പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെയാണ് ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട സ്ഥിരീകരണം ബാങ്ക് പുറത്തുവിട്ടത്. ഒരു ജീവനക്കാരന്റെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ചില ഉപഭോക്തൃ വിവരങ്ങളിലേക്ക് അനധികൃത പ്രവേശനം ഉണ്ടായതെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ, ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് യാതൊരു തരത്തിലുമുള്ള അതിക്രമവും നടന്നിട്ടില്ലെന്നും ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും പൂർണമായും സുരക്ഷിതമാണെന്നും ബാങ്ക് വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്ക് അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ഫോറൻസിക് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം തുടങ്ങിയ ഏജൻസികളുടെ പരിശോധനയ്ക്ക് ബാങ്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കാനിടയുണ്ടെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് സൈബർ സുരക്ഷാ ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നോയെന്നും ഉപഭോക്തൃ വിവരങ്ങളുടെ സംരക്ഷണത്തിൽ വീഴ്ചയുണ്ടായോയെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കും. അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബാങ്കിന് പിഴ ചുമത്താനും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകാനും ആർബിഐയ്ക്ക് അധികാരമുണ്ട്.
സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ബാങ്ക് പാലിച്ചിട്ടുണ്ടോയെന്ന് CERT-In പരിശോധിച്ചേക്കും. ഇതിന് പുറമെ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമപ്രകാരവും ബാങ്കിനെതിരെ നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയാൽ DPDP നിയമപ്രകാരം 250 കോടി രൂപ വരെ പിഴ ചുമത്താൻ കഴിയും. അതേസമയം, ഡാറ്റാ ചോർച്ച സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ 200 കോടി രൂപ വരെ പിഴയ്ക്ക് സാധ്യതയുണ്ടെന്നും സൈബർ സുരക്ഷാ സ്ഥാപനമായ ക്യുഎൻയു ലാബ്സ് (QNu Labs) ചീഫ് മാർക്കറ്റിംഗ് ഓഫീസർ സുദിപ്ത പോൾ ചൗധരി വ്യക്തമാക്കി. എന്നാൽ, സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും സുദിപ്ത പോൾ ചൗധരി അറിയിച്ചു.
ഡാറ്റാ ചോർച്ച ഉണ്ടായതായി ബാങ്ക് സ്ഥിരീകരിച്ചെങ്കിലും, കോർ ബാങ്കിംഗ് സംവിധാനത്തിൽ യാതൊരു തരത്തിലുള്ള ഹാക്കിംഗും നടന്നിട്ടില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. അതിനാൽ, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം നഷ്ടപ്പെട്ട സംഭവങ്ങൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഉപഭോക്താക്കളുടെ പേര്, ആധാർ നമ്പർ, വായ്പാ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ, സൈബർ തട്ടിപ്പുകാർ ഇവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫിഷിങ് സന്ദേശങ്ങളിലൂടെയോ ഫോൺ കോളുകളിലൂടെയോ തട്ടിപ്പ് നടത്താനുള്ള സാധ്യത കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഡാറ്റാ ചോർച്ചയെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ സൈബർ ഇൻഷുറൻസ് പോളിസി പ്രകാരം ക്ലെയിം അറിയിച്ചതായി ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 750 കോടി രൂപയുടെ മൊത്തം പരിരക്ഷയുള്ള സൈബർ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി, ബാങ്ക് ലീഡ് ഇൻഷുററായ നാഷണൽ ഇൻഷുറൻസ് കമ്പനിയെ സംഭവവിവരങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.
ഡാറ്റാ ചോർച്ച സംബന്ധിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പുതന്നെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദേശം നൽകുന്നു. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് പാസ്വേഡുകൾ ഉടൻ മാറ്റുക, എല്ലാ സാമ്പത്തിക ഇടപാടുകൾക്കും എസ്എംഎസ്, ഇ-മെയിൽ അലർട്ടുകൾ സജീവമാക്കുക, ബാങ്കിന്റെ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
ആധാർ വിവരങ്ങൾ ചോർന്നതായി സംശയിക്കുന്നവർ UIDAI വെബ്സൈറ്റ് അല്ലെങ്കിൽ mAadhaar ആപ്പ് ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനും വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ, ക്രെഡിറ്റ് റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നത് വഴി സ്വന്തം പേരിൽ അനധികൃത വായ്പകളോ ക്രെഡിറ്റ് കാർഡുകളോ എടുത്തിട്ടുണ്ടോയെന്ന് കണ്ടെത്താനും സാധിക്കും.
ഡാറ്റാ ചോർച്ച സ്ഥിരീകരിച്ചതുകൊണ്ട് മാത്രം എല്ലാ ഉപഭോക്താക്കൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നില്ല. എന്നാൽ ബാങ്കിന്റെ ഭാഗത്തുണ്ടായ സുരക്ഷാ വീഴ്ച മൂലം വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും അതുവഴി സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്താൽ, വിവരസാങ്കേതിക നിയമം ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. പരാതികൾ പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ആദ്യം ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാം. ആവശ്യമെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനത്തെയും സമീപിക്കാനാകും.
ഫോറൻസിക് അന്വേഷണം പൂർത്തിയായ ശേഷമേ എത്ര ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്, ഏതൊക്കെ വിവരങ്ങളാണ് പുറത്തായത്, സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായിരുന്നോയെന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ. അതുവരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും പ്രതികരിക്കാതിരിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




