പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സില്‍വര്‍സ്റ്റോമിന്റെ ഐപിഒയ്ക്ക് മികച്ച തുടക്കം. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 21.97 കോടി രൂപ സമാഹരിച്ച ആവേശത്തിലാണ് വെള്ളിയാഴ്ച ഐപിഒ ഓപ്പണായത്. ആദ്യദിനം ഓഹരി 0.28 തവണയാണ് സ്ബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. 16,52,000 ഓഹരികളാണ് ആങ്കര്‍ ഇന്വെസ്റ്ററിന് ലഭിച്ചത്.
സ്ഥാപനേതര നിക്ഷേപകര്‍ക്കായി (എന്‍ഐഐ) നിശ്ചയിച്ച ഓഹരികള്‍ 0.49 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ബിഎന്ഐഐ (ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍) ഓഹരികള്‍ 0.72 തവണയും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച 20,62,000 ഓഹരികള്‍ 0.36 തവണയുമാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും ക്രൂഡ് വിലവര്‍ധനയുടെയും പശ്ചാത്തലത്തില്‍ വിപണിയില്‍ നെഗറ്റീവ് വികാരം ശക്തമാണെങ്കിലും മികച്ച ഫണ്ടമെന്റലുകളുടെ പിന്തുണയോടെ എത്തിയിരിക്കുന്ന ഐപിഒ വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
27,28 തിയതികളില്‍ കൂടി ഐപിഒയിലൂടെ സില്‍വര്‍സ്റ്റോം ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ട്. 123-133 പ്രൈസ് ബാന്‍ഡിലാണ് ഐപിഒ എത്തിയിരിക്കുന്നത്. പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന നിരക്കായ 133 ല്‍ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുകയാണെങ്കില്‍, കമ്പനിക്ക് 82.43 കോടി രൂപ സമാഹരിക്കാനാകും. ഐപിഒയില്‍ 61.98 ലക്ഷം പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ് നടക്കുന്നത്. 2,000 ഓഹരികളുടെ ലോട്ടായാണ് വില്‍പ്പന. ജൂലൈ 31 നാണ് സില്‍വര്‍സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുക.
കരുത്തുറ്റ ആങ്കര്‍ നിക്ഷേപം
ബിഎസ്ഇയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം, ഓഹരിയൊന്നിന് 133 രൂപ നിരക്കിലാണ് 14 ആങ്കര്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് കമ്പനി 16.52 ലക്ഷം ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചത്. റേഡിയന്റ് ഗ്ലോബല്‍ ഫണ്ട് (മൗറീഷ്യസ്), എസ്എംസി ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, വിബി ക്യൂബ് വെഞ്ച്വേഴ്സ് ഫണ്ട് എന്നിവ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നായി ആകെ 21.97 കോടി രൂപ സമാഹരിച്ചു.
അടിത്തറ ശക്തം
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 44.85 കോടി രൂപയും നികുതിക്ക് ശേഷമുള്ള അറ്റ ലാഭം 19.10 കോടി രൂപയും ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 31.64 കോടി രൂപയും അറ്റ ലാഭം 9.71 കോടി രൂപയുമായിരുന്നു.
വമ്പന്‍ വികസന പദ്ധതികള്‍
ഐപിഒയില്‍ നിന്ന് ലഭിക്കുന്ന തുക ലഖ്നൗവില്‍ പുതിയ സ്നോ പാര്‍ക്കും ഫാമിലി എന്റര്ടെയ്ന്മെന്റ് സെന്ററുംസ്ഥാപിക്കുന്നതിനും കേരളത്തിലെ അതിരപ്പിള്ളി തീം പാര്‍ക്ക് വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമാവും പ്രധാനമായും വിനിയോഗിക്കുക. പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഈ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
‘ഐപിഒയില്‍ നിന്ന് ലഭിക്കുന്ന തുക ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാനും, പുതിയ ആകര്ഷണങ്ങള് അവതരിപ്പിക്കാനും, നിലവിലുള്ള വിനോദകേന്ദ്രങ്ങള്‍ നവീകരിക്കാനും, സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം ഒരുക്കാനും സഹായിക്കും,’ സില്‍വര്‍സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഷാലിമാര്‍ എ ഐ പറഞ്ഞു.
‘സില്‍വര്‍ സ്റ്റോം’, ‘സ്നോ സ്റ്റോം’ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ കേരളത്തിലെ അതിരപ്പിള്ളിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലും സംയോജിത വിനോദ-അമ്യൂസ്മെന്റ് കേന്ദ്രങ്ങളാണ് കമ്പനി നടത്തുന്നത്. അതിരപ്പള്ളിയില്‍ നിലവിലെ ആകര്‍ഷണങ്ങള്‍ക്കൊപ്പം കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഈ ഓണത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരിക്കുകയാണ് സില്‍വര്‍സ്റ്റോം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




