ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരേ ദിശയിലേക്ക് ഓടുകയാണ്… സ്വര്‍ണ വായ്പ! ഇപ്പോള്‍ ആ മത്സരത്തിലേക്ക് ടാറ്റാ ക്യാപിറ്റലും ശക്തമായി ഇറങ്ങിയിരിക്കുകയാണ്. ഇത് വെറും ഒരു പുതിയ ബിസിനസ് വിപുലീകരണമാണോ? അതോ ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തില്‍ രൂപംകൊള്ളുന്ന അടുത്ത വലിയ മാറ്റത്തിന്റെ സൂചനയോ?
ടാറ്റയുടെ ‘യോഗം’
തൃശൂരെ അന്തിക്കാട് 1991 ല്‍ യോഗക്ഷേമം കുറീസ് ആന്‍ഡ് ലോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം 2000-01 ലാണ് എന്‍ബിഎഫ്സി ലൈസന്‍സ് നേടിയത്. അതോടെ യോഗക്ഷേമം ലോണ്‍സ് അഥവാ യോഗ ലോണ്‍സ് ആയി മാറി. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 162 ശാഖകളും 32,000-ത്തിലധികം ഉപഭോക്താക്കളുമുള്ള സ്ഥാപനം. 708 കോടി രൂപയുടെ ആസ്തികളാണ് യോഗ ലോണ്‍സ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 85 ശതമാനവും ഗോള്‍ഡ് ലോണുകളാണ്. രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്സിയായ ടാറ്റാ ക്യാപിറ്റലിനെ ആകര്‍ഷിച്ചതും ഈ ഘടകമാണ്. സ്വര്‍ണ വായ്പാ ബിസിനസ് അതിവേഗം വിപുലീകരിക്കാനുള്ള പദ്ധതികളാണ് ടാറ്റ കാപ്പിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളം പ്രത്യേക ഗോള്‍ഡ് ലോണ്‍ ശാഖകള്‍ ആരംഭിക്കുന്നതിനൊപ്പം ഡിജിറ്റല്‍ ലോണ്‍ വിതരണവും ശക്തിപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഈ നീക്കത്തിന്റെ ഭാഗമായാണ് യോഗ ലോണ്‍സിന്റെ ഏറ്റെടുക്കല്‍. യോഗ ലോണ്‍സിന്റെ 88.65 ഓഹരികളാണ് ടാറ്റ കാപ്പിറ്റല്‍ സ്വന്തമാക്കുക. ഈ ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യയില്‍ വര്‍ഷങ്ങളായി സ്വര്‍ണ വായ്പാ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് ശക്തമായ മത്സരം ഉയരുകയാണ്.
പക്ഷേ, എന്താണ് എല്ലാ ബാങ്കുകളും എന്‍ബിഎഫ്സികളും ഈ മേഖലയിലേക്ക് ഇത്ര അഗ്രസീവായി നീങ്ങാന്‍ കാരണം?
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണനിധി
വിവിധ പഠനങ്ങള്‍ പ്രകാരം, ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം ഏകദേശം 25,000 ടണ്‍ സ്വര്‍ണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരങ്ങളിലൊന്നാണിത്. അതിലെ ചെറിയൊരു വിഹിതം പോലും വായ്പാ ആസ്തിയായി മാറിയാല്‍, അത് ലക്ഷക്കണക്കിന് കോടി രൂപയുടെ ധനവിപണിയാകും. നിലവില്‍ വെറും 10% സ്വര്‍ണം മാത്രമാണ് ഇത്തരത്തില്‍ പ്ലെഡ്ജ് ചെയ്ത് പണമാക്കി മാറ്റിയിരിക്കുന്നത്. ശേഷിക്കുന്ന 90% സ്വര്‍ണവും നിഷ്ക്രിയ ആസ്തിയായി ലോക്കറുകളിലും അലമാരകളിലും വെറുതെ ഇരിക്കുന്നു. വലിയൊരു വിപണിയാണ് ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് വ്യക്തം.
ഗോള്‍ഡ് ലോണുകളിലേക്ക് സ്ഥാപനങ്ങള്‍ ആവേശത്തോടെ കടന്നുവരാനുള്ള മറ്റൊരു പ്രധാന കാരണം, സ്വര്‍ണ വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ വായ്പാ ഉല്‍പ്പന്നങ്ങളിലൊന്നാണ് എന്നതാണ്. വായ്പയ്ക്ക് ഈടായി സ്വര്‍ണം ലഭിക്കുന്നതിനാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ ലേലം നടത്തി പണം വീണ്ടെടുക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ മേഖലയിലെ എന്‍പിഎ നിരക്ക് മറ്റ് വായ്പകളെ അപേക്ഷിച്ച് വളരെ താഴ്ന്ന നിലയിലാണ്.
ഇപ്പോള്‍ ഈ മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് സ്വര്‍ണവിലയിലെ കുതിപ്പാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നതോടെ, സ്വര്‍ണത്തിന് മുമ്പത്തേക്കാള്‍ കൂടുതല്‍ വായ്പാ മൂല്യം ലഭിക്കുന്നു. അതിനാല്‍, സ്വര്‍ണം വില്‍ക്കാതെ തന്നെ അതിനെ സാമ്പത്തിക ആസ്തിയാക്കി മാറ്റുകയാണ് കുടുംബങ്ങള്‍.
ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗ്രാമീണ ഇന്ത്യയാണ്. കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് അടിയന്തരമായി പണം ആവശ്യമാകുമ്പോള്‍, കുറഞ്ഞ രേഖകളും അതിവേഗ അനുമതിയും ലഭിക്കുന്ന സ്വര്‍ണ വായ്പയാണ് പലപ്പോഴും ആദ്യത്തെ ചോയ്സ്.
