ഈജിപ്റ്റിലേക്കും വ്യാപിച്ച് പശ്ചിമേഷ്യന്‍ യുദ്ധം
ആശങ്കയുയര്‍ത്തി പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ വ്യാപിക്കുന്നു. ഈജിപ്റ്റിലെ ദാമിയേറ്റ തുറമുഖത്ത് രണ്ട് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഹോര്‍മുസും ബാബ്-എ-മന്ദേബ് കടലിടുക്കും കടന്ന് മെഡിറ്ററേനിയനിലേക്ക് ആക്രമണം വ്യാപിക്കുന്നത്. ഇതിനിടെ അമേരിക്ക ഇറാനെതിരെ ഇന്നും ശക്തമായ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയും യുഎസിനോട് ചേര്‍ന്ന് ഇറാഖിലെ ഇറാന് അനുകൂല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. വടക്കന്‍ കുവൈറ്റിലേക്ക് ഇറാന് നടത്തിയ ആക്രമണത്തില്‍ ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാരന് കൊല്ലപ്പെട്ടു. ജോര്‍ദാനിലേക്ക് നടത്തിയ ആക്രമണത്തില്‍ യുഎസിന്റെ മൂന്ന് എഫ്-16 വിമാനങ്ങള്‍ നശിപ്പിച്ചെന്ന് ഇറാന് അവകാശപ്പെട്ടു. സ്ഥിതിഗതികള്‍ വീണ്ടും വഷളായതോടെ ആഗോള എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളര്‍ കടന്നു.
ഇ20: വാഹനങ്ങളുടെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകളുണ്ടാവാമെന്ന് ഗഡ്കരി
2005 മുതല്‍ 2016 വരെ നിര്‍മ്മിച്ച ചില ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബര്‍ പാര്‍ട്ടുകളും ഗാസ്കറ്റുകളും മാറ്റേണ്ടി വരാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇ20 ഇന്ധനം എന്ജിന് തകരാറുകള്‍ക്ക് കാരണമാകുമെന്നതിന് തെളിവില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ഇ20 പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് ഇതുവരെ 1.98 ലക്ഷം കോടി രൂപയുടെ വിദേശനാണ്യ ലാഭം ലഭിച്ചെന്നും ഗഡ്കരി പറഞ്ഞു. ഇരു ചക്രവാഹനങ്ങളിലും നാലു ചക്രങ്ങളുള്ള വാഹനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനെ ബോധിക്കുമോയെന്ന് പഠനം നടത്തിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവും വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷനും ചേര്‍ന്നാണെന്നും എഞ്ചിനുകളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
ക്രൂഡ് വിലയില്‍ തളരാതെ വിപണി
ക്രൂഡ് വില ആശങ്കയുയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിലായിരുന്നു. സെന്‍സെക്സ് 273 പോയന്റ് ഉയര്‍ന്ന് 77,928 ല്‍ എത്തി. നിഫ്റ്റി 67 പോയന്റ് നേട്ടത്തോടെ 24,317 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങല്‍, മികച്ച കോര്‍പ്പറേറ്റ് ഫലങ്ങള്‍, ബാങ്കിങ് ഓഹരികളിലെ മുന്നേറ്റം എന്നിവയാണ് വിപണിക്ക് പ്രധാന പിന്തുണയായത്. നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 1.6% നേട്ടമുണ്ടാക്കി മുന്നിലെത്തി. സ്വര്‍ണവിലയിലും കുതിപ്പ് ദൃശ്യമാണ്. അന്താരാഷ്ട്ര സ്വര്‍ണവില 0.33% മുന്നേറി 4079 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13,230 രൂപയിലെത്തി. പവന് 600 രൂപ ഉയര്‍ന്ന് 1,05,840 രൂപയാണ് ഇന്നത്തെ വില.
മസ്കിന് വീണ്ടും യുഎസ് പ്രതിരോധ കരാര്‍
യുഎസ് ടെക് സംരംഭകനായ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്, വീണ്ടും അമേരിക്കയുടെ വമ്പന്‍ പ്രതിരോധ കരാര്‍ ലഭിച്ചു. 1.6 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. 2027-ഓടെ 18 ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപണങ്ങളിലൂടെ പെന്റഗണിന്റെ ആശയവിനിമയ-പ്രതിരോധ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് കരാര്‍. ഇതോടെ 2026-ല്‍ മാത്രം സ്പേസ് എക്സിന് ലഭിച്ച പെന്റഗണ്‍ കരാറുകളുടെ മൂല്യം ഏകദേശം 7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പ്രസിഡന്റ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ സജീവമായി പ്രവര്‍ത്തിച്ച മസ്ക്, അദ്ദേഹത്തോട് തെറ്റി സര്‍ക്കാര്‍ പദവികള്‍ ഉപേക്ഷിച്ചിരുന്നു. എങ്കിലും ഇപ്പോഴും വമ്പന്‍ പ്രതിരോധ കരാറുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നത് ബിസിനസ് ലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.




