എംകെ സ്റ്റാലിനെയും എടപ്പാടി പളനിച്ചാമിയെയും പോലെയുള്ള അതികായന്മാരെയും തമിഴകം പതിറ്റാണ്ടായി ഭാഗിച്ചെടുത്ത ദ്രാവിഡ രാഷ്ട്രീയത്തെയും ഐസിയുവിലാക്കി മുഖ്യമന്ത്രി പദത്തിലേക്ക് കടന്നുവരികയാണ് വിജയ്. ഡിഎംകെയും അണ്ണാ ഡിഎംകെയും ഒഴുക്കിയയത്രയും പണം ടിവികെക്കില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് സമ്പാദിച്ച പണത്തിന്റെ ഗണ്യമായ ഒരു പങ്ക് വിജയ് രാഷ്ട്രീയ എന്‍ട്രിക്കായി ചെലവാക്കുകയും ചെയ്തു. വിജയ്യുടെ ആസ്തിയും നിക്ഷേപവും വരുമാനവും ഈ സാഹചര്യത്തില്‍ നമുക്കൊന്ന് പരിശോധിക്കാം
പണമെല്ലാം ബാങ്കില്‍
648 കോടി രൂപയുടെ ആസ്തിയാണ് വിജയ്ക്ക് ആകെയുള്ളത്. അതില്‍ ഗണ്യമായ ഒരു പങ്ക് ആവശ്യത്തിന് എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്ന തരത്തില്‍ ബാങ്കുകളിലാണുള്ളത്. 330 കോടി രൂപയാണ് സേവിംഗ്സ് എക്കൗണ്ടുകളില്‍ അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ 213 കോടി രൂപ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ്. എച്ച്ഡിഎഫ്സി, ആക്സിസ്, എസ്ബിഐ എന്നീ ബാങ്കുകളിലും നിക്ഷേപങ്ങളുണ്ട്.
ഓഹരി അത്ര പ്രിയമല്ല
ആകെ ആസ്തിയുടെ 1% ല്‍ താഴെ മാത്രമാണ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ജയ നഗര്‍ പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡില്‍ 19 ലക്ഷം രൂപയുടെ ഓഹരികള്‍ അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സണ്‍ പേപ്പര്‍ മില്‍സ് എന്നിവയില്‍ വളരെ കുറച്ച് ഓഹരികളും. ഓഹരികളില്‍ വിജയ്ക്ക് അത്ര വിശ്വാസം പോരെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇഷ്ടമേഖല റിയല്‍ എസ്റ്റേറ്റ്
റിയല്‍ എസ്റ്റേറ്റ് മേഖല അദ്ദേഹത്തിന്റെ ഇഷ്ട നിക്ഷേപ മേഖലകളിലൊന്നാണ്. 117 കോടി രൂപ സംയുക്ത മൂല്യമുള്ള 10 വീടുകളുണ്ട് അദ്ദേഹത്തിന് മൈലാപ്പൂര്, എഗ്മോര്‍, സാലിഗ്രാമം തുടങ്ങി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍. 82 കോടി രൂപ മൂല്യമുള്ള നാല് കൊമേഴ്സ്യല്‍ ബില്‍ഡിംഗുകളും 22 കോടി രൂപയുടെ കാര്‍ഷികേതര ഭൂമിയും 20 കോടി രൂപയുടെ കൃഷി ഭൂമിയും വിജയ്ക്ക് സ്വന്തമായുണ്ട്.
6 കോടിയുടെ കാരവന്
അഞ്ച് കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 4 കോടി രൂപയുടെ വെള്ളി ആഭരണങ്ങളുമാണ് മറ്റൊരു പ്രധാന ആസ്തി. വാഹനങ്ങളില്‍ 6 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ടാറ്റ കാരവനാണ് മുന്നില്‍. രണ്ട് കോടി രൂപയുടെ ബിഎംഡബ്ലു ഐസെവനും 1.6 കോടി രൂപയുടെ ടൊയോട്ട വെല്‍ഫയറും വാഹന ശേഖരത്തിലുണ്ട്. വാര്‍ഷിക വരുമാനം പ്രധാനമായും സിനിമയില്‍ നിന്നും ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും റിയല്‍ എസ്റ്റേറ്റില്‍ നിന്നുമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 184 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.




