കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതടക്കമുള്ള അനുകൂല ഘടകങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായത്. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റിലധികം മുന്നേറിയപ്പോൾ, നിഫ്റ്റി 24,000 നിലവാരത്തിലേക്ക് അടുക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശമിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിനടുത്തെത്തി. എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും രാജ്യത്തെ വിലക്കയറ്റ സമ്മർദം ലഘൂകരിക്കുന്നതിനും സഹായകമാകുമെന്ന പ്രതീക്ഷയാണ് വിപണിക്ക് ഉണർവ് നൽകിയത്.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യവും ശക്തിപ്പെട്ടു. രൂപ 28 പൈസ ഉയർന്ന് 96.25 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. എണ്ണവിലയിലെ ഇടിവ് രൂപയുടെ മുന്നേറ്റത്തിനും പിന്തുണയായി. ഇന്റർഗ്ലോബ് ഏവിയേഷൻ, ഇൻഫോസിസ്, ശ്രീറാം ഫിനാൻസ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തിൽ പ്രധാന നേട്ടം രേഖപ്പെടുത്തിയത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




