ലോകബാങ്കിന്റെ ഉയര്‍ന്ന മധ്യവരുമാന പരിധി മറികടന്ന് അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയിലെ ഗോവ, സിക്കിം, ഡല്‍ഹി, ചണ്ഡീഗഢ്, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോകബാങ്ക് നിര്‍വചിച്ച അപ്പര്‍ മിഡില്‍ ക്ലാസ് ഇന്‍കം വിഭാഗത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആളോഹരി വാര്‍ഷിക വരുമാനം 4,636 ഡോളര്‍ അഥവാ ഏകദേശം 4.42 ലക്ഷം രൂപ എന്ന പരിധി മറികടന്നതോടെയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നേട്ടം സ്വന്തമാക്കിയത്. ഡെല്ഹിയിലെആളുകളുടെ ശരാശരി വാര്‍ഷിക വരുമാനം 6,217 ഡോളറാണ്. കര്‍ണാടക (5,579 ഡോളര്‍), തെലങ്കാന (5,407 ഡോളര്‍), തമിഴ്നാട് (5,329 ഡോളര്‍), ഗുജറാത്ത് (4,734 ഡോളര്‍) എന്നിങ്ങനെയാണ് ശരാശരി വാര്‍ഷിക വരുമാനം.
മഹാരാഷ്ട്ര (4,628 ഡോളര്‍), ഹരിയാന (4,627 ഡോളര്‍) എന്നീ സംസ്ഥാനങ്ങളും ഈ പരിധിക്ക് വളരെ അടുത്തെത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച, വ്യവസായവല്‍ക്കരണം, സേവനമേഖലയുടെ ശക്തമായ പ്രകടനം എന്നിവയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. 4,610 ഡോളര്‍ ആളോഹരി വരുമാനവുമായി കേരളത്തിന് 26 ഡോളര്‍ വ്യത്യാസത്തില്‍ ഈ പട്ടികയിലെ സ്ഥാനം നഷ്ടമായി.
ബിഹാറാണ് ശരാശരി ആളോഹരി വരുമാനത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം, 984 ഡോളര്‍. ഉത്തര്‍പ്രദേശ് (1,403 ഡോളര്‍), ഝാര്‍ഖണ്ഡ് (1,470 ഡോളര്‍) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ആളോഹരി വരുമാനം 1,175 ഡോളറില്‍ താഴെയുള്ള രാജ്യങ്ങളെ താഴ്ന്ന വരുമാന രാജ്യങ്ങളായും, 1,175 മുതല്‍ 4,635 ഡോളര്‍ വരെ ആളോഹരി വരുമാനമുള്ള രാജ്യങ്ങളെ താഴ്ന്ന-ഇടത്തരം വരുമാന (ലോവര്‍ മിഡില്‍ ഇന്‍കം) രാജ്യങ്ങളായും, 4,636 മുതല്‍ 14,375 ഡോളര്‍ വരെ ആളോഹരി വരുമാനമുള്ള രാജ്യങ്ങളെ ഉയര്‍ന്ന-ഇടത്തരം വരുമാന രാജ്യങ്ങളായും, 14,375 ഡോളറിന് മുകളില്‍ ആളോഹരി വരുമാനമുള്ള രാജ്യങ്ങളെ ഉയര്‍ന്ന വരുമാന രാജ്യങ്ങളായും ലോകബാങ്ക് തരംതിരിക്കുന്നു. 2,760 ഡോളര്‍ വ്യക്തിഗത വരുമാനവുമായി ഇന്ത്യ താഴ്ന്ന-ഇടത്തരം വരുമാന വിഭാഗത്തിലാണ്.
———
എല്‍ നിനോ ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയ്ക്ക് ഭീഷണി
കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഊര്‍ജ്ജ സംവിധാനത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) റിപ്പോര്‍ട്ട്. മഴക്കുറവും അതിശക്തമായ ചൂടും മൂലം ജലവൈദ്യുതി ഉല്പാദനം കുറയുകയും വൈദ്യുതി ആവശ്യകത കുത്തനെ ഉയരുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇതോടെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്പാദനത്തെ കൂടുതല്‍ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകാനും കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. നവീകരണ ഊര്‍ജ്ജം, വൈദ്യുതി സംഭരണ സംവിധാനങ്ങള്‍, ഗ്രിഡ് നവീകരണം എന്നിവ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
———–
നീരവ് മോദിയെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും. ബ്രിട്ടനില്‍ നീരവ് നല്കിയ അന്തിമ തടസ ഹര്‍ജിയും കോടതി തള്ളിയതോടെയാണ് കൈമാറ്റ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്. ഏകദേശം 13,000 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദി 2019 മുതല്‍ ലണ്ടനിലെ ജയിലിലാണ് കഴിയുന്നത്. ഇനി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികള്‍ വേഗത്തിലാകുമെന്നാണ് സൂചന.




