ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് ഇ20 ജനതാ പാര്‍ട്ടി
ഇ20 ഇന്ധന നയത്തിനെതിരെ ഇ20 ജനത പാര്‍ട്ടി എന്ന സാമൂഹ്യ മാധ്യമ പേജ് രാജ്യവ്യാപകമായി ‘100% പെട്രോള്‍’ ക്യാംപെയിന് ആരംഭിച്ചു. വാഹന ഉപയോക്താക്കള്‍ക്ക് ഇ20 നിര്‍ബന്ധമാക്കരുതെന്നും, സാധാരണ പെട്രോള്‍ ലഭ്യത ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇ20 നയം വാഹനങ്ങള്‍ക്ക് ദോഷകരമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച കോക്രോച്ച് ജനത പാര്‍ട്ടിയുടെ അതേ മാതൃകയിലാണ് ഇ20 പ്രക്ഷോഭവും തുടങ്ങിവെച്ചിരിക്കുന്നത്. എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
മെറ്റയെയും ഗൂഗിളിനെയും കോടതി കയറ്റാന്‍ ഗഡ്കരി
ഇ20 ഇന്ധന നയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഡീപ്ഫേക്ക് വിഡിയോകളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളായ മെറ്റയ്ക്കും എക്സിനും ഗൂഗിളിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വ്യാജ വീഡിയോയും സന്ദേശങ്ങളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവ ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി.
ഹോര്‍മുസില്‍ ഇപ്പോഴും പിടിയുണ്ടെന്ന് ഇറാന്
അമേരിക്ക-ഇറാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. 13 ദിവസത്തെ ആക്രമണത്തിന് ശേഷം യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന് അവകാശപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ശ്രമിക്കുന്നില്ലെന്നും ടെഹ്റാന് അവകാശപ്പെട്ടു. അതേസമയം എണ്ണ വിലയില്‍ കാര്യമായ ആശ്വാസം ദൃശ്യമാണ്. 100 ഡോളര്‍ തൊട്ട ബ്രെന്റ് ക്രൂഡ് 8 ശതമാനത്തിലേറെ ഇടിഞ്ഞ് 89.24 ഡോളറിലേക്കെത്തി.
വിപണിയില്‍ ആശ്വാസ മുന്നേറ്റം
അമേരിക്ക-ഇറാന് സംഘര്‍ഷത്തില്‍ താല്‍ക്കാലിക ശമനമുണ്ടായതും ആഗോള വിപണികളിലെ അനുകൂല സൂചനകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്സ് 600 പോയിന്റിലേറെ ഉയര്‍ന്നപ്പോള്‍, നിഫ്റ്റി വീണ്ടും 23,950 നിലവാരത്തിന് മുകളിലെത്തി. ബാങ്കിംഗ്, ഐടി, ധനകാര്യ ഓഹരികളിലുണ്ടായ ശക്തമായ വാങ്ങലാണ് വിപണിയെ മുന്നോട്ട് നയിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവിലയും ഉയര്‍ന്നു. 1.25% ഉയര്‍ന്ന് 4,103 ഡോളറാണ് ഇന്നത്തെ വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 13,370 രൂപയിലെത്തി. പവന് 680 രൂപ വര്‍ധിച്ച് 1,06,960 രൂപയാണ് ഇന്നത്തെ വില.
ഇന്ത്യയെ ഡ്രോണ്‍ ഹബ്ബാക്കുമെന്ന് കേന്ദ്രം
ഇന്ത്യയെ ആഗോള നിലവാരമുള്ള ഡ്രോണ്‍ ഹബ്ബായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയതായി കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. ഭാവിയിലെ യുദ്ധങ്ങളിലും ആഭ്യന്തര സുരക്ഷയിലും ഡ്രോണുകള്‍ക്കും ആളില്ലാ സംവിധാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടാകുമെന്നതിനാല് സ്റ്റാര്‍ട്ടപ്പുകള്‍, സ്വകാര്യ കമ്പനികള്‍, തദ്ദേശീയ നിര്‍മ്മാതാക്കള്‍ എന്നിവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വേഗത്തിലുള്ള പ്രതിരോധ സംഭരണം, ഗവേഷണ-വികസനം, ആഭ്യന്തര ഉല്‍പ്പാദനം എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്കി ഇന്ത്യയെ ആഗോള ഡ്രോണ്‍ നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി ഉയര്‍ത്താനാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. 2030 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ഇന്ത്യ അനായാസം കൈവരിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.




