിന് 1980 കളില്‍ പാര്‍ലെ-ജി എന്ന പേരുമിട്ടു. ബിസ്കറ്റും ടോഫിയുമെല്ലാമായി ഇന്ന് പ്രതിവര്‍ഷം 18,000 കോടി രൂപയിലേറെ വരുമാനമുണ്ട് പാര്‍ലെ പ്രൊഡക്റ്റ്സിന്.




