വാഹന പ്രേമികൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചയാണ് ടാറ്റ സുമോ വീണ്ടും വിപണിയിലെത്തുമെന്ന അഭ്യൂഹങ്ങൾ. ഒരുകാലത്ത് ഇന്ത്യൻ റോഡുകളിലെ ഏറ്റവും ജനപ്രിയ എസ്യുവികളിലൊന്നായിരുന്ന ടാറ്റ സുമോ. ന്യൂ ജെൻ സുമോയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ടാറ്റ സുമോ തിരിച്ചുവരുമെന്ന പ്രതീക്ഷയും ഉയരുന്നത്. എന്നാൽ സുമോയുടെ ലോഞ്ച് സംബന്ധിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ടാറ്റ മോട്ടോഴ്സിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ടാറ്റ സുമോയെ തിരിച്ചെത്തിക്കുകയാണെങ്കിൽ അത് പഴയ മോഡലിന്റെ രൂപഭാവം നിലനിർത്തിക്കൊണ്ട് കൂടുതൽ ആധുനിക ഡിസൈനിലും സാങ്കേതികവിദ്യയിലുമായിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ. 7 സീറ്റർ എസ്യുവിയായാണ് പുതിയ മോഡൽ അവതരിപ്പിക്കാനിടയുള്ളതെന്നാണ് വിലയിരുത്തൽ. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, എ.ഡി.എ.എസ്. സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏകദേശവിലയായി 14 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ വന്നേക്കാവുന്ന വണ്ടിക്ക് എഞ്ചിൻ ഓപ്ഷനുകളായി പെട്രോളും ഡീസലും ഉൾപ്പെടെയുള്ള പുതിയ തലമുറ പവർട്രെയിനുകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. എങ്കിലും ഇത്തരം വാർത്തകളൊന്നും ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചിട്ടില്ല.1994-ൽ പുറത്തിറങ്ങിയ ടാറ്റ സുമോ, കരുത്തുറ്റ നിർമാണവും വിശാലമായ ഉൾവിസ്താരവും കാരണം ഗ്രാമീണ മേഖലയിലും സർക്കാർ വകുപ്പുകളിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ പുതിയ സുരക്ഷാ-മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനെ തുടർന്ന് 2019-ൽ ഈ മോഡലിന്റെ ഉൽപ്പാദനം അവസാനിപ്പിക്കുകയായിരുന്നു.




