അതിരപ്പിള്ളി ആസ്ഥാനമായുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് ഓപ്പറേറ്ററായ സില്‍വര്‍സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണം നേടി. ജൂലൈ 28 ന് അവസാനിച്ച മൂന്ന് ദിവസത്തെ ബിഡ്ഡിംഗ് കാലയളവില്‍ ഐപിഒ 1.84 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 45.46 ലക്ഷം ഓഹരികളാണ് കമ്പനി വില്‍പ്പനയ്ക്ക് വെച്ചത്. 83.85 ലക്ഷം ഓഹരികള്‍ക്ക് ബിഡുകള്‍ വന്നു. ആകെ 1,814 അപേക്ഷകളാണ് ലഭിച്ചത്.
എല്ലാ നിക്ഷേപക വിഭാഗങ്ങളിലും മികച്ച താല്പര്യമാണ് പ്രകടമായത്. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുള്ള വിഭാഗം 2.62 മടങ്ങും യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കുള്ള (ക്യുഐബി) വിഭാഗം 1.81 മടങ്ങും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയില്‍ വിഭാഗത്തില്‍ 1.41 മടങ്ങ് സബ്സ്ക്രിപ്ഷന് ലഭിച്ചു.
ഐപിഒ ഓഹരികളുടെ അലോട്ട്മെന്റ് ജൂലൈ 29 ന് നടക്കും. കമ്പനിയുടെ ഓഹരികള്‍ ജൂലൈ 31 ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യും.
ഐപിഒയ്ക്ക് മുമ്പ് തന്നെ കമ്പനി 14 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 21.97 കോടി രൂപ സമാഹരിച്ചിരുന്നു. അര്ത്ഥ് എഐഎഫ് ഗ്രോത്ത് ഫണ്ട്, വിബിക്യൂബ് വെഞ്ച്വേഴ്സ്, കിംഗ്സ്മാന് വെല്‍ത്ത് ഫണ്ട്, 31 ഡിഗ്രീസ് നോര്‍ത്ത് ഫണ്ട്, എസ്എംസി ഇന്ത്യ ഓപ്പര്‍ച്യുനിറ്റീസ് ഫണ്ട് എന്നിവയാണ് പ്രധാന ആങ്കര്‍ നിക്ഷേപകര്‍.
നിക്ഷേപകര്‍ക്ക് കോടികളുടെ വളര്‍ച്ചാ സാധ്യതയോ?
കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളി സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് ഇന്ത്യയിലുടനീളം തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടാണ് ഐപിഒ കൊണ്ടുവന്നത്. ഐപിഒ വഴി 82.43 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. നിലവില്‍ കമ്പനിയുടെ പ്രധാന വരുമാനം കേരളത്തിലെ അതിരപ്പിള്ളി വാട്ടര്‍ പാര്‍ക്കില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പുതിയ സ്നോ പാര്‍ക്കും ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററും സ്ഥാപിക്കുകയാണ്. ഇത് ഉത്തരേന്ത്യന്‍ വിപണിയിലേക്ക് കടക്കാനും, ഒരു സംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന റിസ്ക് കുറയ്ക്കാനും സഹായിക്കും.
പുതിയ ആര്ഷണങ്ങളും വികസനവും
സില്‍വര്‍സ്റ്റോമിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി 25 പുതിയ റൈഡുകള്‍ അവതരിപ്പിക്കുന്നു.
അതിരപ്പിള്ളിയില്‍ 1.2 കി.മീ നീളമുള്ള കേബിള്‍ കാര്‍ പദ്ധതിയും ‘ഫോറസ്റ്റ് വില്ലേജ്’ മാതൃകയിലുള്ള വികസനവും നടപ്പിലാക്കുന്നു.
ഇത് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും, വരുന്നവര്‍ പാര്‍ക്കില്‍ ചിലവഴിക്കുന്ന സമയവും പണവും കൂട്ടാനും സഹായിക്കും.
മികച്ച സാമ്പത്തിക വളര്‍ച്ച
കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വന്‍ വളര്‍ച്ചയാണുള്ളത്.
2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 42% വര്‍ദ്ധിച്ചു.
കമ്പനിയുടെ അറ്റാദായം 97% വളര്‍ച്ച കൈവരിച്ചു.
ഐപിഒ പണം പൂര്‍ണ്ണമായും ബിസിനസ്സ് വളര്‍ച്ചയ്ക്ക്
ഈ ഐപിഒ വഴി സമാഹരിക്കുന്ന 82.43 കോടി രൂപ കമ്പനിയുടെ വളര്‍ച്ചയ്ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ഉടമസ്ഥര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണമാക്കുകയല്ല ചെയ്യുന്നത്. അതിനാല്‍ ഐപിഒ വഴി ലഭിക്കുന്ന പണം പൂര്‍ണ്ണമായും ബിസിനസ്സ് വലുതാക്കാനാണ് ഉപയോഗിക്കുന്നത്.
അപകട സാധ്യതകള്‍ ഉണ്ടോ?
ടൂറിസം ബിസിനസ്സ് ആയതിനാല്‍ മഴക്കാലവും കാലാവസ്ഥാ വ്യതിയാനങ്ങളും വരുമാനത്തെ ബാധിച്ചേക്കാം.പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുമ്പോള്‍ പണികള്‍ പൂര്‍ത്തിയാകാന്‍ വൈകിയാല്‍ അത് ലാഭത്തെ ബാധിക്കാം.അതുപോലെ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍, സാധാരണഓഹരികളെ അപേക്ഷിച്ച് പെട്ടെന്ന് വാങ്ങി വില്ക്കാന് ബുദ്ധിമുട്ടായേക്കാം. എന്നാല്‍ ബിസിനസ്സ് വിപുലീകരണവും നല്ല സാമ്പത്തിക അടിത്തറയും ഉള്ളതുകൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഒരു കമ്പനിയാണിത്.




