സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ഗ്രാമിന് 13,215 രൂപയും പവന് 1,05,720 രൂപയുമായി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ്.
അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതും അതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്. അതേസമയം, അമേരിക്കൻ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് ഉയർത്താൻ സാധ്യതയില്ലെങ്കിലും സമീപഭാവിയിൽ വീണ്ടും പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകൾ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും സ്വർണവിലയെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും സ്വർണവില ഇടിയാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. ഈ വർഷം ജനുവരി 29ന് പവന് 1,31,160 എന്ന റെക്കോർഡ് ഉയരമാണ് സ്വർണവില രേഖപ്പെടുത്തിയത്. അതിന് മുമ്പ്, കഴിഞ്ഞ ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 1 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.




