കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ 80 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 81 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ബാങ്ക് 24 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകള്‍, സ്വര്‍ണ വായ്പകള്‍, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച രേഖപ്പെടുത്തി.
50,000 കോടി പിന്നിട്ട് ആകെ ബിസിനസ്
ചെറുകിട സംരംഭങ്ങള്‍, കൃഷി, റീട്ടെയ്ല്‍, സ്വര്‍ണ വായ്പ തുടങ്ങിയ മേഖലകളില്‍ സുരക്ഷിത വായ്പാ വിതരണം ശക്തിപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. മൊത്തം വായ്പ 27 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 26,924 കോടി രൂപയുമായി. 35 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 14,465 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്. മൊത്തം വായ്പയില്‍ 62 ശതമാനമാണ് സുരക്ഷിത വായ്പകള്‍.
പ്രവര്‍ത്തന ലാഭത്തില്‍ 179% വളര്‍ച്ച
കാസ (കറന്റ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളര്‍ച്ചയോടെ 6,297 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. ആസ്തിഗുണമേന്മകളില് ശക്തമായ പ്രകടനമാണ് ബാങ്ക് നടത്തിയത്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു. നീക്കിയിരുപ്പ് അനുപാതം ഉയര്‍ന്ന് 85.5 ശതമാനത്തിലെത്തി. അറ്റ പലിശ മാര്‍ജിന്‍ 7.9 ശതമാനമായി വര്‍ധിച്ചപ്പോള്‍ പലിശ വരുമാനം 33 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,098 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുന്‍വര്‍ഷത്തെ 78.2 ശതമാനത്തില്‍നിന്നും 58.1 ശതമാനമായി മെച്ചപ്പെട്ടു. പ്രവര്‍ത്തന ലാഭം 179 ശതമാനം വാര്‍ഷിക വളര്‍ച്ചനേടി 349 കോടി രൂപയിലെത്തി.
‘എംഎസ്എംഇ, കൃഷി, റീട്ടെയ്ല്‍, സ്വര്‍ണ വായ്പാ തുടങ്ങിയ സുരക്ഷിത വായ്പകളിലുണ്ടായ മികച്ച വളര്‍ച്ചയാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. ആസ്തി ഗുണമേന്മ വര്‍ധിച്ചതും നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണ്. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവര്‍ത്തനക്ഷമതയേയും ഉപഭോക്തൃ സേവനത്തെയും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വായ്പകളിലെ റിസ്ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.’- ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. കെ പോള്‍ തോമസ് പറഞ്ഞു.




