രാജ്യത്തിന്റെ സമുദ്രസുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സുപ്രധാന നേട്ടമായി, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മിച്ച ഏഴാമത് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റായ ‘മച്ചിലിപട്ടണം’ വിജയകരമായി നീറ്റിലിറക്കി. കൊച്ചിന് ഷിപ്പ്യാര്ഡില് നടന്ന ചടങ്ങില്‍ നാവികസേന വൈസ് അഡ്മിറല്‍ അതുല്‍ ആനന്ദിന്റെ പത്നി ഗൂല്രുഖ് ആനന്ദ് കപ്പലിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. വൈസ് അഡ്മിറല്‍ അതുല്‍ ആനന്ദ് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ നാവികസേനയ്ക്കായി കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മ്മിക്കുന്ന എട്ട് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ഏഴാമത്തേതാണ് ‘മച്ചിലിപട്ടണം’. പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍ രാജ്യത്തിന്റെ പ്രതിരോധമേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ മറ്റൊരു സുപ്രധാന നേട്ടമാണ്.
78 മീറ്റര്‍ നീളവും ഏകദേശം 900 ടണ്‍ ഭാരവുമുള്ള കപ്പലിന് മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. പരമാവധി 1,800 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ സമുദ്രാന്തര്‍ ഭാഗത്തെ നിരീക്ഷണത്തിനും അന്തര്‍വാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാര്‍ സംവിധാനങ്ങളും മറ്റ് നൂതന സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണാര്‍ത്ഥമാണ് കപ്പലിന് ‘മച്ചിലിപട്ടണം’ എന്ന പേര് നല്‍കിയിരിക്കുന്നത്.
നേരത്തെ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍, ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി, ഐഎന്‍എസ് മഗ്ദല എന്നീ ആറ് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ വിജയകരമായി നീറ്റിലിറക്കിയിരുന്നു.
ഇന്ത്യന്‍ നാവികസേനയുടെയും കൊച്ചിന് ഷിപ്പ്യാര്ഡിന്റെയും സഹകരണത്തിലൂടെ നിര്‍മ്മിച്ചുവരുന്ന ഈ ശ്രേണിയിലെ യുദ്ധക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമുദ്രാന്തര്‍ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിര്‍ണായക പങ്കുവഹിക്കും. ഉയര്‍ന്ന നിലവാരവും സമയബന്ധിതമായ നിര്‍മാണ മികവും കൈവരിച്ചുകൊണ്ട് പ്രതിരോധ കപ്പല്‍നിര്‍മാണ രംഗത്തെ ഇന്ത്യയുടെ ആത്മവിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കൊച്ചിന് ഷിപ്പ്യാര്ഡ്.
നീറ്റിലിറക്കല്‍ ചടങ്ങില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി. ജെ., ഡയറക്ടര്‍മാരായ ഡോ. ഹരികൃഷ്ണന് എസ്. (ഓപ്പറേഷന്‍സ്), രാജേഷ് ഗോപാലകൃഷ്ണന് (ടെക്നിക്കല്‍), റിയര്‍ അഡ്മിറല്‍ ദീപക് സിംഗാള്‍ വി.എസ്.എം., സി.എസ്.ഒ., ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. സി. പാണ്ടി സെല്‍വ ദുരൈ, കപ്പല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച അനുപ് മേനോന് (ഡബ്ല്യുപിഎസ്കൊച്ചി), ദക്ഷിണ നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




