കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു നിർണായക നാഴികക്കല്ല് കൂടി പിന്നിടുന്നു. കപ്പൽ വഴിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾക്ക് പിന്നാലെ ഇനി കരമാർഗത്തിലൂടെയുള്ള ചരക്ക് നീക്കത്തിനും (EXIM – ഇറക്കുമതി, കയറ്റുമതി) തുറമുഖം സജ്ജമാകുകയാണ്. ഇതോടെ വിഴിഞ്ഞം ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ് മാത്രമല്ല, സമ്പൂർണ അന്താരാഷ്ട്ര വ്യാപാര കവാടമായി മാറുകയാണ്.
ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കരമാർഗ ഗതാഗതം ആരംഭിക്കും. ഇതോടെ കണ്ടെയ്നറുകൾ നേരിട്ട് ട്രക്കുകൾ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് തുറമുഖത്തേക്ക് കൊണ്ടുവരാനും സാധിക്കും. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്ത് പ്രധാനമായും കപ്പലുകൾ തമ്മിലുള്ള കണ്ടെയ്നർ കൈമാറ്റം മാത്രമാണ് നടക്കുന്നത്. കരമാർഗ ചരക്ക് നീക്കവും ആരംഭിക്കുന്നതോടെ ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പുതിയ വ്യാപാര അവസരങ്ങൾ സൃഷ്ടിക്കാനും തുറമുഖത്തിന് സാധിക്കും.
വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ തെക്കൻ തീരത്തെ ആഗോള വ്യാപാര ശൃംഖലയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഇന്ത്യയിലെ വലിയൊരു വിഭാഗം ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകൾ കൊളംബോ, സിംഗപ്പൂർ, ജബൽ അലി തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിച്ചായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞത്തിന്റെ പൂർണ പ്രവർത്തനക്ഷമത ഈ ആശ്രിതത്വം കുറയ്ക്കുകയും ചരക്ക് ഗതാഗത ചെലവും സമയവും കുറയ്ക്കുകയും ചെയ്യും.
വിഴിഞ്ഞത്തെ രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് അടിസ്ഥാനസൗകര്യങ്ങളും അതിവേഗം വികസിച്ചുവരികയാണ്. ദേശീയപാത 66-ന്റെ കരോട്–കന്യാകുമാരി ഭാഗത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തുറമുഖത്തിലേക്കും തിരിച്ചുമുള്ള ട്രക്ക് ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ.
ആഴക്കടൽ സൗകര്യം, അന്താരാഷ്ട്ര കപ്പൽപ്പാതയോടുള്ള സമീപ്യം, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയാൽ വിഴിഞ്ഞം ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്ത് നിർണായക സ്ഥാനമാണ് നേടിയിരിക്കുന്നത്. കരമാർഗ ചരക്ക് നീക്കത്തിനും തുടക്കമാകുന്നതോടെ കേരളത്തിന്റെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുതിയ വളർച്ചാ സാധ്യതകളാണ് തുറന്നുകിട്ടുന്നത്.




