ഇന്ത്യക്കും ചൈനക്കുമെതിരെ യുഎസ് കോണ്‍ഗ്രസില്‍ ബില്‍
റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റില്‍ പുതിയ ഉപരോധ ബില്‍. റഷ്യയില്‍നിന്നുള്ള എണ്ണ ഉള്‍പ്പെടെയുള്ള ഇറക്കുമതി തുടരുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള നിര്‍ദേശമാണ് ബില്ലിലുള്ളത്. ഇന്ത്യയെയും ചൈനയെയും തന്നെയാണ് ബില്ലു കൊണ്ട് ലക്ഷ്യമിടുന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ഇന്ധനം പകരുന്നത് ഈ രാജ്യങ്ങളാണെന്നും അമേരിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്ഥാല് പ്രതികരിച്ചു.
ഇറാഖും സൗദിയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക്
പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന് നടത്തിയ അപ്രതീക്ഷിത ആക്രമണശ്രമം തടഞ്ഞെന്ന് അമേരിക്കന്‍ സേന. ജോര്‍ദാനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്കാണ് ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഇറാഖിലെ ഇറാനെ പിന്തുണക്കുന്ന വിഭാഗങ്ങള്‍ക്ക് നേരെ സൗദി അറേബ്യയും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന് തിരിച്ചടിച്ചത്. ഇറാഖ് ഭാഗത്തുനിന്ന് വിക്ഷേപിച്ച ഡ്രോണുകള്‍ സൗദി അറേബ്യ വെടിവെച്ചിട്ടു. ഇതിനിടെ ചൈന ഇറാന് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മേഖലയില്‍ സൈനിക നീക്കങ്ങള്‍ കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിക്ഷേപകരും എണ്ണ വിപണിയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് 4.7 കോടി ആളുകള്‍
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടുമോ? അവസാന തിയതിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വ്യക്തത കാത്ത് നികുതിദായകര്‍. അവസാന ആഴ്ചയില്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ സമയപരിധി നീട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നികുതിദായകര്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇതുവരെ 4.7 കോടി ആളുകള്‍ ഐടിആര്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
ഐടി കരുത്തില്‍ വീണ്ടും വിപണിക്കുതിപ്പ്
ഓഹരി വിപണി ഇന്ന് ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്സ് 888 പോയന്റ് ഉയര്‍ന്ന് 77,654 ല്‍ എത്തി. നിഫ്റ്റി 264 പോയന്റ് മുന്നേറി 24,250 എന്ന ശക്തമായ നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികള്‍ ഇന്നും കരുത്തോടെ മുന്നോറി. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഐടി ഓഹരികളിലെ വ്യാപകമായ വാങ്ങലാണ് വിപണിക്ക് പ്രധാന പിന്തുണയായത്. ഇന്‍ഫോസിസ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 11% മുന്നേറി.
അദാനി പോര്‍ട്സിന് 3,620 കോടി രൂപ അറ്റ ലാഭം
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന് ജൂണ്‍ പാദത്തില്‍ മികച്ച നേട്ടം. അറ്റ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം ഉയര്‍ന്ന് 3,620 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 19 ശതമാനം വര്‍ധിച്ച് 10,821 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ചരക്കിന്റെ വര്‍ധനയും ലോജിസ്റ്റിക്സ് ബിസിനസിന്റെ ശക്തമായ പ്രകടനവുമാണ് സാമ്പത്തിക ഫലങ്ങള്‍ക്ക് കരുത്തായത്. തുറമുഖ, ലോജിസ്റ്റിക്സ് മേഖലയിലെ നിക്ഷേപവും വികസന പദ്ധതികളും കമ്പനി തുടര്‍ന്നും വേഗത്തിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
5 ട്രില്യണ്‍ തൊട്ട് ആപ്പിള്‍
യുഎസ് ടെക് ഭീമനായ ആപ്പിള്‍ ദിന വ്യാപാരത്തിനിടെ 5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം താല്‍ക്കാലികമായി മറികടന്ന് ചരിത്രനേട്ടം കൈവരിച്ചു. ഇതോടെ എന്‍വിഡിയയ്ക്ക് ശേഷം 5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം തൊടുന്ന ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി ആപ്പിള്‍ മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങളിലേക്കുള്ള ചുവടുവെപ്പും ഐഫോണ്‍, സേവന ബിസിനസുകളിലെ വളര്‍ച്ചയും ഓഹരിക്ക് ശക്തമായ പിന്തുണ നല്കി.




