1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലെ ഒരു ചെറിയ വേഷത്തിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ വൈക്കംകാരന്‍ മമ്മൂട്ടി അഥവാ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തില്‍ വിവിധ ഭാഷകളില്‍ നാനൂറോളം ചിത്രങ്ങള്‍. അനുഭവങ്ങളില്‍ പാളിച്ചകളില്‍ 15 രൂപ വണ്ടിക്കൂലി വാങ്ങിത്തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കരിയര്‍. 1980 ല്‍ സുകുമാരന്‍ നായകനായി പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ ആദ്യത്തെ പ്രതിഫലം ലഭിച്ചു, 150 രൂപ. സിനിമാ പാരമ്പര്യമൊന്നുമില്ലായിരുന്ന, പ്രൊഫഷണലായി ഒരു അഭിഭാഷകനായിരുന്ന മുഹമ്മദ്കുട്ടി പണപ്പറമ്പില്‍ തന്റെ കഠിനാധ്വാനത്താല്‍ മലയാള സിനിമയുടെ നെടുംതൂണായി മാറിയത് പില്ക്കാല ചരിത്രം.
ലോകത്തെ തന്നെ എണ്ണംപറഞ്ഞ അഭിനേതാക്കളായി ഉയരുന്നതിനൊപ്പം മമ്മൂട്ടി എന്ന ബ്രാന്‍ഡും വളര്‍ന്നു. ഇതിനൊപ്പം അദ്ദേഹത്തിലെ സംരംഭകനും. സിനിമാ മേഖലയില്‍ അദ്ദേഹത്തിന് ഇന്ന് ശരാശരി 10 കോടിയിലേറെ രൂപയാണ് പ്രതിഫലം. പ്രതിവര്‍ഷം ഏകദേശം 50 കോടി രൂപയോളം വരുമാനം. ഏകദേശം 340 കോടി രൂപയാണ് 74 കാരനായ അദ്ദേഹത്തിന്റെ ആസ്തി.
മമ്മൂട്ടി കമ്പനി, പ്ലേഹൗസ് മോഷന്‍ പിക്ച്ചേഴ്സ് തുടങ്ങിയ കമ്പനികളിലൂടെ സിനിമാ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ അടുത്തിടെയാണ് അദ്ദേഹം സജീവമായത്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം പ്രൊഡ്യൂസ് ചെയ്തുകൊണ്ടാണ് മമ്മൂട്ടി കമ്പനി അരങ്ങേറിയത്. പിന്നീട് കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, ടര്‍ബോ, റോഷാക്ക്, ഡൊമിനിക് തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് വന്നു. എല്ലാം മികച്ച പ്രതികരണം സൃഷ്ടിച്ച വിജയ ചിത്രങ്ങള്‍. കളങ്കാവലാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്ലേഹൗസ് മോഷന്‍ പിക്ച്ചേഴ്സില്‍ മമ്മൂട്ടിലും ഭാര്യ സുല്‍ഫത്തും നിര്‍മാതാവ് ആന്റോ ജോസഫുമാണ് ഡയറക്ടര്‍മാര്‍. മാധ്യമ രംഗത്ത് മലയാളം കമ്യൂണിക്കേഷന്‍സില്‍ അദ്ദേഹത്തിന് ചെറിയ നിക്ഷേപമുണ്ട്. കൈരളി ടിവിയുടെ ഉടമസ്ഥതയുള്ള മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനാണ് അദ്ദേഹം.
