സമുദ്ര മന്ഥന് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി
രാജ്യത്തെ ആഭ്യന്തര എണ്ണ-പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 84,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന് ആഴക്കടല്‍ പര്യവേക്ഷണ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്താനും പദ്ധതി നിര്‍ണായകമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. 600 ദശലക്ഷം ടണ്‍ എണ്ണ സമുദ്ര മന്ഥന് പദ്ധതിയിലൂടെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഹോര്‍മുസില്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ച് ഇറാന്
ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്കന്‍ നാവികസേനയുടെ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകളെ ഇറാന് ആക്രമിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണി ശക്തമായതോടെ മറ്റ് നാല് എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് വഴി യാത്ര തുടരാതെ പാത മാറ്റി. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള എണ്ണവിതരണത്തെയും ചരക്ക് ഗതാഗതത്തെയും ഇത് കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബ്രൈന്റ് ക്രൂഡ് വില ഇന്ന് 89.69 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്.
ചിപ്പ് ഓഹരികളില്‍ കുതിപ്പ്; ഐടിയില്‍ തളര്‍ച്ച
തുടക്കത്തില്‍ വ്യാപാര നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് സമ്മര്‍ദത്തിലായി. സെന്‍സെക്സ് ഇന്നത്തെ ഉയര്‍ന്ന നിലയായ 78272 ല്‍ നിന്ന് 200 പോയിന്റിലേറെ ഇടിഞ്ഞ് 78,094 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24,429 വരെ മുന്നേറിയ ശേഷം 24,383 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ അനിശ്ചിതത്വം, പശ്ചിമേഷ്യന്‍ സംഘര്‍ഷം, എണ്ണവിലയിലെ വര്‍ധന എന്നിവ വിപണിയെ ബാധിച്ചു. ചിപ്പ് ഓഹരികളുടെ തകര്‍ച്ചയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഏതാനും ദിവസം കുതിച്ച ഐടി ഓഹരികള്‍ ഇന്ന് 1.5% ല്‍ ഏറെ ഇടിഞ്ഞു. ആഗോള തലത്തില്‍ ചിപ്പ് ഓഹരികളുടെ തിരിച്ചുവരവും പ്രകടമാണ്. സാംസംഗ് ഇലക്ട്രോണിക്സും എസ്കെ ഹൈനിക്സും നയിച്ച റാലിയുടെ കരുത്തില്‍ ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 18% കുതിച്ചു. ഇന്ത്യയിലും ചിപ്പ് ഓഹരികളില്‍ ഇന്ന് കുതിപ്പ് ദൃശ്യമായി. നെറ്റ് വെബ് ടെക്നോളജീസ് 8 ശതമാനത്തോളം മുന്നേറി.
ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കാന്‍ പാകിസ്ഥാന്
2027-ല്‍ ഇസ്ലാമാബാദില് നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് സൂചന നല്കി പാകിസ്ഥാന്. എസ്സിഒയുടെ അധ്യക്ഷ രാജ്യമായതിനാല്‍ എല്ലാ അംഗരാജ്യങ്ങളുടെയും നേതാക്കളെ ക്ഷണിക്കുന്നത് ആതിഥേയ രാജ്യത്തിന്റെ ബാധ്യത ആണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി മോദി സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.




