വർഷാവസാനം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയം വരുമ്പോൾ, ടാക്സ് കൺസൾട്ടന്റുമാർക്കും ഏജന്റുമാർക്കും ആയിരക്കണക്കിന് രൂപ കൊടുത്ത് മടുത്തോ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ദിവസവും ചായ കുടിക്കുന്ന പൈസയേക്കാൾ കുറഞ്ഞ ചെലവിൽ വെറും 11 രൂപയ്ക്ക് ഇപ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിലൂടെ തന്നെ വളരെ എളുപ്പത്തിൽ ഐ ടി ആർ ഫയൽ ചെയ്യാം.
ജനപ്രിയ പെയ്മെന്റ് ആപ്പായ പേടിഎമ്മും ടാക്സ് പ്ലാറ്റ്ഫോമായ ക്ലിയർ ടാക്സും കൈകോർത്താണ് ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ഈ 11 രൂപ പ്ലാനിൽ കിട്ടുന്നത്? ഇത് ആർക്കൊക്കെ ഉപയോഗപ്പെടും? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? വിശദമായി അറിയാം.
11 പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കാര്യങ്ങൾ
ആദായ നികുതി വകുപ്പിന്റെ കണക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ നികുതി വിവരങ്ങൾ ആപ്പ് സ്വയം ശേഖരിക്കുകയും അനുയോജ്യമായ ഐ ടി ആർ ഫോമും, പുതിയതോ, അല്ലെങ്കിൽ പഴയതോ ആയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും ചെയ്യും.
80-ലധികം സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്നുള്ള നിങ്ങളുടെ ട്രേഡിംഗ് വിവരങ്ങൾ ഒറ്റ ക്ലിക്കിലൂടെ ഇമ്പോർട്ട് ചെയ്യാം. ഇതിലൂടെ ലഭിക്കുന്ന ലാഭം സിസ്റ്റം സ്വയം കണക്കാക്കും.
റിട്ടേൺ സമർപ്പിച്ച ശേഷം ആദായ നികുതി വകുപ്പിൽ നിന്ന് എന്തെങ്കിലും നോട്ടീസ് വരികയാണെങ്കിൽ, അതിന് മറുപടി നൽകാനും പ്രശ്നം പരിഹരിക്കാനും ക്ലിയർ ടാക്സിന്റെ സൗജന്യ സഹായം ലഭിക്കും.
ശമ്പള വരുമാനക്കാർക്കും ടാക്സ് റിട്ടേൺ ആദ്യമായി സമർപ്പിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ലളിതമായൊരു വഴിയാണിത്. പ്രധാനമായും കമ്പനി നൽകുന്ന ഫോം 16 , ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ വരുമാനം എന്നിവ മാത്രം ഉള്ളവർക്ക് സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ ഇല്ലാതെ തന്നെ ആപ്പ് വഴി വളരെ പെട്ടെന്ന് ഐ ടി ആർ ഫയൽ ചെയ്യാം. കൂടാതെ, ഉയർന്ന ഫീസ് നൽകി ഏജന്റുമാരെ ആശ്രയിക്കാതെ, കുറഞ്ഞ ചെലവിൽ സ്വന്തമായി ഡിജിറ്റലായി ടാക്സ് ഫയലിംഗ് ചെയ്ത് തുടങ്ങാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണിത്.
മറക്കാതെ നോക്കൂ
ഈ ആപ്പ് വഴി ഇൻകം ടാക്സ് ഫയലിംഗ് പ്രക്രിയ വളരെ എളുപ്പമാണെങ്കിലും, ഉപയോഗിക്കുമ്പോൾ ചില പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആപ്പിലെ ഓട്ടോമാറ്റിക് സിസ്റ്റം നിങ്ങളുടെ വിവരങ്ങൾ സ്വയം പൂരിപ്പിച്ചു നൽകുമെങ്കിലും, സമർപ്പിക്കുന്നതിന് മുമ്പ് വരുമാനം, ലഭിക്കേണ്ട നികുതി ഇളവുകൾ , മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവ കൃത്യമാണോ എന്ന് നിങ്ങൾ തന്നെ വ്യക്തിപരമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്.
പ്രത്യേകിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ ഒന്നിലധികം കമ്പനികളിൽ ജോലി ചെയ്തവർ, വീട്ടുവാടകയിൽ നിന്ന് വരുമാനം ലഭിക്കുന്നവർ, ബിസിനസ്സ് നടത്തുന്നവർ അല്ലെങ്കിൽ വിദേശ നിക്ഷേപങ്ങളോ ആസ്തികളോ ഉള്ളവർ തുടങ്ങിയ സങ്കീർണ്ണമായ സാമ്പത്തിക പശ്ചാത്തലമുള്ള വ്യക്തികൾ ഇത്തരം ഓട്ടോമേറ്റഡ് ആപ്പുകളെ മാത്രം ആശ്രയിക്കാതെ ഒരു ടാക്സ് കൺസൾട്ടന്റിന്റെയോ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയോ നേരിട്ടുള്ള സഹായം തേടുന്നതാണ് കൂടുതൽ സുരക്ഷിതം. കൂടാതെ, ആപ്പ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കാണിച്ച് സ്വയം തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ തന്നെയാണോ നിങ്ങൾക്ക് പരമാവധി നികുതി ലാഭം നൽകുന്നത് എന്ന് ഉറപ്പുവരുത്താനും മറക്കരുത്.