മികച്ച ബ്രാന്‍ഡ് അംബാസഡര്‍

ബ്രാന്‍ഡ് എന്ഡോഴ്സ്മെന്റാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്ന്. വിശ്വാസ്യത, ഗുണമേന്മ തുടങ്ങിയ ഇമേജുകളാണ് മമ്മൂട്ടിയിലൂടെ ബ്രാന്‍ഡുകള്‍ ജനങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത്. ബ്രാന്‍ഡുകളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കാനും വ്യത്യസ്ത വിഭാഗം ജനങ്ങളിലേക്ക് എത്താനും മമ്മൂട്ടി എന്ന ബ്രാന്‍ഡ് അംബാസഡര്‍ ബ്രാന്‍ഡുകളെ സഹായിക്കുന്നുണ്ട്. ഏറെക്കാലമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മമ്മൂട്ടിയുടെ ബ്രാന്‍ഡ് ഇമേജ് ഉപയോഗിച്ചു വരുന്നു. സാറാസ് ഫുഡ് പ്രൊഡക്റ്റ്സ് കുടുംബ സദസുകളിലെ അദ്ദേഹത്തിന്റെ സ്വാധീനമാണ് പ്രയോജനപ്പെടുത്തി വരുന്നത്. ഉദയം ടെക്സ്റ്റൈല്‍സ്, ഉദയം ധോത്തീസ്, പോത്തീസ്, ഓട്ടോ തുടങ്ങിയ ടെക്സ്റ്റൈല്‍സ് ബ്രാന്‍ഡുകളുടെ അംബാസഡറാണ് മമ്മൂട്ടി. പാരമ്പര്യത്തോടുള്ള ചേര്‍ന്നുനില്‍പ്പ്, വേഷവിധാനത്തില്‍ പുലര്‍ത്തുന്ന സ്റ്റൈല്‍ എന്നിവയൊക്കെയാണ് വ്യത്യസ്ത തരം ഫാഷന്‍ ബ്രാന്‍ഡുകള്‍ അദ്ദേഹത്തെ അംബാസഡറാക്കാന്‍ കാരണം. സൈലം, സ്റ്റെയ്പ് തുടങ്ങിയ എഡ്ടെക് പ്ലാറ്റ്ഫോമുകള് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തെയും മികച്ച ഇമേജിനെയും പ്രയോജനപ്പെടുത്തുന്നു. കെന്‍സ കണ്‍സ്ട്രക്ഷന്‍, അവതാര്‍ ഗോള്‍ഡ്, ഇന്ദുലേഖ, ഐസിഎല്‍ ഫിന്‍കോര്‍പ്പ് തുടങ്ങിയ കമ്പനികളും മമ്മൂട്ടിയെയാണ് ബ്രാന്‍ഡിന്റെ പ്രചാരകനാക്കിയിരിക്കുന്നത്.
ദീര്‍ഘവീക്ഷണമുള്ള നിക്ഷേപകൻ

സിനിമയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മികച്ച ഒരു നിക്ഷേപകനും ബിസിനസ്മാനും കൂടിയാണ് മമ്മൂട്ടി. റിയല്‍ എസ്റ്റേറ്റാണ് അദ്ദേഹത്തിന്റെ ഇഷ്ട നിക്ഷേപ മേഖല. കൊച്ചി, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നീ നഗരങ്ങളിലാണ് റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ അദ്ദേഹത്തിനുള്ളത്. കൊച്ചിയിലെ പനമ്പള്ളി നഗറിലെ തന്റെ പഴയ വീടായ ‘മമ്മൂട്ടി ഹൗസ്’ ഹോം സ്റ്റേയാക്കി മാറ്റിയും അദ്ദേഹം വരുമാനമുണ്ടാക്കുന്നുണ്ട്. വെക്കേഷന്എക്സ്പീരിയന്സ് എന്ന ഗ്രൂപ്പാണ് ഈ വില്ല മാനേജ് ചെയ്യുന്നത്. നാല് ബെഡ്റൂമുകളുള്ള വീട്ടില്‍ താമസിക്കാന്‍ 75000 രൂപയാണ് പ്രതിദിന വാടക.
ജൈവ കൃഷിയാണ് മമ്മൂട്ടിക്ക് താല്‍പ്പര്യമുള്ള മറ്റൊരു മേഖല. കോട്ടയം ആര്പ്പൂക്കരയിലടക്കമുള്ള തന്റെ പാടങ്ങളിലും കൃഷിഭൂമികളിലും സീറോ ബജറ്റ് ജൈവ കൃഷിയാണ് അദ്ദേഹം ചെയ്തുവരുന്നത്. റിയല്‍ എസ്റ്റേറ്റിലെ ഈ നിക്ഷേപങ്ങള്‍ ലോംഗ് ടേം ഇന്‍വെസ്റ്റ്മെന്റിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമാണ് കാണിക്കുന്നത്.
വിസ്മയിപ്പിക്കുന്ന ഗാരേജ്
മമ്മൂട്ടിയെന്നാല്‍ ലക്ഷ്വറിയാണ്. വിസ്മയിപ്പിക്കുന്ന ലക്ഷ്വറി കാറുകളുടെ ശേഖരമാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രധാന ആസ്തി. 2.5 കോടി രൂപക്ക് മേല്‍ വില വരുന്ന മെഴ്സിഡസ് ബെന്‍സ് ജിക്ലാസ്, 1.8 കോടി രൂപയോളം വിലയുള്ള റേഞ്ച് റോവര്‍ സ്പോര്‍ട്ട്, 250 കിലോമീറ്റര്‍ വേഗത അവകാശപ്പെടുന്ന ജാഗ്വാര്‍ എഫ്ടൈപ്പ്, 1.3 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു ഇ 46 എം3, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഓഡി എ7, മിത്സുബിഷി പജേരോ സ്പോര്‍ട്, ജാഗ്വാര്‍ എക്സ്ജെ എന്നിവയാണ് അദ്ദേഹത്തിന്റെ ഗാരേജിലെ കൊമ്പന്മാര്. 369 എന്ന ഫാന്‍സി നമ്പറും ഈ കാറുകള്ക്കെല്ലാമുണ്ട്.