സ്വര്‍ണ വായ്പകള്‍ തിളങ്ങുന്നു
2025 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ വായ്പകള്‍ 69 ശതമാനവും, 2026-ല്‍ 84 ശതമാനവും വളര്‍ന്നു. 2023-ല്‍ 6.3 ലക്ഷം കോടി രൂപ മാത്രമായിരുന്ന ഇന്ത്യയുടെ സ്വര്‍ണ വായ്പാ വിപണി, 2026 മാര്‍ച്ചോടെ ഏകദേശം 19.4 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ശരാശരി വായ്പാ തുകയും 98,000 രൂപയില്‍ നിന്ന് 1.96 ലക്ഷം രൂപയായി ഇരട്ടിച്ചു. വായ്പയെടുക്കുന്നവരുടെ സാമ്പത്തിക ശേഷിയും ആത്മവിശ്വാസവും ഉയരുന്നതിന്റെ സൂചനയാണിത്.
സിബില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ മൊത്തം റീട്ടെയില്‍ വായ്പകളില്‍ 11.1 ശതമാനവും ഇപ്പോള്‍ സ്വര്‍ണ വായ്പകളാണ്. നിലവില്‍ സ്വര്‍ണ വായ്പകളുടെ 58 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ കൈവശമാണ്. അതേസമയം മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് എംക്രെഡ്, ഐഐഎഫ്എല്് തുടങ്ങിയ എന്‍ബിഎഫ്സികളും അതിവേഗം വളരുകയാണ്. ക്രെഡിറ്റ് ബ്യൂറോയായ എക്സ്പീരിയന്റെ കണക്കുകള്‍ പ്രകാരം, 2026 മാര്‍ച്ചോടെ എന്‍ബിഎഫ്സികളുടെ സ്വര്‍ണ വായ്പാ വിഹിതം 20 ശതമാനത്തോളമെത്തിയിരിക്കുന്നു.
അവസരം തിരിച്ചറിഞ്ഞ് നിക്ഷേപകര്‍
ഈ സാധ്യത തിരിച്ചറിഞ്ഞ് ആഗോള നിക്ഷേപകരും രംഗത്തുണ്ട്. ആഗോള നിക്ഷേപക സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ അടുത്തിടെ മണപ്പുറം ഫിനാന്‍സിലെ ഓഹരി പങ്കാളിത്തം 41.7 ശതമാനമായി ഉയര്‍ത്തി. അതുപോലെ, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് പോള്‍ മെര്‍ച്ചന്റ്സ് ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ, കമ്പനിയുടെ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 1,350 കോടി രൂപയില്‍ നിന്ന് 3,829 കോടി രൂപയായി ഉയര്‍ന്നു. ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആലോചന നടത്തുന്ന മറ്റൊരു പ്രധാന കമ്പനി സുന്ദരം ഫിനാന്‍സാണ്. പ്രമുഖ നിക്ഷേപകനും ഡിമാര്‍ട്ട് ഉടമയുമായ രാധാകൃഷ്ണ ദമാനി അടുത്തിടെ സുന്ദരം ഫിനാന്‍സിന്റെ 2.37% ഓഹരികള്‍ വാങ്ങിയതും ഗോള്‍ഡ് ലോണുകളിലേക്ക് കൂടി കടന്നുവരാനുള്ള കമ്പനിയുടെ ഭാവി പദ്ധതികള്‍ വിലയിരുത്തിയാണ്.
സാധാരണക്കാര്‍ക്കും അവസരം
അതുകൊണ്ട് ടാറ്റാ ക്യാപിറ്റലിന്റെ ഈ നീക്കം ഒരു സാധാരണ കോര്‍പ്പറേറ്റ് വാര്‍ത്തയല്ല. ഇന്ത്യയിലെ വീടുകളുടെ ലോക്കറുകളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന സ്വര്‍ണം, ഇനി രാജ്യത്തിന്റെ അടുത്ത വലിയ ക്രെഡിറ്റ് എഞ്ചിനായി മാറുകയാണ് എന്നതിന്റെ ശക്തമായ സൂചന കൂടിയാണിത്. രണ്ട് അവസരങ്ങളാണ് സാധാരണക്കാര്‍ക്കായി ഈ സാഹചര്യം ഒരുക്കുന്നത്. ആദ്യത്തേത് മികച്ച എന്‍ബിഎഫ്സികളില്‍ നിന്ന് ആകര്‍ഷകമായ നിരക്കില്‍ സ്വര്‍ണ വായ്പകള്‍ സ്വന്തമാക്കാം. അങ്ങനെ ഒരു ഡെഡ് ഇന്‍വെസ്റ്റ്മെന്റ് ആകാതെ നിങ്ങളുടെ സ്വര്‍ണത്തെ പണമാക്കി മാറ്റാം. വേണമെങ്കില്‍ ആ പണത്തെ ഒരു റോളിംഗ് ഇന്വെസ്റ്റമെന്റായി അതായത് മറ്റൊരു ആസ്തിയിലേക്ക് നിക്ഷേപിക്കാം. രണ്ടാമതായി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എന്‍ബിഎഫ്സികളുടെ ഓഹരികള്‍ മികച്ച നിരക്കില്‍ വാങ്ങാം. വരും വര്‍ഷങ്ങളില്‍ ഈ എന്‍ബിഎഫ്സികളുടെ ഗോള്‍ഡ് ലോണ്‍ ബിസിനസ് നന്നായി വളരുമ്പോള്‍ ഓഹരി വിലയും ഉയരും. അതിലൂടെയും നേട്ടം സ്വന്തമാക്കാം. നിക്ഷേപങ്ങള്‍ നിങ്ങളുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായത്തോടെ മാത്രം നടത്തുക.




