നമ്മള് ദിവസവും ഉപയോഗിക്കുന്ന ആധാര്‍ സംവിധാനം സൃഷ്ടിക്കാന്‍ നേതൃത്വം നല്കിയ വ്യക്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍. ഇപ്പോഴിതാ രാജ്യത്തെ പരീക്ഷാ സംവിധാനത്തെ അഴിമതിമുക്തവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കാനുള്ള വലിയ ദൗത്യം അദ്ദേഹത്തിന്റെ കൈകളിലെത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് വലിയ ദേശീയ ദൗത്യങ്ങളെത്തുമ്പോഴെല്ലാം സര്‍ക്കാര്‍ വീണ്ടും വീണ്ടും നന്ദന് നിലേക്കനിയെ സമീപിക്കുന്നത്?
ഇന്‍ഫോസിസ് എന്ന തുടക്കം
1981-ല്‍ എന്‍ ആര് നാരായണ മൂര്‍ത്തിയും മലയാളികളായ ക്രിസ് ഗോപാലകൃഷ്ണനും ഷിബുലാലും അടക്കം ആറ് പേരുമായി ചേര്‍ന്നാണ് നന്ദന് നിലേക്കനി ഇന്‍ഫോസിസിസ് സ്ഥാപിക്കുന്നത്. ആഗോള ഐടി ബ്രാന്‍ഡിലേക്കുള്ള ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 2009-ല്‍ അദ്ദേഹം കമ്പനിയില്‍ നിന്ന് മാറി ഇന്ത്യയുടെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ (യുഎഡിഎഐ) ആദ്യ ചെയര്‍മാനായി ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ പദ്ധതിയായ ആധാര്‍ അങ്ങനെ യാഥാര്‍ഥ്യമായി. ഇന്ന് 140 കോടിയിലധികം ഇന്ത്യക്കാരുടെ ഡിജിറ്റല്‍ ഐഡന്റിറ്റിക്ക് അടിത്തറയായ സംവിധാനമാണ് ആധാര്‍.
ഇപ്പോള്‍ വീണ്ടും ദേശീയ പ്രാധാന്യമുള്ള മറ്റൊരു ഉത്തരവാദിത്വമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. രാജ്യത്ത് പരീക്ഷാ ചോര്‍ച്ചകളും ക്രമക്കേടുകളും വിവാദമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല പരീക്ഷാ പരിഷ്കാര ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷനായി നന്ദന് നിലേക്കനി നിയമിക്കപ്പെട്ടിരിക്കുന്നു. പരീക്ഷാ സംവിധാനം കൂടുതല്‍ വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യാ അധിഷ്ഠിതവുമാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) പ്രവര്‍ത്തനം ഉള്‍പ്പെടെ സമഗ്രമായ പരിഷ്കാര നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിക്കുക.
2.4 ബില്യണ്‍ ഡോളര്‍ ആസ്തി
ഇന്ത്യയുടെ ടെക് മേഖലയിലെ ഈ അതികായന്റെ ആസ്തി കൂടി പരിശോധിക്കാം. ഫോര്‍ബ്സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം നന്ദന് നിലേക്കനിയുടെ ആസ്തി ഏകദേശം 2.4 ബില്യണ്‍ യുഎസ് ഡോളര്‍, അഥവാ ഏകദേശം 20,000 കോടി രൂപയിലധികമാണ്. ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ലോകത്തെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലും ഇന്ത്യയിലെ പ്രമുഖ ശതകോടീശ്വരന്മാരുടെ പട്ടികയിലും അദ്ദേഹത്തിന് ഇടമുണ്ട്.
എന്നാല്‍ നിലേക്കനിയെ വ്യത്യസ്തനാക്കുന്നത് സമ്പത്ത് മാത്രമല്ല. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമാണ്. ഭാര്യ രോഹിണി നിലേക്കനിയുമൊത്ത് നിരവധി സാമൂഹിക പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണ നല്കുന്നു. ഐഐടി ബോംബെ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായങ്ങളും നല്കിവരുന്നു. കൂടാതെ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിക്കൊണ്ട് ഇന്ത്യയുടെ യുവ സംരംഭകരെയും അദ്ദേഹം പിന്തുണക്കുന്നു.
ആധാര്‍ വഴി ഇന്ത്യയുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനത്തിന് അടിത്തറ പാകിയ നന്ദന് നിലേക്കനിക്ക് ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിലും അതേ രീതിയിലുള്ള സാങ്കേതിക മാറ്റം കൊണ്ടുവരാനാകുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ഇല്ലാത്ത, വിശ്വാസ്യതയുള്ള പരീക്ഷാ സംവിധാനം സൃഷ്ടിക്കാനായാല്‍ അത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ നേരിട്ട് സ്വാധീനിക്കുന്ന ചരിത്രപരമായ പരിഷ്കാരമാകും. ഒരു ടെക് സംരംഭകനപ്പുറം ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ മുഖമായി മാറിയ അദ്ദേഹം, ഇനി രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെയും പുതിയ ദിശയിലേക്ക് നയിക്കുമോയെന്നതാണ് വലിയ ചോദ്യം.




