ഗംഭീര വളർച്ചയ്ക്കൊരുങ്ങി സിൽവർസ്റ്റോം പാർക്ക്, ഓഹരിവിപണിയിലേയ്ക്ക് ചുവടുവെയ്ക്കുന്നു. അതിരപ്പള്ളി സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IPO) നാളെ മുതൽ ആരംഭിക്കും. 82.43 കോടി രൂപ സമാഹരിക്കാനായി ലക്ഷ്യമിട്ട് കമ്പനി നടത്തുന്ന ഐപിഒയ്ക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. ഓഹരിക്ക് 123 മുതൽ 133 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 31-ന് ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. ആകെ 61.98 ലക്ഷം ഇക്വിറ്റി ഓഹരികളാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിൽ 44.37 ലക്ഷം പുതിയ ഓഹരികളും 17.61 ലക്ഷം ഓഫർ ഫോർ സെയിൽ (OFS) ഓഹരികളും ഉൾപ്പെടും.
മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് വിറ്റഴിക്കാനൊരുങ്ങുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്. ഐപിഒ ഈ മാസം 28 ന് അവസാനിക്കും. തുടർന്ന് ജൂലൈ 31 ന് ബിഎസ്ഇയിലും എൻഎസ്ഇയിലും കമ്പനി ലിസ്റ്റ് ചെയ്യുകയും ചെയ്യും. ചുരുങ്ങിയത് 2000 ഓഹരികൾ വാങ്ങണം. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായും വാങ്ങാം.
ഐപിഒയിലൂടെ ലഭിക്കുന്ന തുക ലഖ്നൗവിൽ സ്നോ പാർക്ക്, ഫാമിലി എന്റർടെയിൻമെന്റ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിനും, നിലവിലെ പാർക്കുകളുടെ നവീകരണത്തിനും, പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ബാങ്ക് വായ്പകളുടെ ഭാഗിക തിരിച്ചടവിനും തുക ഉപയോഗിക്കും. വിവ്രോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. എ.വൈ.എഫ്.ജി. ഇൻ്റിമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
കേരളത്തിലെ അതിരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ്, അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനി 44.85 കോടി രൂപ വരുമാനവും 19.10 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




